
വിവരണം
തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ച വിഷയം. മരണപ്പെട്ട മുന്‍ എംഎല്‍എയായ പി.ടി.തോമസിന്‍റെ ഭാര്യ ഉമ തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ സിപിഎമ്മും അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ഡോക്‌ടറായ ജോ ജോസഫാണ് സിപിഎമ്മിന്‍റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി.
എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചില പ്രചരണങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. ഇപ്പോള്‍ സിപിഎം പ്രഖ്യാപിച്ച ഡോ. ജോ ജോസഫ് 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 20-20ക്ക് വേണ്ടി എറണാകുളം ജില്ലയിലെ തന്നെ കോതമംഗലം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു എന്നതാണ് പ്രചരണം. ജിതിന്‍ ജിത്തു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 40ല്‍ അധികം റിയാക്ഷനുകളും 32ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോതമംഗലത്ത് ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 20-20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. ജോ ജോസഫിനെ തന്നെയാണോ തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ട്വന്‍റി 20 കിഴക്കമ്പലം എന്ന പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജും സിപിഐഎം കേരളയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജും ഞങ്ങള്‍ പരിശോധിച്ചു. സിപിഎം ഇന്നലെ (മെയ് 5) പ്രഖ്യാപിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്‍റെ ചിത്രവും 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 20-20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ഡോ. ജോ ജോസഫിന്‍റെ ചിത്രവും രണ്ട് പേജുകളില്‍ നിന്നും കണ്ടെത്തി. എന്നാല്‍ ഇവര്‍ രണ്ട് പേരും രണ്ട് വ്യക്തികളാണെന്നതാണ് വസ്‌തുത. ഇരു സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് പോസ്റ്ററുകളാണ് താരതമ്യം ചെയ്തത്. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്‍റെ മരുമകന്‍ കൂടിയാണ് 20-20 കോതമംഗലം സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജോസഫ്. ഇദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ പ്രൊമോഷന്‍ വീഡിയോയും 20-20 കിഴക്കമ്പലം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
തൃക്കാക്കരയില്‍ സിപിഎം പ്രഖ്യാപിച്ച ഇടതുക്ഷ മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് എറണാകുളം വാഴക്കാല സ്വദേശിയാണ്. എഴുത്തുകാരനും സമൂഹ്യപ്രവര്‍ത്തകനുമായ ജോ ജോസഫ് സിപിഎം സഹയാത്രികനും പ്രവര്‍ത്തകനുമാണ്. ഡോ. ജോ ജോസഫിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും അദ്ദേഹം 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് എല്‍ഡിഎഫ് പ്രചരണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു എന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2021ലെ എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കുന്ന ഒരു വീഡിയോയും ഡോ. ജോസഫിന്‍റെ പ്രൊഫൈലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
20-20 കോതമംഗലം സ്ഥാനാര്‍ത്ഥിയായി 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡോ. ജോ ജോസഫ്-
തൃക്കാക്കരയില്‍ സിപിഎം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. ജോ ജോസഫ്-
കോതമംഗലം 20-20 സ്ഥാനാര്‍ത്ഥിയുടെ 2021ലെ തെരഞ്ഞെടുപ്പ് പ്രൊമോ വീഡിയോ-
തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് 2021 നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എറണാകുളത്ത് നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുന്ന വീഡിയോ-
നിഗമനം
20-20 സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡോ. ജോ ജോസഫും ഇപ്പോള്‍ തൃക്കാക്കരയില്‍ ഇടതുക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ജോസഫും രണ്ട് വ്യക്തികളാണെന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരാള്‍ തന്നെയാണ് രണ്ടിടത്തും മത്സരിക്കുന്നതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ട്വന്‍റി-20 സ്ഥാനാര്‍ത്ഥിയായി കോതമംഗലത്ത് മത്സരിച്ച ഡോ. ജോ ജോസഫ് തന്നെയാണോ ഇപ്പോള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
