FACT CHECK – ആലപ്പുഴ നഗരത്തില്‍ എയര്‍ഫോഴ്‌സ് യുദ്ധകാല അടിസ്ഥാനത്തില്‍ പുതിയ ആശുപത്രി സജ്ജമാക്കിയോ? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

അറിയിപ്പ്

സുഹൃത്തുക്കളെ , ഒരു പ്രത്യേക അറിയിപ്പുണ്ട് ,,, ആലപ്പുഴ നഗര ചത്വരത്തിൽ (പഴയ മുനിസിപ്പൽ മൈതാനം) യുദ്ധകാലാടിസ്ഥാനത്തിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഒരു EMERGENCY HOSPITAL തുറന്നിരിക്കുന്നു . നമ്മുടെ നാട്ടിൽ പകർച്ച വ്യാധികൾ തടയുന്നതിന് വേണ്ടി തുടങ്ങിയിരിക്കുന്ന ആശുപത്രിയിൽ പ്രഗൽഭരായ മിലിട്ടറി Doctors , Nurse , ECG , Injection , Trip , Lab , രോഗികളെ കിടത്തി ചികിൽസിക്കാൻ ഉള്ള സൗകര്യം മുതലായവ ഒരുക്കിയിരിക്കുന്നു . ഓപി സമയം രാവിലെ 8.30 am മുതൽ വൈകുന്നേരം 5.00 pm വരെ . എല്ലാവരും ഈ അവസരം മാക്സിമം ഉപയോഗപ്പെടുത്തുക , എലിപ്പനി പോലെയുള്ള മാരക രോഗങ്ങളിൽ നിന്നും മോചിതരാവുക . ഈ ഒരു വിലപ്പെട്ട അറിവ് മാക്സിമം എല്ലാവരിലും എത്തിക്കുക . ഒന്നായി ഒറ്റക്കെട്ടായി

Sky Landerz Frisbee Team Kerala.. എന്ന പേരിലൊരു സന്ദേശം ഇപ്പോള്‍ വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള എയര്‍ഫോഴ്‌സ് സേവനമാണിതെന്ന പേരില്‍ കൂട്ടിവായിച്ചാണ് പലരും സന്ദേശം പങ്കുവെക്കുന്നത്.

വാട്‌സാപ്പ് പ്രചരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഒരു അടിയന്തര ആശുപത്രി സംവിധാനം ആലപ്പുഴ നഗരത്തിലെ നഗരചത്വരത്തില്‍ ഇപ്പോള്‍ സജ്ജമാക്കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന സന്ദേശത്തിലെ വാചകങ്ങള്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഖലീല്‍ ഫ്രിസ്ബി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഇത് സന്ദേശം ഒരു വീഡിയോ സഹിതം അപ്‌ലോഡ് ചെയ്തിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് 2018 ഓഗസ്റ്റ് 25നാണ് എന്നതാണ് വസ്‌തുത. പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കന്ന സ്കൈലാന്‍‍ഡേഴ്‌സ് എന്ന ഫ്രിസ്ബി ടിം ഭാരവാഹി ഖലീലുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്-

2018ലെ പ്രളയത്തില്‍ ആലപ്പുഴ ജില്ലയില്‍ വലിയ ദുരിതവും നാശനഷ്ടങ്ങളും സംഭവിച്ച സാഹചര്യത്തില്‍ അന്ന് എയര്‍ഫോഴ്‌സ് അടിയന്തര സേവനങ്ങള്‍ക്കായി നഗരചത്വരത്തില്‍ ആരംഭിച്ച ആശുപത്രിയെ കുറിച്ചുള്ള പോസ്റ്റാണിത്.ഇപ്പോള്‍ ആരോ ഇതിലെ ടെക്‌സ്റ്റ് മാത്രം കോപ്പി ചെയ്ത് വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയാണ്. ഇത് വായിച്ചാല്‍ കോവിഡുമായി ബന്ധപ്പെട്ടുള്ള ചികിത്സയ്ക്കായി എയര്‍ഫോഴ്‌സ് നഗരചത്വരത്തില്‍ ആശുപത്രി സജ്ജമാക്കിയതായി തെറ്റ്ദ്ധരിക്കും. ദയവായി ആരും തന്നെ ഈ സന്ദേശം പ്രചരിപ്പിക്കരുതെന്നും ഖലീല്‍ പറഞ്ഞു.

2018ല്‍ ഖലീല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്-

പോസ്റ്റിന്‍റെ      പൂര്‍ണ്ണരൂപം- 

Facebook Post

നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടതില്‍ നിന്നും ഇത് വ്യാജ പ്രചരണമാണെന്നും നഗരചത്വരത്തില്‍ ഇത്തരമൊരു ആശുപത്രി സജ്ജമാക്കിയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

നിഗമനം

2018ലെ പ്രളയ കാലത്ത് ആലപ്പുഴ നഗരത്തില്‍ എയര്‍ഫോഴ്‌സ് അടിയന്തര സാഹചര്യത്തില്‍ സജ്ജമാക്കിയ ആശുപത്രിയെ കുറിച്ചാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നഗരചത്വരത്തില്‍ ഇപ്പോള്‍ ഇത്തരമൊരു സേവനം സജ്ജീകരിച്ചിട്ടില്ലെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ആലപ്പുഴ നഗരത്തില്‍ എയര്‍ഫോഴ്‌സ് യുദ്ധകാല അടിസ്ഥാനത്തില്‍ പുതിയ ആശുപത്രി സജ്ജമാക്കിയോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False