വിവരണം

ബിജെപി നേതാവും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തു എന്ന പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയിനെതിരെയുള്ള ലാവ്‌ലിന്‍ കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് ഈ തീരുമാനമെന്നതാണ് പ്രചരണത്തിലെ അവകാശവാദം. പോരാളി ഷാജിയുടെ തന്ത എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 143 ല്‍ അധികം റിയാക്ഷനുകളും 41ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

സുരേഷ് ഗോപി, കൊച്ചി മെട്രോ എന്നീ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും 2019ല്‍ മാധ്യമം റിപ്പോര്‍ട്ട് (Archived Link ) ചെയ്ത ഒരു വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. കെഎംആര്‍എലിന്‍റെ സിപിഎസ് ഡേറ്റ അനലറ്റിക്കല്‍ പ്ലാറ്റ്‌ഫോം പദ്ധതി ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മെട്രോയുടെ അന്നത്തെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷ് സുരേഷ് ഗോപി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകാമോ എന്ന താല്‍പര്യ പ്രകടനം നടത്തി. സുരേഷ് ഗോപിയും ഇതിന് അനുകൂലമായ മറുപടി നല്‍കി. എന്നാല്‍ ബിജെപി എംപിയായ സുരേഷ് ഗോപിയെ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ബ്രാന്‍‍ഡ് അംബാസിഡറാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. വിവാദമായതോടെ 2019 ഫെബ്രുവരി 21ന് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും അവര്‍ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചു. പോസ്റ്റിലെ വാചകങ്ങള്‍ ഇപ്രകാരമാണ്-

കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook Post Archived Screenshot

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്ന് എംഡിയായിരുന്ന മുഹമ്മദ് ഹനീഷ് തന്‍റെ വ്യക്തിപരമായ താല്‍പര്യം വാക്കാല്‍ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ സുരേഷ് ഗോപിയെ മെട്രോ ബ്രാന്‍ഡ് അംബാസിഡറായി പരിഗണിക്കുകയും ചെയ്തിട്ടില്ലാ. നിലവില്‍ മുന്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയാണ് കൊച്ചി മെട്രോ എംഡി.

കൊച്ചി മെട്രോ പിആര്‍ഒ ഷെറിന്‍ വില്‍സണുമായി ഫാക്‌ട് ക്രെസെന്‍‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ട് പ്രചരണം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിഗമനം

സംസ്ഥാന സര്‍ക്കാര്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ തീരുമാനമെടുത്തിട്ടില്ലാ എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍‍ഡ് അംബാസിഡറാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False