
വിവരണം
ഓര്‍മ്മ ശക്തിക്കും ഏകാഗ്രതയ്ക്കും ഗോമൂത്രവും ചാണകവും.. പുതിയ മരുന്നുമായി പിണറായി സര്‍ക്കാര്‍..എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ വെബ്‌സൈറ്റിലെ പഞ്ചഗവ്യ ഘൃതം എന്ന മരുന്നിനെ കുറിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കാവിപ്പട എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി പേരാണ് ലൈക്ക് കമന്‍റും ചെയ്തിരിക്കുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പുതുതായി പുറത്തിറക്കിയ ആയുര്‍വേദ മരുന്നാണോ പഞ്ചഗവ്യ ഘൃതം? ഔഷധിയാണോ ഇത്തരമൊരു മരുന്ന് ആദ്യമായി വിപണയില്‍ ഇറക്കിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ പഞ്ചഗവ്യഘൃതം വിപണിയില്‍ ഇപ്പോഴാണോ ലഭ്യമായതെന്നും ഈ മരുന്ന് ആദ്യമായി ഔഷധി നിര്‍മ്മിച്ചതാണൊ എന്നും അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ആയുര്‍വേദ മെഡിക്കല്‍ ഓഫിസറായ ഡോ. എ.എം.മനോജുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
ആറാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്ന ഔഷധമാണ് പഞ്ചഗവ്യഘതം. അഷ്ടാംഗ ഹൃദയം എന്ന ആയുര്‍വേദ ഗ്രന്ഥത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന കൂട്ടുകള്‍ സംയോജിപ്പിച്ചാണ് പഞ്ചഗവ്യഘൃതം നിര്‍മ്മിക്കുന്നതെന്നും. മാനസിക ആരോഗ്യം, ഏകാഗ്രത, പനി തുടങ്ങിയ പല രോഗങ്ങള്‍ക്കും ഈ ഔഷധം നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. ഔഷധിയും ഈ മരുന്നു കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഈ മരുന്ന് നിര്‍മ്മിച്ച് വിപണനം ചെയ്യുന്നുണ്ടെന്നും ഡോ. മനോജ് വ്യക്തമാക്കി.
ഔഷധി എപ്പോഴാണ് പഞ്ചഗവ്യഘൃതം വിപണിയില്‍ ഇറക്കിയതെന്ന് അറിയാന്‍ ഔഷധിയുടെ ആസ്ഥാനമായ തൃശൂരിലെ ഓഫിസിലെ മാര്‍ക്കറ്റിങ് മാനജര്‍ ഇ.ഷിബുവുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
അഷ്ടാംഗം ഹൃദയം ഉത്തരസ്ഥാനത്തില്‍ അപസ്മാര പ്രതിഷേധം എന്ന അധ്യായത്തിലാണ് പറയുന്നത്. ആറാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ വിവിധ രോഗങ്ങള്‍ക്ക് പഞ്ചഗവ്യഘൃതം ഉപയോഗിക്കാറുണ്ട്. ഔഷധി ഏകദേശം നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ തന്നെ ഈ ഔഷധം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍മ്മിച്ച് വിപണം ആരംഭിച്ചതാണെന്ന തരത്തിലുള്ള പ്രചരണങ്ങല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മാത്രമാണെന്നും ഷിബു പറഞ്ഞു. പ്രധാനപെട്ട എല്ലാ ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്പനികളും ഏറെ വര്‍ഷങ്ങളായി ഈ മരുന്ന് പുറത്തിറക്കുന്നുണ്ടെന്നും ഷിബു കൂട്ടിച്ചേര്‍ത്തു.
നിഗമനം
പഞ്ചഗവ്യഘൃതം നാല്‍പത് വര്‍ഷങ്ങളായി ഔഷധി വിപണിയില്‍ ഇറക്കുന്ന ഉല്‍പ്പന്നമാണ്. അഷ്ടാംഗഹൃദയം എന്ന നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ആയുര്‍വേദ ഗൃന്ഥത്തില്‍ നിഷ്കര്‍ഷിച്ചത് പ്രകാരമുള്ള ചിക്തസാരീതിയാണിത്. മറ്റ് നിരവധി ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്പനികളും ഇതെ മരുന്ന് നിര്‍മ്മിച്ച് വിപണനം ചെയ്യുന്നുണ്ട്. ഇത് പുതുതായി പുറത്തിറക്കിയ ഒരു ഉല്‍പ്പന്നമല്ല. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

Title:ചാണകവും ഗോമൂത്രവും ചേര്‍ന്ന പഞ്ചഗവ്യഘൃതം വിപണിയില്‍ അവതരിപ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
