ബംഗ്ലാദേശി നുഴഞ്ഞു കയറ്റത്തിന്റെ പേരില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു എന്ന് തെറ്റായ പ്രചരണം

രാഷ്ട്രീയം | Politics

വിവരണം 

Parameswaran Pv എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 19 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “നുഴഞ്ഞ് കയറ്റക്കാരെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ചാണക്യ ന്യൂസ് എന്ന മാധ്യമത്തിന്റെ സ്ക്രീൻഷോട്ട് ആണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുൻ ഗവർണ്ണർ പി സദാശിവം എന്നിവരുടെ ചിത്രങ്ങളും ഒപ്പം “ബംഗ്ളാദേശി നുഴഞ്ഞു കയറ്റക്കാർ കേരളത്തിന് ഭീഷണിയാകുന്നു. പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ. ബംഗാളികൾ എന്ന വ്യാജേനയാണ് ഇവരുടെ താമസമെന്നും നുഴഞ്ഞു കയറ്റം തടയാൻ നടപടി എടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 

archived linkFB post

പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയുടെ പേരിൽ രാജ്യത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംസ്ഥാന ഭരണകൂടം ബില്ലിനോടുള്ള എതിർപ്പ്  പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ അവസരത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നുഴഞ്ഞു കയറ്റക്കാരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചോ എന്ന് നമുക്ക് അന്വേഷിച്ചറിയാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ വാർത്ത തിരഞ്ഞെങ്കിലും ഇത്തരത്തിൽ വാർത്ത കണ്ടെത്താൻ കഴിഞ്ഞില്ല. മുഖ്യമന്ത്രി വിവിധ കാലങ്ങളിൽ പല കാര്യങ്ങളും കത്തിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചതിന്റെ വാർത്തകൾ ലഭ്യമാണ്. എന്നാൽപോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പരാമർശിച്ച്  കത്തയച്ചിന്റെ വാർത്തകൾ ലഭ്യമല്ല.

മുഖ്യമന്തിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അദ്ദേഹം പ്രധാനമന്തിക്കും മറ്റ്  മന്ത്രിമാർക്കും അയച്ച കത്തുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ പരാമർശവുമായി ഒരു കത്ത് ആ ലിസ്റ്റിൽ നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും വാർത്ത കാണാനില്ല. 

അതിനാൽ ഞങ്ങൾ വാർത്തയുടെ വസ്തുത അറിയാൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ : എ രാജശേഖരൻ നായർ നൽകിയ വിശദീകരണം ഇങ്ങനെയാണ് : ഇത് തെറ്റായ വാർത്തയാണ്. ഇങ്ങനെ ഒരു കത്ത് മുഖ്യമന്ത്രി അയച്ചിട്ടില്ല. ഈ അവസരത്തിൽ വ്യാജപ്രചരണം നടത്തുകയാണ്. കൂടുതൽ വിശദീകരണം തരാൻ പ്രസ്സ് സെക്രട്ടറിക്ക് കഴിയും.”

തുടർന്ന് ഞങ്ങൾ മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിനോട് സംസാരിച്ചു. അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ : ഇത് തെറ്റായ വാർത്തയാണ്. ഈ സർക്കാരിന്റെ കാലത്ത് ഇങ്ങനെ കത്തയച്ചിട്ടില്ല.. ഇത് ഈ സന്ദർഭത്തിൽ തെറ്റിധാരണ സൃഷ്ടിക്കാൻ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇങ്ങനെ കത്തയച്ചിരുന്നോ എന്നറിയില്ല. 

കൂടാതെ ഞങ്ങൾ ചാണക്യ ന്യൂസ് ടീമുമായി വാർത്തയെ കുറിച്ചറിയാൻ ബന്ധപ്പെട്ടപ്പോൾ അവർ നൽകിയ നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. ബംഗ്ലാദേശികൾ നുഴഞ്ഞു കയറി ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റിധാരണ സൃഷ്ടിക്കാൻ പ്രചരിപ്പിക്കുന്നയാണ്. അതിനാൽ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ മനസ്സിലാക്കുക.

Avatar

Title:ബംഗ്ലാദേശി നുഴഞ്ഞു കയറ്റത്തിന്റെ പേരില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു എന്ന് തെറ്റായ പ്രചരണം

Fact Check By: Vasuki S 

Result: False