FACT CHECK – ഉപ്പ് പൊടിയിലെ മാരക വിഷം കണ്ടെത്താനുള്ള പരീക്ഷണമാണോ ഇത്? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

ശാസ്ത്രീയ പരീക്ഷണങ്ങളും കൗതുകങ്ങളുമൊക്കെയായി നിരവധി യൂട്യൂബ് ചാനലുകള്‍ മലയാളികള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലൊരു വ്ളോഗറിന്‍റെ പരീക്ഷണ വീഡിയോ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. നമ്മള്‍ ദൈനംദിനം ഉപയോഗിക്കുന്ന ഉപ്പ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന്‍റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഉപ്പിലുള്ള വിഷാംശം കണ്ടെത്താനുള്ള പരീക്ഷണമെന്ന പേരിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് ഗ്ലാസുകളിലേക്ക് നാരങ്ങ നീര് ഒഴിക്കുകയും പിന്നീട് കുറച്ച് കഞ്ഞിവെള്ളം ഒഴിക്കുകയും ഒടുവില്‍ ഒരു ഗ്ലാസിലേക്ക് കല്ലുപ്പും മറ്റൊന്നിലേക്ക് പൊടി ഉപ്പും ചേര്‍ക്കുന്നു. പൊടി ഉപ്പ് ചേര്‍ത്ത ഗ്ലാസിലെ ലായനിയുടെ നിറം നീലയായി മാറുന്നു. കല്ലുപ്പിട്ട ഗ്ലാസില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. പൊടി ഉപ്പിലെ വിഷാംശമാണ് നീല നിറത്തില്‍ കാണുന്നതെന്നും അതുകൊണ്ട് എല്ലാവരും കല്ലുപ്പ് ഉപയോഗിക്കണമെന്നുമാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് കഴിച്ചാല്‍ നമ്മള്‍ മരിക്കും.. എന്ന തലക്കെട്ട് നല്‍കി സാന്‍റ് 4 എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 574ല്‍ അധികം റിയാക്ഷനുകളും 239ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പരീക്ഷണത്തിലൂടെ പൊടി ഉപ്പിലെ വിഷാംശമാണോ കണ്ടെത്താന്‍ കഴിച്ചത്? പൊടി ഉപ്പ് യഥാര്‍ത്ഥത്തില്‍ ജീവന് ഭീഷണിയുണ്ടാക്കുന്ന വസ്‌തുതവാണോ?എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വീഡിയോയില്‍ കാണിക്കുന്ന പരീക്ഷണത്തിന്‍റെ ശാസ്ത്രീയതയെ കുറിച്ചും യഥാര്‍ത്ഥ്യത്തെ കുറിച്ചും അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ശാസ്ത്ര പ്രഭാഷകനും പ്രഫസറുമായ കെ.അരവിന്ദുമായി ഫോണില്‍ ബന്ധപ്പെട്ടു. വീഡിയോ അദ്ദേഹത്തിന് അയച്ചു നല്‍കുകയും പരിശോധിച്ച ശേഷം ഞങ്ങള്‍ക്ക് നല്‍കിയ മറുപടി ഇപ്രകാരമാണ്-

വീഡിയോയില്‍ കാണുന്നത് പൊടി ഉപ്പില്‍ അടങ്ങിയ അയൊഡിന്‍ കഞ്ഞിവെള്ളത്തിലെ സ്റ്റാര്‍ച്ച് അധവ അന്നജവുമായി ചേരുമ്പോള്‍ ഉണ്ടാകുന്ന രാസമാറ്റമാണ് നീല നിറത്തിന് കാരണമാകുന്നത്. കല്ലുപ്പില്‍ അയഡിന്‍ ഇല്ലാത്തതുകൊണ്ടാണ് അതിന് നിറം മാറാത്തത്. അതായാത് പൊടി ഉപ്പിലെ അയഡിന്‍ മാത്രമാണ് അതിന്‍റെ നിറം മാറ്റത്തിന് കാരണം. അല്ലാതെ പ്രചരിക്കുന്നത് പോലെ ഇത് വിഷാംശമുള്ളത് കൊണ്ടല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കൂടാതെ ഇതെ പരീക്ഷണം ശാസ്ത്രീയമായ വിശദീകരണത്തോടെ നടത്തുന്ന ഒരു വീഡിയോയും യൂട്യൂബില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മട്രിക്‌സ് ലാബ് മലയാളം എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലും അന്നജവും അയഡിനും ചേരുമ്പോഴുള്ള രാസമാറ്റം തന്നെയാണ് നിറം മാറ്റത്തിന് കാരണമാകുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

മട്രിക്‌സ് ലാബ് മലയാളത്തിന്‍റെ വീഡിയോ-

YouTube Video

നിഗമനം

പ്രചരിക്കുന്ന പരീക്ഷണത്തിലെ രണ്ട് വസ്‌തുക്കളായ കഞ്ഞിവെള്ളത്തിലെയും പൊടി ഉപ്പിലെയും അന്നജവും അയഡിനും ചേരുമ്പോഴുണ്ടാകുന്ന രാസമാറ്റത്തിന്‍റെ ഫലമായിട്ടാണ് നീല നിറം ലായനിയില്‍ കാണുന്നത്. ഇത് അയഡിന്‍റെ സാന്നിദ്ധ്യമാണ് സൂചിപ്പിക്കുന്നത്. അല്ലാതെ ഉപ്പിലെ മാരകമായ വിഷത്തെ തിരിച്ചറിയാന്‍ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഉപ്പ് പൊടിയിലെ മാരക വിഷം കണ്ടെത്താനുള്ള പരീക്ഷണമാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False