കായംകുളത്ത് നിന്നും ഒരു വലിയ മല്‍സ്യത്തെ പിടികൂടുന്ന കൌതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

മുളയുടെ കമ്പുകൊണ്ട് ഉണ്ടാക്കിയ ചൂണ്ടളോല്‍ ഉപയോഗിച്ച് കൂറ്റന്‍ മല്‍സ്യത്തെ പ്രായം ചെന്ന ഒരാള്‍ അതിസാഹസികമായി പിടിച്ചെടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഈ മല്‍സ്യത്തെ പിടികൂടിയത് കായംകുളത്ത് നിന്നാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*21/04/23* *കായംകുളം പത്തിയൂർ* മുണ്ട്പാലത്തിന് സമീപം തോട്ടിൽ നിന്നും പത്തിയൂർക്കാല ചരൂർ വടക്കതിൽ കൃഷ്ണൻകുട്ടിയുടെ ചില്ലി ചൂണ്ടയിൽ പിടിച്ച 42 കിലോ തൂക്കമുള്ള അരോണ മത്സ്യം. അതി സാഹസികമായി കരയ്ക്ക് കയറ്റിയ ഇതിനെ ടാങ്കിൽ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം ജീവൻ നഷ്ട്ടമായി. നിരവധി പേരാണ് ഇതിനെ കാണാൻ ഇദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയത്.”

FB postarchived link

എന്നാല്‍ കായംകുളത്ത് നിന്നും ഇത്തരം ഒരു മല്‍സ്യത്തെ പിടികൂടിയിട്ടില്ലെന്നും പുറത്തു നിന്നുള്ള വീഡിയോ ആണിതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ പ്രചരണത്തിന്‍റെ വസ്തുത അറിയാനായി കായംകുളം പത്തിയൂര്‍കാല കൌണ്‍സിലറുമായി സംസാരിച്ചു. “വീഡിയോ ഞാന്‍ കണ്ടിരുന്നു. കുറെ ചെറുപ്പക്കാര്‍ ഈ വീഡിയോ ഇവിടെ ഒരാളെ പ്രാങ്ക് ചെയ്യാന്‍ വെറുതെ പ്രചരിപ്പിച്ചതാണ്. ഇങ്ങനെ ഒരു മല്‍സ്യത്തെ ഇവിടെ നിന്ന് ആരും പിടിച്ചിട്ടില്ല.” കൌണ്‍സിലര്‍ ശ്രീലക്ഷ്മി നല്കിയ മറുപടി ഇതാണ്.

പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ വീഡിയോ കായംകുളം പത്തിയൂര്‍കാലയില്‍ നിന്നുള്ളതല്ല എന്നു വ്യക്തമായതിനെ തുടര്‍ന്ന് ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ജനുവരി മാസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ലഭിച്ചു. “അവിശ്വസനീയം! വൃദ്ധനായ മത്സ്യത്തൊഴിലാളി ഏറ്റവും വലിയ മോൺസ്റ്റർ അരപൈമയെ പിടികൂടുന്നു” എന്ന അടിക്കുറിപ്പ് നല്കിയിട്ടുണ്ട്.

ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ തിരഞ്ഞപ്പോള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ ലഭിച്ചു. വൃദ്ധനായ മീന്‍പിടിത്തക്കാരന്‍ കൂറ്റന്‍ ആരാപൈമയെ പിടിക്കുന്നു എന്നു തന്നെയാണ് അടിക്കുറിപ്പ്. ഇതേ വൃദ്ധനായ മല്‍സ്യ തൊഴിലാളി ആരാപൈമ മല്‍സ്യങ്ങളെ ഇതേ പോലുള്ള ചൂണ്ടക്കോല്‍ ഉപയോഗിച്ച് അതിസാഹസികമായി പിടികൂടുന്ന മറ്റ് വീഡിയോകള്‍ യുട്യൂബ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്.

ഈ വൃദ്ധന്‍ ആരാണെന്നോ മല്‍സ്യത്തെ കൃത്യമായി എവിടെ നിന്നാണ് പിടിച്ചതെന്നോ കൃത്യമായ പരാമര്‍ശം ഒരിടത്തും ലഭ്യമല്ല.

ഇന്തോനേഷ്യന്‍ ഭാഷയിലുള്ള tamanpendidikan എന്ന വെബ്സൈറ്റില്‍ ഈ വൃദ്ധന്‍റെ മീന്‍പിടിത്തത്തെ കുറിച്ച് ലേഖനം നല്‍കിയിട്ടുണ്ട് .

അദ്ദേഹം മീന്‍ പിടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ആധാരമാക്കിയാണ് ലേഖനം നല്‍കിയിട്ടുള്ളത്.

അരാപൈമ മീനുകളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് അരപൈമ എന്നും 440 പൗണ്ട് (200 കിലോഗ്രാം), 10 അടി (3 മീറ്റർ) വരെ നീളത്തിൽ എത്തുന്നുവെന്നും വിവരണങ്ങള്‍ കണ്ടു. ബ്രസീൽ, പെറു, ഗയാന എന്നിവിടങ്ങളിൽ അരപൈമ കാണപ്പെടുന്നു. ആമസോൺ നദീതടത്തിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ മന്ദഗതിയിലുള്ളതും സാധാരണയായി ഓക്സിജൻ കുറവുള്ളതുമായ നദികളിലാണ് അവർ താമസിക്കുന്നത്.

ആരാപൈമയെ കേരളത്തില്‍ നിന്നും 2018 ല്‍ പിടിച്ചു എന്നൊരു വാര്‍ത്ത അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു.

“2018-ലെ വെള്ളപ്പൊക്കത്തിനിടയില്‍ ൽ സെപ്റ്റംബർ 7 ന് തൃശൂർ തീരപ്രദേശമായ കൊടുങ്ങല്ലൂരിൽ ജെയ്‌സൺ കല്ലറയ്ക്കൽ എന്ന യുവാവിന് മല്‍സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയ നിലയില്‍ ആരാപൈമ ലഭിച്ചു. ഇതിന് ആറടി നീളവും 41 കിലോഗ്രാം ഭാരവുമുണ്ട്.

കേരള സർവ്വകലാശാലയിൽ ഗവേഷകയായ സ്മൃതി രാജ്, അസാധാരണമായ മത്സ്യത്തിന്റെ വാട്ട്‌സ്ആപ്പ് ഫോട്ടോഗ്രാഫുകൾ കണ്ട് രഅന്വേഷണം നടത്തി. തെക്കേ അമേരിക്കയിലെ ആമസോണിൽ മാത്രം കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിലൊന്നായ അരപൈമയാണ് ഇതെന്ന് ജനിതക പരിശോധനയിൽ കണ്ടെത്തി.” എന്നാണ് ലേഖനം വിശദമാക്കുന്നത്. ഇതല്ലാതെ കേരളത്തില്‍ നിന്നും ആരാപൈമയെ പിടിച്ചതായി വിശ്വസനീയമായ വാര്‍ത്തകളൊന്നുമില്ല.

നിഗമനം

പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ്. വൃദ്ധനായ മീന്‍പിടിത്തക്കാരന്‍ സാഹസികമായി കൂറ്റന്‍ മല്‍സ്യത്തെ പിടികൂടുന്ന വീഡിയോ കായംകുളം പത്തിയൂര്‍കാലയില്‍ നിന്നുള്ളതല്ല. തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന അരാപൈമ മല്‍സ്യത്തെ പിടിക്കുന്ന ഈ വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന് വ്യക്തമായിട്ടില്ല എങ്കിലും കായംകുളത്ത് നിന്നുള്ളതല്ലെന്ന് ഉറപ്പായിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കൂറ്റന്‍ ആരാപൈമ മല്‍സ്യത്തെ പിടിക്കുന്ന ദൃശ്യങ്ങള്‍ കായംകുളത്ത് നിന്നുള്ളതല്ല, വസ്തുത അറിയൂ...

Fact Check By: Vasuki S

Result: Misleading