
വിവരണം
Think Over Kerala എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 19 മുതൽ പ്രചരിപ്പിച്ചുവരുന്ന ഒരു വാർത്തയ്ക്ക് വെറും നാല് മണിക്കൂറുകൾ കൊണ്ട് 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “#ചെങ്ങന്നൂർ പുലിയൂരിൽ അമ്മയുടെയും 17 വയസുള്ള മകളുടെയും മാറിടം കടിച്ചു മുറിച്ചു സിപിഎം നരാധമന്മാർ.
ആക്രമണം പുലിയൂർ പഞ്ചായത്തംഗം അമ്പിളിയുടെ സാന്നിദ്ധ്യത്തിൽ പ്രളയ ദുരിതാശ്വാസം സംബന്ധിച്ച തർക്കത്തിനിടയിൽ ആക്രമിച്ചത് സിപിഎം പഞ്ചായത്തംഗത്തിന്‍റെ ഭർത്താവും മകനും ചേർന്ന് വീട്ടിൽ വചിച്ചിരുന്ന ആഭരണങ്ങളും രേഖകളും സിപിഎമ്മുകാർ കവർന്നെടുക്കുകയും വീട്ടുകാർക്ക് ഊരു വിലക്ക് കൽപ്പിക്കുകയും ചെയ്തതായി വീട്ടുകാർ.പരാതി കിട്ടിയിട്ടും നടപടി എടുക്കാതെ പോലീസ്.” എന്നതാണ് പോസ്റ്റിലെ വാർത്ത. ഇതോടൊപ്പം ജനം ടിവി പ്രസിദ്ധീകരിച്ച വാർത്തയുടെ ചില സ്ക്രീൻഷോട്ടുകളും നൽകിയിട്ടുണ്ട്.സ്ക്രീൻഷോട്ടിൽ ചെങ്ങന്നൂരിൽ 17 കാരിക്കും അമ്മയ്ക്കും നേരെ ക്രൂര ആക്രമണം…ആക്രമണം സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകന്‍റെ നേതൃത്വത്തിൽ… ആക്രമണം പ്രളയ ദുരിതാശ്വാസം സംബന്ധിച്ച തർക്കത്തിനിടെ. അമ്മയുടെയും മകളുടെയും മാറിടം കടിച്ചു മുറിച്ചു..” എന്നിങ്ങനെയാണ് സ്ക്രീൻഷോട്ടിൽ നൽകിയിട്ടുള്ളത്.

Archived Link |
സിപിഎം പഞ്ചായത്ത് അംഗത്തിന്‍റെ ഭർത്താവും മകനും ചേർന്ന് അമ്മയുടെയും 17 വയസ്സുള്ള മകളുടെയും മാറിടം കടിച്ചു മുറിക്കുകയും ആക്രമിക്കുകയും ചെയ്തു എന്നാണ് വാർത്തയിലെ അവകാശവാദം.
നമുക്ക് ഈ വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ പരിശോധനയുടെ ആദ്യപടിയായി വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ അന്വേഷിച്ചു നോക്കി. എന്നാൽ ഇതേ വിവരണമുള്ള ഒറ്റ വാർത്ത പോലും ലഭ്യമായില്ല. ജനം ടിവി എന്ന മാധ്യമത്തിന്‍റെ വെബ്‌സൈറ്റിൽ മാത്രമാണ് ഇത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വാർത്തയിൽ പറഞ്ഞിരിക്കുന്ന പ്രധാന അവകാശവാദമായ മാറിടം കടിച്ചു മുറിച്ചു എന്ന വാർത്ത വേറെ മാധ്യമ വിഭാഗങ്ങളൊന്നും പ്രസിദ്ധീകരിച്ചു കണ്ടില്ല.
തുടർന്ന് ഞങ്ങൾ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച് സർക്കിൾ ഇൻസ്പെക്റ്ററുമായി സംസാരിച്ചു. ഈ വാർത്തയിൽ നൽകിയിരിക്കുന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.
“ജൂലൈ 12 നാണു സംഭവം നടന്നത്. യഥാർത്ഥത്തിൽ പഞ്ചായത്ത് അംഗം അമ്പിളിയുടെ ഭർത്താവിന്‍റെ കൈ തല്ലിയൊടിക്കുകയാണുണ്ടായത്. അയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ശസ്ത്രക്രീയ വേണ്ടി വരുമെന്നാണ് അറിഞ്ഞത്. അക്രമത്തെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങൾ അങ്ങോട്ട് പോയി ക്രൈം രെജിസ്റ്റർ ചെയ്യുകയാണുണ്ടായത്. പോലീസ് നടപടി എടുത്തില്ല എന്ന് പറഞ്ഞാൽ എങ്ങനെ സത്യമാകും. ഇതൊരു പരാതി ലഭിച്ചതല്ല. ക്രൈം അറിഞ്ഞു ഞങ്ങൾ അങ്ങോട്ട് പോയി കേസെടുത്തതാണ്. കേസ് സജീവമായി ഫോളോ അപ്പ് ചെയ്യുന്നുണ്ട്. അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. 1867/19, 1868/19 എന്നിങ്ങനെ രണ്ടു കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ ചെറിയ തോതിൽ പൊളിറ്റിക്സ് ഉണ്ട്. എന്നാൽ ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല. രണ്ട് കൂട്ടർക്കും ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും നന്നായി ആക്രമിച്ചു. ഈ വാർത്തയിൽ നൽകിയിരിക്കുന്ന കാര്യങ്ങളൊന്നും മൊഴിയിൽ ഇരു കൂട്ടരും പറഞ്ഞിട്ടില്ല. മാറു കടിച്ചു മുറിച്ചു എന്നൊക്കെ പറയുന്നത് മൊഴിയിൽ ഇല്ലാത്തതും വസ്തുതാ വിരുദ്ധവുമാണ്. ഇതൊക്കെ പുതുതായി ഉയർന്നു വന്ന ആരോപണങ്ങളാണ്. “
തുടർന്ന് ഞങ്ങൾ ഈ സിഐ നല്കിയ വിവരങ്ങളെ അവലംബിച്ചു നടത്തിയ തിരച്ചിലിൽ മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു.
വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

Manorama | Archived Link |
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ്. ജൂലൈ 12 നാണു ആക്രണ സംഭവം നടന്നത്. അത് പോസ്റ്റിൽ പറയുന്നത് പോലെയല്ല. പോലീസ് ഇരു കൂട്ടരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ മാറിടം കടിച്ചു മുറിച്ചു എന്ന പരാമർശം ഇല്ല എന്ന് ചെങ്ങന്നൂർ എസ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സംഭവത്തിന് മുകളില്‍ പോലീസ് രണ്ടു കേസുകള്‍ റെജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയാണ്.
നിഗമനം
ഇ പോസ്റ്റിൽ നൽകിയ വാർത്തയിലെ കാര്യങ്ങൾ പൂർണ്ണമായും തെറ്റാണ്. ചെങ്ങന്നൂരിലെ അക്രമത്തിൽ അമ്മയുടെയും മകളുടെയും മാറിടം കടിച്ചു മുറിച്ചു എന്ന വാദം ചെങ്ങന്നൂർ എസ്‌ഐ നിഷേധിച്ചിട്ടുണ്ട്. അവർ ഇരു കൂട്ടരുടെ പക്കൽ നിന്നും മൊഴിയെടുത്തതിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം വിശദീകരണം നൽകിയത്. പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അല്ലാതെ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ പോലീസ് നടപടി എടുക്കാതെ ഇരിക്കുന്നില്ല. അതിനാൽ പൂർണ്ണമായും അടിസ്ഥാന രഹിതമായ ഈ വാർത്ത ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:ചെങ്ങന്നൂരിൽ അമ്മയുടെയും 17 വയസുള്ള മകളുടെയും മാറിടം സിപിഎം പ്രവർത്തകൻ കടിച്ചു മുറിച്ചു എന്ന വാർത്ത സത്യമോ..?
Fact Check By: Vasuki SResult: False
