
വിവരണം
റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അരിയില്‍ ഫൈബറിന്‍റെയും റബ്ബറിന്‍റെയും അരിമണികള്‍ കണ്ടെത്തിയെന്നും പ്രായമാവരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിക്കുന്ന ഈ അരി ഭക്ഷിച്ചാല്‍ ജീവന് ഭീഷണിയാണെന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ കുറച്ച് അരിമണികള്‍ പോലെയുള്ള കുറച്ച് ധാന്യങ്ങള്‍ പാനില്‍ ചൂടാക്കുമ്പോള്‍ അത് ഉരുകുകയും റബ്ബര്‍ പോലെയാകുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. Sh.x.n217 – Mercy Mathew എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പ്ലാസ്‌ടിക് അല്ലെങ്കില്‍ റബ്ബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ അരിമണികളാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ തിരുവനന്തപുരം ഓഫിസുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച ശേഷം അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്. കൃത്യമായ അവബോധമില്ലാത്തതിനാല്‍ പ്രചരിപ്പിക്കുന്ന വ്യാജ പ്രചരണം മാത്രമാണ് വീഡിയോ. ഫോര്‍ട്ടിഫൈഡ് അരി അഥവ കൃത്യമായ അളവില്‍ പോഷകവും മൂലകങ്ങളുടെയും അളവ് ഭക്ഷണത്തില്‍ ഉറപ്പ് വരുത്തനായി അവയടങ്ങിയ ധാന്യം കുത്തരി ഉള്‍പ്പടെയുള്ള അരിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പും കേന്ദ്ര സര്‍ക്കാരും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണിത്. കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വിളര്‍ച്ച പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഫോര്‍ട്ടിഫൈഡ് അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്. ഫോളിക്ക് ആസിഡ്, ഐയണ്‍, വിറ്റമിന്‍ ബി 12 തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയ അരിമണി പോലെയുള്ള ധാന്യവസ്തുവാണ് അരിയില്‍ ഇത്തരത്തില്‍ കാണപ്പെടുന്നത്. എന്നാല്‍ അറിവില്ലായിമ മൂലം പലരും ഇത് എടുത്തുകളയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ തന്നെയാണ് ഈ വീഡിയോയും തെറ്റായി പ്രചരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കുന്ന മീഡിയ കമ്പാനിയന്‍ എന്ന യൂട്യൂബ് ചാനലില്‍ നിന്നും ഫോര്‍ട്ടിഫൈഡ് അരിയെ കുറിച്ചുള്ള വിശദീകരണവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
എന്താണ് ഫോര്‍ട്ടിഫൈഡ് അരി എന്ന് അറിയാം –
നീതി അയോഗ് ഫോര്‍ട്ടിഫൈഡ് അരിയുടെ പ്രാധാന്യത്തെ കുറിച്ച് പങ്കുവെച്ച വീഡിയോ കാണാം –
നിഗമനം
ഫോളിക്ക് ആസിഡ്, വിറ്റമിന്‍ എ, വിറ്റമിന്‍ ബി 12 തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയ ഫോര്‍ട്ടിഫൈഡ് ധാന്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഇവ ഫൈബറോ റബ്ബറോ കൊണ്ട് നിര്‍മ്മിച്ച കൃത്രിമ അരിയല്ലാ. കൃത്യമായ പോഷക ലഭ്യതയ്ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ധാന്യങ്ങള്‍ റേഷന്‍ അരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:റേഷന്‍ അരിയില്‍ ഫൈബര്‍-റബ്ബര്‍ കൃത്രിമ അരിമണികള്‍ എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
