ഷാരുഖ് ഖാന്‍ ലതാ മങ്കേഷ്കറിന്‍റെ മൃതദേഹത്തെ അപമാനിച്ചിട്ടില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

വര്‍ഗീയം

ബോളിവുഡ് സുപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ ഭാരത്‌ രത്ന ലതാ മങ്കേഷ്കറിന്‍റെ മൃതദേഹത്തിന്‍റെ മുകളില്‍ തുപ്പി അവരെ അപമാനിച്ചു എന്ന് വാദിച്ച് സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്.

പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. വീഡിയോയില്‍ കാണുന്ന സംഭവം എന്താണെന്ന് നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഷാരുഖ് ഖാനും അദ്ദേഹത്തിന്‍റെ മാനേജറായ പൂജ ദദലാനിയും ലതാ മങ്കേഷ്കറിന് ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നതായി കാണാം. പൂജ കൈ കുപ്പി പ്രാര്‍ഥിക്കുമ്പോള്‍ ഷാരുഖ് ഖാന്‍ ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം ദുവാ ചെയ്യുന്നതായും നമുക്ക് കാണാം. വീഡിയോയുടെ ക്ലാരിറ്റി കുറവാണ്. അവസാനം ഷാരുഖ് ഖാന്‍ മാസ്ക് താഴെ എടുത്ത് ഊതുന്നതായി നമുക്ക് കാണാം. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെ:

“#തുപ്പി ഇടാൻ ആയിരുന്നെങ്കിൽ ഇങ്ങനെ എഴുന്നള്ളണമായിരുന്നോ… 😏😡

#ലതാ #മങ്കേഷ്കറിന്റെ ഭൗതിക ദേഹത്തെ അപമാനിച്ച് ജിഹാദി ഷാരുഖ് ഖാൻ… 😡😡

#ഇജ്ജാതി #ഹലാൽ #തീവ്രവാദി….🤮

ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ നമുക്ക് ഫെസ്ബൂക്കില്‍ കാണാം.

വീഡിയോയില്‍ ഷാരുഖ് ഖാന്‍ യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നത് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

താഴെ നമുക്ക് എന്‍.ഡി.ടി.വിയുടെ വീഡിയോയില്‍ ഷാരുഖ് ഖാന്‍ ലതാ മങ്കേഷ്കറിന് വേണ്ടി ദുവാ ചെയ്ത് പിന്നിട് ഊതുകയാണ് ചെയ്യുന്നത് നമുക്ക് വ്യക്തമായി കാണാം. 

ഷാരുഖ് ഖാന്‍ പ്രാര്‍ഥിച്ചതിന് ശേഷം ലതാ മങ്കേഷകറിന്‍റെ മൃതദേഹത്തെ തൊഴുത് പ്രദക്ഷിണം എടുക്കുന്നതും കാണാം. അദ്ദേഹം ലതാ മങ്കേഷ്കറെ അപമാനിച്ചു എന്നത് തെറ്റാണ്.

ഞങ്ങള്‍ കശ്മീരിലെ ഇസ്ലാം പണ്ഡിതന്‍ ആസിഫ് ഇക്ബാല്‍ ഭട്ടുമായി ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “ഇസ്ലാമില്‍ തുപ്പുന്നത് ഹറാമാണ്. വല്ലവര്‍ക്കും വേണ്ടി സുര്‍ അല്‍ ഷിഫ വായിച്ച് കഴിഞ്ഞാല്‍ അവരുടെ മുകളില്‍ ഊതുന്നതാണ്. വീഡിയോയിലും ഷാരൂഖ്‌ ഖാന്‍ ലതാ മങ്കേഷ്കറിന്‍റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിച്ച് അവരുടെ മുകളില്‍ ഊതുകയാണ്.

ഞങ്ങള്‍ പ്രയാന്‍ ഫൌണ്ടേഷന്‍ എന്ന എന്‍.ജി.ഓയുടെ ചെയര്‍മാനും  ഇസ്ലാമിക് സ്റ്റഡീസില്‍ ഡോക്റ്ററേറ്റ് നേടിയ അദ്ധ്യാപകനുമായ ഡോ. സുബൈര്‍ ഖുദാവിയോട് ഈ വിഷയെത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഇസ്ലാം മതത്തിന്‍റെ പൌരാണിക രൂപത്തിലും സാംസ്കാരികമായ പരിണാമം സംഭവിച്ച ഭാവങ്ങളിലും പ്രാര്‍ഥനയ്ക്ക് ശേഷം തുപ്പുക എന്നൊരു രീതി ഇല്ല. പലയിടത്തും പ്രാര്‍ഥനയ്ക്ക് പ്രാദേശികമായ ഭേദം ഉണ്ടാകും. എന്നാല്‍ ഒരിടത്തും തുപ്പുകയില്ല. രോഗ സൌഖ്യം അല്ലെങ്കില്‍ നന്മ ഉണ്ടാകാനുള്ള പ്രാര്‍ഥനയ്ക്ക് ശേഷം ഇങ്ങനെ ഊതാറുണ്ട്. അതിപ്പോള്‍ തുപ്പുക എന്നു ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്.”

നിഗമനം

ഷാരുഖ് ഖാന്‍ ലതാ മങ്കേഷ്കരുടെ മൃതദേഹത്തിന് മുന്നില്‍ തുപ്പി അവരെ അപമാനിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇസ്ലാമിക പ്രാര്‍ത്ഥന രിതി പ്രകാരം ലതാ മങ്കേഷ്കറിന്‍റെ ആത്മാവിന്‍റെ ശാന്തിക്ക് വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ച് അവരുടെ മുകളില്‍ ഊതുകയാണ്. തുപ്പുന്നത് ഇസ്ലാമില്‍ ഹറാമാണ്.

Avatar

Title:ഷാരുഖ് ഖാന്‍ ലതാ മങ്കേഷ്കറിന്‍റെ മൃതദേഹത്തെ അപമാനിച്ചിട്ടില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False