FACT CHECK – ആസാമില്‍ തെരഞ്ഞെടുപ്പിന് ശേഷം പോളിങ് നടന്ന ഇവിഎമ്മുകള്‍ മാറ്റി പുതിയവ വയ്ക്കാന്‍ ശ്രമം നടന്നോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

അസമിലെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട് EVM ഒക്കെ മാറ്റി പുതിയത് വെച്ചിട്ടുണ്ട്.. എന്ന തലക്കെട്ട് നല്‍കി ആസാം രജിസ്ട്രേഷന്‍ ഉള്ള ടാ‌ക്‌സി കാറിന്‍റെ ഡിക്കിയില്‍ ഇവിഎം സൂക്ഷിച്ചിരിക്കുന്ന വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആസാം നിയമസഭ തെര‍ഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടാന്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ കൊണ്ടുവന്നതാണെന്ന് ആരോപിച്ചാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. മുജീബ് റഹ്മാന്‍ എന്‍.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ ഏഴ് റിയാക്ഷനുകളും 50ല്‍ പരം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

Facebook PostArchived Link

എന്നാല്‍ വോട്ട് രേഖപ്പെടുത്തിയ ഇവിഎം മാറ്റി പുതിയത് സ്ഥാപിക്കാന്‍ കൊണ്ടുവന്നത് പിടിക്കപ്പെട്ടതിന്‍റെ വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ വീഡിയോ ഫ്രെയിമുകളും റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്ത് പരിശോധിച്ചെങ്കിലും സംഭവനുമായി ബന്ധപ്പെട്ട് കാര്യമായി വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായില്ല. തുടര്‍ന്ന് ഞങ്ങളുടെ ആസാം പ്രതിനിധി (ഫാക്‌ട് ക്രെസെന്‍ഡോ ആസാം) കര്‍ബി ആങ്‌ലോങ് ജില്ലാ പോലീസ് മേധാവി ദേബ്‌ജിത്ത് ദ്യൂരിയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. സംഭവത്തെ കുറിച്ചുള്ള പോലീസിന്‍റെ വിശദീകരണം ഇപ്രകാരമാണ്-

ഏപ്രില്‍ ഒന്നിന് കര്‍ബി ആങ്ലോങ് ജില്ലയില്‍ നടന്ന സംഭവമാണ്. ഇവിഎമ്മിന് കേടുപാടുകള്‍ സംഭവിച്ചാല്‍ പോളിങ് ബുത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള റിസവര്‍‍ഡ‍് ഇവിഎമ്മുകളായിരുന്നു ഇവ. ജനങ്ങളുടെ തെറ്റ്ദ്ധാരണയാണ് വീഡിയോയുടെ ആധാരമെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ച് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തെന്നും എസ്‌പി ദേബ്‌ജിത്ത് ദ്യൂരി പറഞ്ഞു.

വോട്ടിങ് യന്ത്രിത്തില്‍ ഏതെങ്കിലും തരത്തില്‍ തകരാറുകള്‍ സംഭവിച്ചാല്‍ മുന്‍കരുതല്‍ എന്നവണ്ണം പകരത്തിനായി സൂക്ഷിക്കുന്നവയാണ് റിസവര്‍ഡ‍് ഇവിഎം എന്നും ഇവയില്‍ വോട്ട് രേഖപ്പെടുത്താത് കൊണ്ട് തന്നെ കൃത്യമായ സുരക്ഷാ സംവിധാനത്തിന്‍റെ അകമ്പടിയോടെയും മാനദണ്ഡപ്രകാരവും സുരക്ഷിതമായി കേന്ദ്രങ്ങളിലേക്ക് തിരികെ കൊണ്ടുപോകുമെന്നും ആലപ്പുഴ ആര്‍ഡ‍ിഒ ഇലാക്യ.എസ് പറഞ്ഞു.

നിഗമനം

ആസാമില്‍ തെരഞ്ഞെടുപ്പിന് ശേഷം സൂക്ഷിച്ചിരുന്ന റിസര്‍വ്‌ഡ് ഇവിഎമ്മുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന വാഹനത്തിന്‍റെ വീഡിയോയാണ് പോള്‍ ചെയ്ത യന്ത്രങ്ങള്‍ മാറ്റി അട്ടമറിക്ക് ശ്രമം എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. സംഭവം നടന്ന കര്‍ബി അങ്ലോങ്ങ് ജില്ലാ പോലീസ് മേധാവി തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ആസാമില്‍ തെരഞ്ഞെടുപ്പിന് ശേഷം പോളിങ് നടന്ന ഇവിഎമ്മുകള്‍ മാറ്റി പുതിയവ വയ്ക്കാന്‍ ശ്രമം നടന്നോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False