വിവരണം

തിരുവനന്തപുരത്തെ ഈഞ്ചക്കല്‍ എന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന ഒരു ഫ്ലൈ ഓവറുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ചലച്ചിത്ര നടനും ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ബിജെപി തിരുവനന്തപുരത്ത് പതിപ്പിച്ച പോസ്റ്ററുകളുടെ ചിത്രമാണ് ഇപ്പോള്‍ ഇത്തരത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഈഞ്ചക്കല്‍ ഫ്ലൈ ഓവര്‍ യാഥാര്‍ത്ഥ്യമാകുന്നു.. ശ്രീ കൃഷ്ണകുമാറിന് അഭിനന്ദനങ്ങള്‍.. എന്നതാണ് കൃഷ്ണകുമാറിന്‍റെ ചിത്രം ഉള്‍പ്പടെ പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. അതെസമയം ഈഞ്ചക്കല്‍ ഫ്ലൈ ഓവര്‍ എന്ന പേരില്‍ ഒരു ചിത്രം ഇതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ പ്രതരിക്കുന്നുണ്ട്. കൃഷ്ണകുമാര്‍ ഇടപെട്ട് യാഥാര്‍ത്ഥ്യമാക്കിയ ഫ്ലൈഓവര്‍ ഇതാണെന്ന പേരിലാണ് പ്രചരണം. ഒരു ഗ്രാമീണ വഴിയില്‍ ഇരുകരകളെ ബന്ധപ്പിക്കുന്ന ഒരു ചെറിയ കലുങ്കിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. സെക്യുലര്‍ തിങ്കേഴ്‌സ് മതേതര ചിന്തകര്‍ എന്ന ഗ്രൂപ്പില്‍ ഹരിദാസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 276ല്‍ അധികം റിയാക്ഷനുകളും 17ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈഞ്ചക്കല്‍ മേല്‍പ്പാലത്തിന്‍റെ ചിത്രം-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈഞ്ചക്കല്‍ ഫ്ലൈ ഓവറിന്‍റെ ചിത്രം തന്നെയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഈഞ്ചക്കല്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് ഈഞ്ചക്കല്‍ ഫ്ലൈ ഓവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഐ ആന്‍ഡ് പിആര്‍‍ഡി ന്യൂസ് പോര്‍ട്ടലായ കേരള ന്യൂസിലും, പിആര്‍ഡി ലൈവിലും ഈഞ്ചക്കല്‍ ഫ്ലൈഓവര്‍ പദ്ധതി സംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പങ്കുവെച്ച അപ്ഡേറ്റുകള്‍ കണ്ടെത്താന്‍ സാധിച്ചു. നഗരത്തിലെ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ഏറ്റവും തിരക്കേറിയ ജംക്ഷനാണ് ഈഞ്ചക്കല്‍. ചെറുതും വലുതമായ ആറ് റോഡുകള്‍ കൂടിചേരുന്ന ജംക്ഷനില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

2022 ഫെബ്രുവരി 3ന് മന്ത്രി ആന്‍റണി രാജുവിന്‍റെ നേതൃത്വത്തില്‍ കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഫ്ലൈ ഓവര്‍ അനുമതി സംബന്ധിച്ച കൂടിക്കാഴ്ച്ചയും ചര്‍ച്ചയും നടന്നിരുന്നു എന്ന വാര്‍ത്ത പിആര്‍ഡ‍ി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ ശശി തരൂർ എം പി, ഗതാഗത ഏക്രട്ടറി ബിജു പ്രഭാകർ ഐ. പി. എസ്., ദേശീയപാത അതോറിറ്റി ചെയർപേഴ്സൺ അൽക്ക ഉപാധ്യായ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.

എന്നാല്‍ പദ്ധതി പ്രാബല്യത്തില്‍ വരാന്‍ വൈകുന്ന സാഹചര്യം കണക്കിലെടുത്താണ് കൃഷ്ണകുമാര്‍ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത. റിപ്പോര്‍ട്ടര്‍ ചാനല്‍ കൃഷ്ണകുമാര്‍ നിതന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ച്ച സംബന്ധിച്ച് നല്‍കിയ വാര്‍ത്ത. കേരളത്തിലെ പ്രദേശീക ഓഫിസുമായി ബന്ധപ്പെട്ട അലംഭാവമാണ് പദ്ധതി വൈകാന്‍ കാരണമെന്ന പരാതിയും നിതിന്‍ ഗഡ്കരിയെ കൃഷ്ണകുമാര്‍ അറിയിച്ചു എന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രി ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയതായി വാര്‍ത്തയില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.

ഇപ്പോള്‍ കൃഷ്ണകുമാര്‍ ഇടപെട്ട് നിര്‍മ്മിക്കുന്ന ഈഞ്ചക്കല്‍ മേല്‍പ്പലം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ പിന്നിലെ വസ്‌തുത ഇതാണ്-

ഈഞ്ചക്കല്‍ മേല്‍പ്പാലം നിര്‍മ്മാണം നിലവില്‍ ആരംഭിച്ചിട്ടില്ലായെന്നതാണ് വസ്‌തുത. നിര്‍മ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടതുകൊണ്ടാണ് കൃഷ്ണകുമാര്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ‍്കരിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മാത്രമല്ലാ സമൂഹമാധ്യമങ്ങളില്‍ ഈഞ്ചക്കല്‍ മേല്‍പ്പാലം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രവും വ്യാജമാണ്. തിരുവനന്തപുരം നഗരത്തിലെ കഴക്കൂട്ട-കാരോട് ദേശീയപാത 66ലെ പ്രധാനപ്പെട്ട ജംക്ഷനാണ് ഈഞ്ചക്കല്‍. ഇതൊരു ഗ്രാമീണ റോഡിലെ കലുങ്കല്ലായെന്ന് ഗൂഗിള്‍ മാപ്പ്, സ്ട്രീറ്റ് വ്യൂ എന്നിവ പരിശോധിച്ചതില്‍ നിന്നും സ്ഥരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഈഞ്ചക്കല്‍ ബൈപ്പാസ് ജംക്ഷന്‍റെ ഗൂഗിള്‍ സ്ട്രീറ്റ് വ്യു ഇതാണ്-

ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഈഞ്ചക്കല്‍ ജംക്ഷന്‍ ഇതാണ്-

Google Location

അതെ സമയം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും ചിത്രത്തിന്‍റെ യഥാര്‍ത്ഥ ഉറവിടം സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ലാ. മാത്രമല്ലാ ഈഞ്ചക്കല്‍ ജംക്ഷനിലെ ഫ്ലൈ ഓവര്‍ നിര്‍മ്മാണം ആരംഭിച്ചിട്ടില്ലായെന്നും ഗൂഗിള്‍ സ്ട്രീറ്റ് വ്യുവിലെ ഈഞ്ചക്കല്‍ ജംക്ഷന്‍റെ ചിത്രം അതുതന്നെയാണെന്നും പൊതുഗതാഗത വകുപ്പ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി സ്ഥിരീകരിച്ച് ഫാക്ട് ക്രെസെന്‍ഡോ മലയാളം ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.

നിഗമനം

ഈഞ്ചക്കല്‍ മേല്‍പ്പാലം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ്. ഈഞ്ചക്കല്‍ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണം നിലവില്‍ ആരംഭിച്ചിട്ടില്ലായെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഈഞ്ചക്കല്‍ ജംക്ഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും പ്രചരിക്കുന്ന ചിത്രത്തിലെ പ്രദേശവും തമ്മില്‍ യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഈഞ്ചക്കല്‍ മേല്‍പ്പാലം എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്തുത അറിയാം..

Written By: Dewin Carlos

Result: False