
വിവരണം
റഷ്യ-യുക്രെയിന് യുദ്ധം അതി ശക്തമായി തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. യുക്രെയിന് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സൈന്യം യുക്രെയിനിന്റെ പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്ത് വന്നിരുന്നു. സോവിയറ്റ് യൂണിയന് കാലം മുതല്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും അതിന്റെ നയതന്ത്ര വിഷയങ്ങളില്‍ പുലര്‍ത്തുന്നതിനാല്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ ചേരിചേര നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ റഷ്യയ്ക്കെതിരെ പ്രമേയം പാസാക്കിയപ്പോഴും വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. അതുകൊണ്ട് തന്നെ ബഹു ഭൂരിപക്ഷം ഇന്ത്യന്‍ ജനതയും റഷ്യയോടൊപ്പം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടയില്‍ റഷ്യയുടെ ആയിരക്കണക്കിന് സൈനികരെയാണ് വധിച്ചതെന്ന അവകാശവാദവുമായി യുക്രെയിന് രംഗത്ത് വന്നിരുന്നു. ഇതൊന്നും ഔദ്യോഗികമായി റഷ്യ സ്ഥിരീകരിച്ചിട്ടുമില്ല. അതെ സമയം യുദ്ധത്തില്‍ മരിച്ച റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ എന്ന പേരില്‍ യുക്രെയിന് ടിവി കെട്ടിചമച്ച ഒരു വീഡിയോ എന്ന പേരിലുള്ള പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്-
യുദ്ധത്തിൽ മരിച്ച റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ എന്ന് പറഞ്ഞു കാണിക്കാനാണ് ഉക്രൈൻ TV ശ്രമിച്ചത് .കൂട്ടത്തിൽ ഒരു മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിൽ ഓക്സിജൻ കിട്ടാതെ ചെറുതായി ഒന്നെണീറ്റ് കിടക്കാൻ നോക്കിയതാണ് ഈ കാണുന്നത് .. ഇതാണ് വെസ്റ്റേൺ ചാനലുകളും നമ്മുടെ മലയാളം ചാനലുകളും കാണിക്കുന്നത്.. എത്രത്തോളം കളവുകളാണ് ഉക്രൈൻ പ്രസിഡന്റ് പുറത്തു വിടുന്നത്.. അക്ബറലി ടി.കെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 52ല്‍ അധികം റിയാക്ഷനുകളും 73ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ യുക്രെയിന് വധിച്ച റഷ്യന്‍ സൈനികരുടെ മൃതദേഹം എന്ന പേരില്‍ യുക്രെയിന് മാധ്യമം നല്കിയ വ്യാജ വാര്‍ത്തയുടെ വീഡിയോയാണോ ഇത്? എന്താണ് ഈ വീഡിയോയ്ക്ക് പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
ആദ്യം തന്നെ വാര്‍ത്ത വീഡിയോയില്‍ കാണുന്ന തലക്കെട്ട് ഗൂഗിള്‍ പരിഭാഷ ചെയ്യുകയാണ് ഞങ്ങള്‍ ചെയ്തത്. WIEN : DEMO GEGEN KLIMAPOLITIK എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്. ഇത് പരിഭാഷ ചെയ്തതില്‍ നിന്നും ലഭിച്ച റിസള്‍ട്ട് ഇങ്ങനെയാണ്- Vienna demo against climate policy അതായത് വീയന്ന : കാലവസ്ഥ നയത്തിനെതിരെ പ്രതീകാത്മക പ്രദര്‍ശനം/പ്രകടനം. ഈ വാചകങ്ങള്‍ ഗൂഗിള്‍ പരിഭാഷയില്‍ ജെര്‍മന്‍ ഭാഷയാണെന്ന് ഓട്ടോമാറ്റിക്കായി തിരച്ചറിഞ്ഞിട്ടുമുണ്ട്. അതായത് യക്രേനിയന്‍ ഭാഷയല്ല ഇതെന്നും വ്യക്തമായി കഴിഞ്ഞു. യൂട്യൂബില്‍ WIEN : DEMO GEGEN KLIMAPOLITIK എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം OE24.TV എന്ന ചാനലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. 2.08 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വാര്‍ത്തയിലെ 21 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ഭാഗമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാര്‍ത്തയുടെ പൂര്‍ണ്ണമായ വീഡിയോയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി രണ്ടു പേര് നില്‍ക്കുന്നതായും കാണാന്‍ കഴിയും. ഒന്നില്‍ Klimaschutzgesetz Gesetze Rettet Leben (Climate protection law saves lives) എന്നും മറ്റൊന്നില്‍ Aktuell Klimapolitik Nicht (Current climate policy not) അതായത് കാലാവസ്ഥ സംരക്ഷണ നിയമത്തിന് ജീവന് രക്ഷിക്കാന്‍ സാധിക്കും, എന്നാല്‍ നിലവിലെ കാലാവസ്ഥ നയത്തിന് അത് കഴിയില്ല എന്നതാണ് പ്ലക്കാര്‍ഡുകളിലെ ജര്‍മന്‍ വാചകങ്ങളുടെ മലയാളം പരിഭാഷ. വിയന്നയിലെ കാലാവസ്ഥ നയത്തിനെതിരെയുള്ള പ്രതീകാത്മക സമരത്തെ കുറിച്ചുള്ള വാര്‍ത്തയാണിതെന്ന് സുവ്യക്തമാണ്. മാത്രമല്ല ഓസ്ട്രിയന്‍ വാര്‍ത്ത ചാനലായ ഒഇ24 ഫെബ്രുവരി 4നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അവരുടെ വെബ്സൈറ്റില്‍ നിന്നും ഈ വാര്‍ത്ത പരിശോധിച്ചതില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചു. റഷ്യ-യുക്രയിന് യുദ്ധം ആരംഭിച്ചതാവട്ടെ ഫെബ്രുവരി 24നും. അതുകൊണ്ട് തന്നെ യുക്രെയിന് ടിവിയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോക്ക് ഇപ്പോള്‍ നടക്കുന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത.
യൂട്യൂബ് സെര്‍ച്ച് റിസള്‍ട്ട്-
പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നവര്‍ (OE24 വെബ്സൈറ്റിലെ സ്ക്രീന്‍ഷോട്ട്)-

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന തീയതി-

കൂടാതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മര്‍വിന്‍ എസ്. ബര്ഗ്വേറിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ വ്യാജ പ്രചരണത്തിനെതിരെ അദ്ദേഹം പ്രതികരണ കുറിപ്പ് പങ്കിട്ടിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഓസ്ട്രിയയില്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം പ്രതി വര്‍ഷം 49 പേര് കാലാവസ്ഥ മാറ്റം മൂലം മരണപ്പെടുന്നുണ്ടെന്നും അതിനിതിരെ നടന്ന പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ തെറ്റായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്നും മര്‍വിന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധിച്ചു.
മര്‍വിന്‍ എസ്. ബര്ഗ്വേറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് (ഇംഗ്ലിഷ് പരിഭാഷ സ്ക്രീന്‍ഷോട്ട്)-

നിഗമനം
ഓസ്ട്രിയയിലെ വിയന്ന നഗരത്തില്‍ കാലാവസ്ഥ മാറ്റ നിയത്തിനെതിരെ നടന്ന പ്രതീക്താമക പ്രതിഷേധത്തെ കുറിച്ച് ഫെബ്രുവരി 4ന് ഓസ്ട്രീയന്‍ ചാനല്‍ നല്കിയ വാര്‍ത്തയാണ് തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 24ന് തുടങ്ങിയ റഷ്യ-യുക്രെയിന് യുദ്ധവുമായി ഈ വാര്‍ത്തയ്ക്ക് യാതൊരു ബന്ധവുമില്ലാ എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:യുക്രയിന് വധിച്ച റഷ്യന്‍ സൈനികര്‍ എന്ന പേരില്‍ യുക്രയിന് ടിവി ചാനല്‍ നല്കിയ വ്യാജ വാര്‍ത്തയുടെ വീഡിയോയാണോ ഇത്? വസ്തുത അറിയാം..
Fact Check By: Dewin CarlosResult: False
