
വിവരണം
Deepika Newspaper എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 4 മുതൽ പ്രചരിക്കുന്ന ഒരു വാർത്ത വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുന്നു. ” ഇഫ്ത്താറിൽ പങ്കെടുത്ത മോദിക്ക് ശാസന; ഗിരിരാജ് സിംഗിന് താക്കീത് …” എന്ന തലക്കെട്ടിലാണ് വാർത്ത.
“ന്യൂഡൽഹി : കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനും ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായുടെ താക്കീത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമർശനത്തിലാണ് ഗിരിരാജ് സിംഗിനെ ബിജെപി അധ്യക്ഷൻ താക്കീത് ചെയ്തത്. എൽജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാൻ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിലാണ് സുശീൽ കുമാർ മോദിക്കെതിരെ അമിത് ഷാ വാളെടുത്തത് എന്നാണ് റിപ്പോർട്ട്.” ഇതാണ് വാർത്തയുടെ ആദ്യത്തെ പാരഗ്രാഫ്.
വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുത്തിരിക്കുന്നു

archived link | deepika |
ഒറ്റ നോട്ടത്തിൽ തെറ്റിദ്ധാരണ ഉണ്ടാകുന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ വാർത്തയുടെ ഉള്ളടക്കത്തിൽ പറയുന്ന കാര്യങ്ങൾ എത്രത്തോളം യാഥാർഥ്യമുള്ളവയാണ്…? രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ അമിത് ഷാ കേവലം ഒരു ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തു എന്ന പേരിൽ ബീഹാർ ഉപമുഖ്യമന്ത്രിയെ ശാസിച്ചിട്ടുണ്ടാകുമോ..? നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്ത പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. .timesnownews, ndtv, indiatoday തുടങ്ങിയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത് മറ്റൊരു തരത്തിലാണ്.

INDIATODAY വാർത്തയുടെ പരിഭാഷ:
” അമിത് ഷാ ഗിരിരാജിനെ ശാസിച്ചു.
ബിജെപി-സഖ്യകക്ഷി നേതാക്കൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനെ പരിഹസിച്ചത്തിന്റെ പേരിൽ അമിത് ഷാ ഗിരിരാജ് സിംഗിനെ ശാസിച്ചു. ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ ചില പരാമർശങ്ങളുടെ പേരിൽ ശാസിച്ചു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യ ടുഡേയ്ക്ക് ലഭിച്ച വിവരം. ഇത്തരം പ്രസ്താവനകൾ മേലിൽ നടത്തുന്നതിനെതിരെ അമിത് ഷാ സിംഗിനെ താക്കീത് ചെയ്തതായും അറിയുന്നു. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് തൻ്റെ പാർട്ടിക്കാരൻ തന്നെയായ സുശീൽ മോദിയെയും ബിജെപിയുടെ ബീഹാർ കൂട്ടുകക്ഷി ജെഡി(യു), ലോക് ജൻശക്തി പാർട്ടി (എൽജെപി) നേതാക്കളെയും പരിഹസിക്കുന്ന പരാമർശങ്ങൾ നടത്തി. വിരുന്നിൽ പങ്കെടുത്ത നിരവധി നേതാക്കൾ ഗിരിരാജ് സിംഗിന്റെ കമന്റിനെതിരെ രൂക്ഷ വിമർശനമുയർത്തി. ബിജെപി പ്രസിഡണ്ട് അമിത് ഷാ സിംഗിനെ ശാസിക്കുകയും മേലിൽ ഇങ്ങനെയുണ്ടാവരുതെന്ന് താക്കീതു ചെയ്യുകയും ചെയ്തു.
ഇഫ്താർ പാർട്ടിയിൽ ചിരിച്ചുകൊണ്ട് ഉല്ലാസം പങ്കിടുന്ന നേതാക്കളുടെ ചിത്രങ്ങൾ ട്വിറ്റർ വഴി പങ്കുവച്ചാണ് സിംഗ് തൻ്റെ പരിഹാസം അറിയിച്ചത്. സിംഗ് പങ്കുവച്ച ചിത്രങ്ങളിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി ബിജെപിയുടെ സുനിൽ കുമാർ മോദി, എൽജെപിയുടെ റാംവിലാസ് പാസ്വാൻ, അദ്ദേഹത്തിൻ്റെ മകൻ ചിരാഗ് പാസ്വാൻ എന്നിവരെ കാണാം.ഇഫ്താർ വിരുന്നൊരുക്കിയ ജിതൻ റാം മൊഹ്‌ജി (ഹിന്ദുസ്ഥാൻ അവാം മോർച്ച ) യെയും ചിത്രത്തിൽ കാണാം.
” ഇത്രതന്നെ താല്പര്യത്തോടെ ഒരുക്കിയ നവരാത്രി വിരുന്നിനൊപ്പമാണ് ഈ ചിത്രങ്ങൾ കാണാൻ കഴിഞ്ഞിരുന്നതെങ്കിൽ എത്ര നന്നായിരുന്നു. ഇത്തരം പ്രഹസനകൾക്കപ്പുറം നമ്മുടെ വിശ്വാസ അടിത്തറകളിലേയ്ക്ക് എന്തുകൊണ്ട് നാം എത്തിച്ചേരുന്നില്ല.”
ജെഡി(യു) ബിജെപിയുമായി ക്യാബിനറ്റ് സ്ഥാനങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടെയാണ് സിംഗിന്റെ പരാമർശം”
ഈ വാർത്തയുടെ മുഴുവൻ വായനയ്ക്കായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക.
archived link | india today |
ചില മാധ്യമങ്ങൾ ഇതേപ്പറ്റി പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ടുകളും ലിങ്കുകളും താഴെ കൊടുക്കുന്നു


archived link | times now news |
archived link | ndtv |
ബീഹാറിലെ ബെഗുസരായിയിൽ നിന്നും ഇടതു പക്ഷത്തിന്റെ കനയ്യ കുമാറിനെതിരെ നാലുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചയാളാണ് വിവാദ പരാമർശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.
അദ്ദേഹത്തിന്റെ വിവാദ ട്വീറ്റ് താഴെ കൊടുക്കുന്നു

archived link | twitter post |
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് ഈ വാർത്ത തെറ്റായ വിവരണം ചേർത്താണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നാണ്. “ഇഫ്താറിൽ പങ്കെടുത്ത മോദിക്ക് അമിത് ഷായുടെ താക്കീത്” എന്ന് തലക്കെട്ടിൽ നൽകിയിരിക്കുന്ന വാചകം തെറ്റിധാരണയുണ്ടാക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് പരാമർശിക്കുന്നതെന്ന് വായനക്കാർ തെറ്റിദ്ധരിക്കും. മാത്രമല്ല സുശീൽ കുമാർ മോദിയെ ഇഫ്‌താറിൽ പങ്കെടുത്തതിന് അമിത് ഷാ താക്കീത് ചെയ്തു എന്ന് വിവരണത്തിൽ പറയുന്നു. ഇക്കാര്യം പൂർണ്ണമായും തെറ്റാണ്. അമിത് ഷാ സുശീൽ കുമാർ മോദിയെ ഇഫ്താറിൽ പങ്കെടുത്തതിന്റെ പേരിലോ മറ്റേതെങ്കിലും കാരണത്തിന്റെ പേരിലോ ശാസിച്ചതായി വാർത്തകളില്ല. എന്നാൽ “ഗിരിരാജ് സിംഗിന് താക്കീത്” എന്ന കാര്യം സത്യമാണ്. എന്നാൽ നിതീഷ് കുമാറിനെ വിമർശിച്ചതിനല്ല, ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തതിന് ഏതാനും നിതീഷ്‌കുമാർ ഉൾപ്പെടെ ഏതാനും രാഷ്ട്രീയ നേതാക്കളെ പരിഹസിച്ചതിനാണ്. ഇഫ്താർ വിരുന്ന് ഒരുക്കിയത് ദീപിക വാർത്തയിൽ പറയുന്നതുപോലെ റാംവിലാസ് പാസ്വാൻ അല്ല പ്രതിപക്ഷ സഖ്യത്തിലുള്ള പാർട്ടിയായ ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ ജിതൻ റാം മഞ്ജിയാണ്.
നിഗമനം
ഈ വാർത്തയിൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണമാണുള്ളത്. യഥാർത്ഥ വസ്തുത വെളിപ്പെടുത്താതെ വാർത്തയെ മറ്റൊന്നായി വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുന്നു. ശരിയായ ഒരു വസ്തുതയും തെറ്റായ മറ്റു വസ്തുതകളും വിവരിക്കുന്നതിനാൽ ഞങ്ങൾ വാർത്ത മിശ്രിത വിഭാഗത്തിൽ പെടുത്തുന്നു. മുകളിൽ നൽകിയ വിവരങ്ങളിൽ നിന്നും വാർത്തയുടെ വസ്തുത മനസ്സിലാക്കി മാത്രം വായനക്കാർ വാർത്ത ഷെയർ ചെയ്യാനുള്ള തീരുമാനത്തിലെത്തുക എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു

Title:ഇഫ്ത്താറിൽ പങ്കെടുത്ത മോദിക്ക് ശാസന; ഗിരിരാജ് സിംഗിന് താക്കീത്.. വാർത്തയുടെ സത്യം വേറെയാണ്
Fact Check By: Deepa MResult: Mixture
