
വിവരണം
ചികിത്സയുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കാരുണ്ട്. അവ ചികില്‍സാ സഹായങ്ങളെ പറ്റിയുള്ള അറിയിപ്പുകളാകാം, സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളാകാം, അല്ലെങ്കില്‍ ചികിത്സാ കേന്ദ്രത്തെ പറ്റിയും സമ്പ്രദായത്തെ പറ്റിയുമുള്ള അനുഭവ കുറിപ്പുകളാകാം.
തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് ഇത്തരത്തിലൊരു അറിയിപ്പ് ഈയിടെ വ്യാപകമായി പ്രചരിക്കുകയുണ്ടായി. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: 18 വയസ്സില്‍ താഴെയുള്ള heart patients തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഹോസ്പിറ്റലില്‍ heart operations സൗജന്യമാണ്. അപ്പോയ്ന്മെന്‍റ് എടുത്ത ശേഷം ഹോസ്പിറ്റലില് എത്തിയാല്‍ മാത്രം മതി
അപ്പോയ്ന്മെന്‍റ് എടുക്കാനായി ഹോസ്പിറ്റലില്‍ വിളിക്കേണ്ട നമ്പര്‍ 0471- 2524533 പരമാവധി ഷെയര്‍ ചെയ്യുക”

ഇതിനു മുമ്പ് ശ്രീചിത്രയുമായി ബന്ധപ്പെട്ട് പ്രചരിച്ച ചില വാര്‍ത്തകളുടെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. താഴെയുള്ള ലിങ്കുകളില്‍ ലേഖനങ്ങള്‍ വായിക്കാം
മുകളിലെ പോസ്റ്റിലെ ചികിത്സാ അറിയിപ്പ് പൂര്‍ണ്ണമായും ശരിയല്ലെന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി. യഥാര്‍ത്ഥ വസ്തുത എന്താണെന്ന് വ്യക്തമാക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഇതേ അറിയിപ്പ് നല്‍കുന്ന പോസ്റ്റുകള്‍ നിരവധിപ്പേര്‍ പങ്കുവയ്ക്കുന്നതായി കണ്ടു.

വാര്‍ത്തയുടെ വസ്തുത അറിയാന്‍ ഞങ്ങള്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടുമായി തന്നെ ബന്ധപ്പെട്ടു. അവിടെ നിന്നും പബ്ലിക്ക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്വപ്ന പറഞ്ഞത് ഇങ്ങനെയാണ്: അറിയിപ്പ് പൂര്‍ണ്ണമായും ശരിയല്ല. ഹൃദ്രോഗ ചികിത്സ കുട്ടികള്‍ക്ക് നല്‍കുന്നതിന് പുതിയ ചില മാനദണ്ഡങ്ങൾ നിലവില്‍ വന്നിട്ടുണ്ട്. സഹായം കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് മാത്രമായിരിക്കും. അതുപോലെ കിടത്തി ചികിത്സക്ക് വേണ്ടി മാത്രമാണ് സഹായം ലഭിക്കുക. അല്ലാതെ എല്ലാവര്‍ക്കും സഹായം ലഭിക്കും എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്.” ശ്രീചിത്രയില്‍ നിന്നും അയച്ചു തന്ന വിശദീകരണം താഴെ കൊടുക്കുന്നു:
“ശ്രീചിത്രയില്‍ ആര്‍ബിഎസ്‌കെ പദ്ധതി പ്രകാരം
കുട്ടികളുടെ ചികിത്സയ്ക്കുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ആര്‍ബിഎസ്‌കെ പദ്ധതി പ്രകാരം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ഇത് അനുസരിച്ച് സൗജന്യ ചികിത്സയ്ക്കുള്ള മാനദണ്ഡങ്ങളില്‍ ഇനിപ്പറയുന്ന മാറ്റങ്ങള്‍ വന്നിരിക്കുന്നു.
1. കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് മാത്രം ചികിത്സാ ആനുകൂല്യം ലഭിക്കും.
2. തിരഞ്ഞെടുക്കപ്പെട്ട ഹൃദ്‌രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സയ്ക്ക് മാത്രമായിരിക്കും
സാമ്പത്തിക സഹായം അനുവദിക്കുക.
3. ഒപി സേവനങ്ങളുടെ ചെലവ് പദ്ധതി പ്രകാരം ലഭിക്കുന്നതല്ല.
കേരളത്തില്‍ നിന്നുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ താലോലം പദ്ധതി പ്രകാരം ശ്രീചിത്രയില്‍ എല്ലാ വിഭാഗങ്ങളിലും നല്‍കിവരുന്ന സൗജന്യ കിടത്തിചികിത്സ തുടരും.”

ശ്രീചിത്രയില്‍ നിന്നും നേരിട്ട് ലഭിച്ചതാണ് മുകളിലെ വസ്തുത.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത ഭാഗികമായി തെറ്റാണ്. ഹൃദ്രോഗ ചികിത്സാ സഹായം 18 വയസ്സിന് താഴെയുള്ള എല്ലാ രോഗികള്‍ക്കും ഒരേപോലെ ലഭിക്കില്ല. ചില മാനദണ്ഡങ്ങൾ പ്രകാരം കേരളത്തിലുള്ള രോഗികള്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക

Title:FACT CHECK: ശ്രീചിത്രയില്‍ ഹൃദയ ശസ്ത്രക്രിയ സൗജന്യമാണ് എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം…
Fact Check By: Vasuki SResult: Partly False
