ടോള്‍ പ്ലാസയില്‍ പണമടച്ച ശേഷം ലഭിക്കുന്ന രസീതുപയോഗിച്ച് ടോള്‍ റോഡില്‍ പല ആനുകൂല്യങ്ങളും നേടാനാകും എന്നറിയിച്ചുകൊണ്ട് ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

അടിയന്തര ഘട്ടങ്ങളിലെ സഹായം, ടയർ പഞ്ചറായാല്‍ അത് നന്നാക്കാനുള്ള സഹായം, തുടങ്ങിയ ആനുകൂല്യങ്ങളോടെയാണ് ടോൾ രസീതുകൾ ലഭിക്കുന്നതെന്ന അവകാശവാദമാണ് സന്ദേശത്തിലുള്ളത്. ടോൾ പ്ലാസയിൽ നിന്ന് ഈ സേവനങ്ങൾ ആവശ്യപ്പെടുന്നതിന് യാത്രയ്ക്കിടെ ടോൾ രസീതുകൾ അവരുടെ പക്കൽ സൂക്ഷിക്കാൻ പോസ്റ്റ് ആവശ്യപ്പെടുന്നു. സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ: “*ടോൾ ഫീ രസീതിന്റെ മൂല്യം മനസ്സിലാക്കി അത് ഉപയോഗിക്കുക*

ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ട ചില പ്രധാന വിവരങ്ങൾ.

ടോൾ ഫീസ് രസീതിന്റെ മൂല്യം മനസ്സിലാക്കി അത് ഉപയോഗിക്കുക!

പ്രൊഫ രഞ്ജന പ്രവീൺ ദേശ്മുഖ്, മഹാരാഷ്ട്ര സ്റ്റേറ്റ് കൺസ്യൂമർ സേഫ്റ്റി കമ്മിറ്റി മേധാവി:

ടോൾ ബൂത്തിൽ കിട്ടുന്ന രസീതിൽ എന്താണ് ഒളിപ്പിച്ചിരിക്കുന്നത്? പിന്നെ എന്തിന് അത് സംരക്ഷിക്കണം? അതിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്? ഇന്ന് നമുക്ക് പഠിക്കാം.

1. ടോൾ റോഡിലൂടെ നീങ്ങുമ്പോൾ നിങ്ങളുടെ കാർ പെട്ടെന്ന് സ്തംഭിച്ചാൽ, നിങ്ങളുടെ കാർ വലിച്ചിടാനുള്ള ഉത്തരവാദിത്തം ടോൾ കമ്പനിക്കാണ്.

2. എക്‌സ്‌പ്രസ് ഹൈവേയിൽ നിങ്ങളുടെ കാറിലെ പെട്രോൾ തീരുകയോ ബാറ്ററി ചാകുകയോ ചെയ്‌താൽ, പെട്രോളും എക്‌സ്‌റ്റേണൽ ബാറ്ററിയുമായി നിങ്ങളുടെ കാറിലേക്ക് വരുന്നതിന് ടോൾ കമ്പനി ഉത്തരവാദിയാണ്. നിങ്ങൾ ഒരു കോൾ ചെയ്യണം. നിങ്ങൾക്ക് 10 മിനിറ്റിനുള്ളിൽ സഹായവും 5 മുതൽ 10 ലിറ്റർ പെട്രോളും സൗജന്യമായി ലഭിക്കും. നിങ്ങളുടെ കാറിന് പഞ്ചറുണ്ടെങ്കിൽ, ആ നമ്പറിൽ ബന്ധപ്പെട്ട് നിങ്ങൾക്ക് സഹായം ലഭിക്കും.

3. നിങ്ങളുടെ കാറിന് പെട്ടെന്ന് തകരാർ സംഭവിച്ചാൽ നിങ്ങളോ നിങ്ങളുടെ കൂട്ടാളികളിലൊരാൾ ടോൾ രസീതിൽ പറഞ്ഞിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.

4. നിങ്ങൾ കാറിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രികരിലൊരാൾക്ക് പെട്ടെന്ന് അസുഖം വന്നാൽ, ആ വ്യക്തിക്ക് അടിയന്തിരമായി ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വന്നേക്കാം. അത്തരം സമയങ്ങളിൽ, നിങ്ങളുടെ കാറിലേക്ക് ആംബുലൻസിൽ എത്തിച്ചേരുന്നതും ടോൾ കമ്പനിയുടെ ഉത്തരവാദിത്തമാണ്.

ഈ വിവരം ലഭിച്ചവർ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക. എക്സ്പ്രസ് വേയുടെ ഏറ്റവും വലിയ നേട്ടം സമയം ലാഭിക്കലാണ്

- പ്രൊഫ രഞ്ജന പ്രവീൺ ദേശ്മുഖ്

തല - മഹാരാഷ്ട്ര സംസ്ഥാനം

ഉപഭോക്തൃ സുരക്ഷാ സമിതി🙏🏻🌹”

FB postarchived link

എന്നാല്‍ സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ടോള്‍ പ്ലാസയില്‍ രസീത് നല്‍കുന്ന സംവിധാനം ഇപ്പോള്‍ അത്രയധികം പ്രസക്തമല്ലെന്ന് നമുക്ക് അറിയാം. 2021 ഫെബ്രുവരി 15 മുതല്‍ ഫാസ്ടാഗ് സംവിധാനം നിലവില്‍ വന്നതോടെ രസീത് കൈപ്പറ്റുന്ന യാതികരുടെ എണ്ണം കുറഞ്ഞു. അതിനാല്‍ ഈ സന്ദേശം അപ്രസക്തമാണ്. ഈ സന്ദേശം 2019 മുതല്‍ പ്രചരിക്കുന്നതാണെന്നും മനസിലാക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് ടോള്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങള്‍ ആദ്യം തിരഞ്ഞു.

ഹൈവേ നിർമ്മിച്ചുകഴിഞ്ഞാൽ, ടോൾ പ്ലാസകൾ സജ്ജീകരിക്കുകയും നിരക്ക് സർക്കാർ നിശ്ചയിക്കുകയും ചെയ്യുന്നു. ടോൾ പ്ലാസയുടെ പ്രവർത്തനം സ്വകാര്യ ഏജന്‍സികളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ ഏജന്‍സികൾ രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകൾ നിയന്ത്രിക്കുകയും കാലാകാലങ്ങളിൽ സർക്കാർ തീരുമാനിക്കുന്ന ടോൾ തുക ശേഖരിക്കുകയും ചെയ്യുന്നു. NHAI-TIS (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ-ടോൾ ഇൻഫർമേഷൻ സിസ്റ്റം) വെബ്‌സൈറ്റിൽ രാജ്യത്തെ എല്ലാ ടോൾ പ്ലാസയെയും കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളുമുണ്ട്. മാപ്പിലെ കളർ കോഡ് ടോൾ പ്ലാസ ഏത് തരത്തിലുള്ളതാണെന്ന് അറിയിക്കുന്നു. NHTIS വെബ്സൈറ്റിലെ കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം. വിവിധ തരത്തിലുള്ള ടോൾ പ്ലാസകളെ കുറിച്ചുള്ള വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

BOT (ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ): 'BOT (ടോൾ) പാറ്റേണിൽ, സ്വകാര്യ ഡെവലപ്പർമാർ/ഓപ്പറേറ്റർമാർ നിര്‍മ്മാണ, വാർഷിക അറ്റകുറ്റപ്പണികൾക്കുള്ള ചെലവുകള്‍ വഹിക്കുന്നു. ടോൾ പോളിസി പ്രകാരം പിന്നീട് ടോൾ പിരിവുകളിൽ നിന്നും പലിശ സഹിതം മുഴുവൻ ചെലവും വീണ്ടെടുക്കുന്നു. പദ്ധതികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്, പരമാവധി 40% വരെ മൂലധന ഗ്രാന്‍റ് NHAI നൽകുന്നു.

OMT (ഓപ്പറേഷൻസ് മെയിന്‍റനന്‍സ് ആന്‍ഡ് ട്രാൻസ്ഫര്‍): 'ഈ സംവിധാനത്തിൽ, ലേലത്തിലൂടെ തിരഞ്ഞെടുത്ത ഏജൻസി മെയിന്‍റനൻസ്, സ്ട്രെച്ചിനുള്ള ടോൾ/ യൂസർ ഫീ ശേഖരിക്കുന്നു. ഒരു നിശ്ചിത ഇളവ് കാലയളവിൽ NHAI-ലേക്ക് നിശ്ചിത ഫീസ് അടക്കുകകയും ചെയ്യുന്നു. .'

ടോൾ പ്ലാസ സേവനങ്ങള്‍:

NHAI വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്, കൺസെഷനയർ ഹൈവേ പട്രോൾ, ആംബുലൻസ്, ടോ ട്രക്കുകൾ, ക്രെയിനുകൾ തുടങ്ങിയ സേവനങ്ങൾ നൽകണമെന്ന് നിര്‍ദ്ദേശമുണ്ട്.

ടോൾ രസീതുകൾ നൽകുന്നതിന് NHAI ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. രസീത് 8cm X 12cm വലുപ്പമുള്ളതായിരിക്കണം കൂടാതെ NHAI & ടോൾ പ്ലാസ ഓപ്പറേറ്ററുടെ പേരുകൾ അടങ്ങിയിരിക്കണം. രസീത് ഉചിതമായ രീതിയിൽ ദ്വിഭാഷയിലോ ത്രിഭാഷയിലോ അച്ചടിക്കണം, കൂടാതെ രസീതിലെ ഓരോ വരിയ്ക്കും ഒരേ ഫോണ്ട് വലുപ്പം ഉണ്ടായിരിക്കണം. രസീതിൽ ടോൾ പ്ലാസ ലൊക്കേഷൻ, ഹെൽപ്പ് ലൈൻ നമ്പർ, ആംബുലൻസ് കോൺടാക്റ്റ് നമ്പർ, ക്രെയിൻ കോൺടാക്റ്റ് നമ്പർ മുതലായവ ഉണ്ടായിരിക്കണം. എന്നാല്‍ ടോള്‍ പ്ലാസ സേവനങ്ങള്‍ ലഭിക്കാന്‍ രസീത് നിര്‍ബന്ധമാണ് എന്ന് ഒരിടത്തും വിവരണമില്ല.

ടോൾ രസീതുകളിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ ഉണ്ടെങ്കിലും സന്ദേശത്തിൽ എഴുതിയിരിക്കുന്ന എല്ലാ സേവനങ്ങളും ടോൾ പ്ലാസകൾ നൽകുന്നില്ല. ആംബുലൻസ് സേവനം നൽകിയിട്ടുണ്ടെങ്കിലും ടയർ പഞ്ചറും ഇന്ധനം നിറയ്ക്കുന്ന സേവനങ്ങളും സൂചിപ്പിച്ചിട്ടില്ല. കൺസഷൻ കരാറുകളിലും ഈ സേവനങ്ങൾ പരാമർശിക്കുന്നില്ല. കൊച്ചി കുമ്പളം ടോൾ പ്ലാസ മാനേജര്‍ ശ്രാവണ്‍ കുമാര്‍ ഗുഡുരിയുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെയാണ്: “സന്ദേശത്തിലുള്ള ചില കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ ചിലത് വസ്തുതാ വിരുദ്ധമാണ്. ടോള്‍ റോഡില്‍ എവിടെ എങ്കിലും വച്ച് നിങ്ങളുടെ വാഹനം കേടായാല്‍ റോഡില്‍ നിന്നും അരികിലേക്ക് മാറ്റാന്‍ ഞങ്ങളുടെ സഹായം ഫോണില്‍ വിളിച്ചറിയിച്ചാല്‍ ലഭിക്കും. അതുപോലെ യാത്രക്കിടെ വൈദ്യ സഹായം ആവശ്യമായി വന്നാല്‍ ഞങ്ങളുടെ ആളുകള്‍ എത്തി ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു തരും. ആംബുലന്‍സ് സേവനം ലഭിക്കും. ഇതെല്ലാം സൌജന്യമാണ്. എന്നാല്‍ 5 മുതല്‍ 10 ലിറ്റര്‍ വരെ പെട്രോള്‍ ലഭിക്കുമെന്നൊക്കെയുള്ള പ്രചരണം തെറ്റാണ്. ഇങ്ങനെയൊരു സേവനം ടോള്‍ പ്ലാസയില്‍ ലഭിക്കില്ല. മാത്രമല്ല, ടോള്‍ പ്ലാസ സേവനങ്ങള്‍ ലഭിക്കാന്‍ രസീത് ആവശ്യമില്ല.”

കൂടാതെ, '1033' എന്ന ഹെൽപ്പ് ലൈൻ നമ്പറില്‍ (ദേശീയപാതകളിൽ അപകടമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ പൊതുജനങ്ങൾക്കായി ബന്ധപ്പെടാനുള്ള ഏകീകൃത നമ്പര്‍ ) ദേശീയ പാത ഉപയോഗിക്കുന്ന എല്ലാ ആളുകള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഇത് ടോൾ അടയ്ക്കുന്നവരിൽ മാത്രം ഒതുങ്ങുന്നില്ല. ചുരുക്കത്തിൽ, ദേശീയ പാതകളിൽ അടിയന്തര സേവനങ്ങൾ ലഭിക്കുന്നതിന് ടോൾ രസീതുകൾ നിർബന്ധമല്ല.

അതുപോലെ സന്ദേശം നല്‍കിയ വ്യക്തി എന്ന് പോസ്റ്റില്‍ പരാമര്‍ശിക്കുന്ന മഹാരാഷ്ട്ര ഉപഭോക്തൃ സുരക്ഷാ സമിതിയില്‍ നിന്നുള്ള പ്രൊഫ രഞ്ജന പ്രവീൺ ദേശ്മുഖിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. ഉപഭോക്തൃ സുരക്ഷാ സമിതി എന്നൊരു ഏജന്‍സി മഹാരാഷ്ട്രയില്‍ നിലവിലുള്ളതായി യാതൊരു റിപ്പോര്‍ട്ടുമില്ല. കൂടാതെ പ്രൊഫ രഞ്ജന പ്രവീൺ ദേശ്മുഖ് എന്ന വ്യക്തി മഹാരാഷ്ട്രയിലെ രാഷ്ട്രവാദി മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയാണ്. പ്രൊഫസറല്ല.

നിഗമനം

പോസ്റ്റിലെ സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ടോള്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ടോള്‍ പ്ലാസയില്‍ നിന്നും സൌജന്യ സേവനങ്ങള്‍ ലഭിക്കുന്നതിന് ടോള്‍ രസീത് ആവശ്യമില്ല. സന്ദേശത്തില്‍ അറിയിക്കുന്നതുപോലെ സൌജന്യ ഇന്ധനമോ വാഹന ബാറ്ററിയോ ടോള്‍ പ്ലാസയില്‍ നിന്നും ലഭിക്കില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ടോള്‍ പ്ലാസയില്‍ സൌജന്യമായി സേവനം ലഭിക്കാന്‍ രസീതിന്‍റെ ആവശ്യമില്ല, വസ്തുത അറിയൂ...

Written By: Vasuki S

Result: PARTLY FALSE