ഇന്ത്യയിൽ ഏതാണ്ട് 10000 നു മുകളിൽ ആളില്ല ലെവൽ ക്രോസുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ലെവൽ ക്രോസുകളിൽ അശ്രദ്ധ മൂലം ജീവന്‍ നഷ്ടപ്പെടുന്ന തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായ വാർത്തകൾ ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളിൽ കാണാറുണ്ട്. ആളില്ലാ ലെവൽ ക്രോസ് കടക്കുന്നതിൽ അശ്രദ്ധ കാണിച്ചാൽ ഇന്ത്യൻ റെയിൽവേ ആക്ട് 1989 ലെ സെക്ഷൻ 160 പ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ആളില്ലാ ലെവൽക്രോസില്‍ ഒരു വ്യക്തി മുതുകില്‍ നീളത്തിലുള്ള കമ്പ് വരിഞ്ഞു കെട്ടി സ്വയം ലെവൽ ക്രോസ് ആയി പ്രവർത്തിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടാണ് പലരും വീഡിയോ പങ്കുവയ്ക്കുന്നത്.

പ്രചരണം

ലെവൽ ക്രോസ്സിലെ ഗേറ്റിനെ അനുസ്മരിപ്പിച്ച് മുതുകത്ത് ഒരു കമ്പ് വെച്ച് കെട്ടിയ വ്യക്തി ട്രെയിൻ കടന്നു പോകുമ്പോൾ കുനിയുകയും ട്രെയിൻ പോയ ശേഷം നിവരുകയും ചെയ്യുന്നത് കാണാം. ഇന്ത്യയിലെ അപരിഷ്കൃതമായ ലെവൽ ക്രോസുകളെ പരിഹസിച്ച് നൽകിയിരിക്കുന്ന വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “*ചാണക കോണകങ്ങൾ തള്ളി ഉഴുതിമറിക്കുന്ന ചായ് വാല ഡബിൽ ഇഞ്ചൻ മോങ്ങി ജി യുടെ സ്വഛ ഭാരത മായ ഡിജിറ്റൽ ഇന്ത്യ?* 🤣🤣🤣”

FB postarchived link

എന്നാൽ ഈ ലെവൽ ക്രോസ് ഇന്ത്യയിലെതല്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

ഞങ്ങൾ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ പലരും ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളതായി കണ്ടു. ബംഗ്ലാ ഭാഷയിലാണ് പല പോസ്റ്റുകളിലും വിവരണം നൽകിയിട്ടുള്ളത്. കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ബംഗ്ലാദേശിലെ ട്രെയിനാണ് എന്ന് അനുമാനിക്കാൻ സാധിച്ചു. കുറച്ചുകൂടി സൂക്ഷ്മമായി വൈറല്‍ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ട്രെയിന്‍റെ ബോഗികളിൽ ഇംഗ്ലിഷിലും ബംഗ്ലാ ഭാഷയിലും എഴുത്ത് കാണാം.

കൂടാതെ Md Alamin എന്ന യൂട്യൂബ് ചാനലിലിലും ഫേസ്ബുക്ക് പേജിലും പങ്കുവെച്ച ഇതേ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു. ഡിസ്ക്രിപ്ഷനിൽ ট্রেনের ডিজিটাল সিগনাল #funny #alamin9930 #shots #shorts #funny #funnyshorts എന്നെഴുതിയിട്ടുണ്ട്.

ചാനലിൽ കൂടുതൽ തിരഞ്ഞപ്പോൾ തമാശയ്ക്കായി സ്ക്രിപ്റ്റഡ് വീഡിയോകൾ നിർമ്മിക്കുന്ന ചാനലാണിത് എന്നു മനസ്സിലായി. വൈറൽ വീഡിയോയിൽ മുതുകത്ത് കമ്പ് വെച്ച് കിട്ടിയിരിക്കുന്ന വ്യക്തി ഇതിലെ മറ്റു വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ധാക്കയിലുള്ള ദൌലത്പൂരില്‍ നിന്നുള്ളതാണ് ചാനലെന്ന് വിവരണത്തിൽ വ്യക്തമാകുന്നു.

ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളുടെ ബോഗികള്‍ കൂടുതലും നീല, ചുവപ്പ് എന്നീ നിറങ്ങളിലാണ്. വന്ദേ ഭാരതത്തിന് ഓറഞ്ചും വെള്ളയും നിറമാണ്. രാജധാനി പോലുള്ള ട്രെയിന് പച്ചനിറവുമുണ്ട്. എന്നാല്‍ വൈറൽ വീഡിയോയിൽ കാണുന്നതിന് സമാനമായ നിറത്തിൽ ഇന്ത്യയിൽ ട്രെയിനുകളില്ല. ഇന്ത്യയിൽ ഓടുന്ന ട്രെയിനുകളുടെ ചിത്രങ്ങള്‍ ഗൂഗിളിൽ ലഭ്യമാണ്.

ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ആണ് ഇന്ത്യയിലേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ആളില്ലാ ലെവല്‍ക്രോസില്‍ ഒരാള്‍ പുറത്ത് കമ്പുവച്ചുകെട്ടി ട്രെയിന്‍ വരുമ്പോള്‍ വാഹന നിയന്ത്രണം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല, മറിച്ച് ബംഗ്ലാദേശില്‍ നിന്നുള്ളതാണ്. ഇന്ത്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആളില്ലാ ലെവല്‍ക്രോസ് നിയന്ത്രിക്കാന്‍ മുതുകില്‍ കമ്പുമായി ഒരാള്‍ സ്വയം ‘റെയില്‍വേ ഗേറ്റ്’ ആകുന്ന വിചിത്ര ദൃശ്യങ്ങള്‍... വീഡിയോ ഇന്ത്യയിലെതല്ല, സത്യമിങ്ങനെ...

Written By: Vasuki S

Result: False