
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പാര്‍ട്ടിയുടെ എംപിയായ അസദുദ്ദിന്‍ ഒവൈസി വഖഫ് ബില്‍ പാസാകുമെന്ന് ഉറപ്പായപ്പോള്‍ പാര്‍ലമെന്‍റില്‍ നിരാശനായി ഇരിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സഭാ നടപടികള്‍ക്കിടെ ഒവൈസി കണ്ണട ഊരിമാറ്റി കണ്ണുകള്‍ തിരുമ്മുന്നതും കൈത്തലമുയര്‍ത്തി നെറ്റി അമര്‍ത്തി തുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വഖഫ് ബില്‍ പാസാക്കുന്നതിനിടയില്‍ ഒവൈസി നിരാശനാകുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “വഖഫ് ബിൽ പാസാകും എന്ന് ഉറപ്പിച്ച ശേഷം,പാർലമെന്റിൽ പരവശനായി അസദുദ്ദീൻ ഒവൈസി….
15 മിനിറ്റ് പോലീസിനെ മാറ്റിയാൽ കാണിച്ചു തരാം ഹിന്ദുക്കളെ…. എന്ന് പൊതുവേദിയിൽ നിന്ന് വെല്ലുവിളി നടത്തിയവന് കാലം കാത്ത് വെച്ചത്…”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും പഴയ വീഡിയോ വഖഫ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം നടത്തുകയാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന വീഡിയോ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പാര്‍ട്ടിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്നും ലഭിച്ചു.
ഒവൈസി ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും പാര്‍ലമെന്‍റ് പശ്ചാത്തലവും സമാനമാണ് താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് മേൽ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഒവൈസി സഭയില്‍ സംസാരിച്ചതെന്ന് അടിക്കുറിപ്പിൽ പറയുന്നുണ്ട്. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ സൻസദ് ടിവിയുടെ യൂട്യൂബ് ചാനലിൽ നിന്നും 2024 ഓഗസ്റ്റ് ഏഴിന് പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു.
2024-2025 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനായി ധനകാര്യ (നമ്പർ 2) ബില്ലിനെക്കുറിച്ച് ലോക്‌സഭയിൽ നിന്നുള്ള ചർച്ചയുടെ ദൃശ്യങ്ങളാണിത്.
വീഡിയോയിൽ 4.34 മിനിറ്റ് മുതലുള്ള ഭാഗത്താണ് അസദുദ്ദീൻ ഒവൈസി കണ്ണട മാറ്റുകയും കണ്ണ് തുടയ്ക്കുകയും ചെയ്യുന്നത്. ബിഹാറിലെ പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവാണ് ഒവൈസിയുടെ മുന്നില്‍ നിന്നുകൊണ്ട് പ്രസംഗിക്കുന്നത്.
2024 ഓഗസ്റ്റ് ഏഴു മുതല്‍ ലഭ്യമായ വീഡിയോ ആണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
വഖഫ് ബില്‍ പാസ്സാക്കുന്നതിനിടെ ഒവൈസി നിരാശനായി കണ്ണട ഊരുകയും നെറ്റി തുടയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് 2024 ഓഗസ്റ്റ് ഏഴിലെ വീഡിയോ ഉപയോഗിച്ചാണ്. 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ധനകാര്യ ബില്ലിനെക്കുറിച്ച് ലോക്‌സഭയിൽ നിന്നുള്ള ചർച്ചയുടെ ദൃശ്യങ്ങളാണിത്. വഖഫ് ബില്‍ പാസാക്കിയതുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വഖഫ് ബില്‍ പാസ്സായതില്‍ നിരാശനായ ഒവൈസി..? പ്രചരിക്കുന്നത് പഴയ വീഡിയോ…
Fact Check By: Vasuki SResult: False
