
വിവരണം
കേരളം ആർക്കൊപ്പം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 17 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 13000 ത്തിൽപ്പരം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ മിനിമം വേതന വ്യവസ്ഥയെ കുറിച്ചുള്ള അറിയിപ്പാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ” എല്ലാ സ്ഥാപനങ്ങളിലും കടകളിലും എല്ലാ വിഭാഗം ജോലിക്കു നിൽക്കുന്ന ഏതൊരു തൊഴിലാളിക്കും ഏറ്റവും കുറഞ്ഞ മാസശമ്പളം 10500 ആയി നിജപ്പെടുത്തിയിട്ടുണ്ട്. മുതലാളിമാർ തന്നില്ലെങ്കിൽ ലേബർ വകുപ്പിലെ ടടോൾ ഫ്രീ നമ്പറിൽ വിളിച്ചു പരാതിപ്പെടാം. ” ഒപ്പം ടോൾ ഫ്രീ നമ്പർ നൽകിയിട്ടുണ്ട്.

| archived link | FB post |
ഏതൊരു തൊഴിലിടത്തു പണിയെടുക്കുന്ന തൊളിലാളിക്കും ഇനി അടിസ്ഥാന ശമ്പളം 10500 ആയി നിജപ്പെടുത്തി എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. അതായത് ഏതൊരു തൊഴിലാളിക്കും ഇനിമുതൽ ഏകീകൃത ശമ്പളം ആയിരിക്കും. കേന്ദ്ര സർക്കാരോ കേരള സർക്കാരോ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചോ ..? നമുക്ക് പോസ്റ്റിന്‍റെ വസ്തുത അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കി. എന്നാൽ ഇതേ വസ്തുതകൾ ലഭിച്ചില്ല. സേവന വേതന വ്യവസ്ഥയുടെ നിരവധി നിയമങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. എന്നാൽ പോസ്റ്റിൽ പറയുന്നപോലെയുള്ള രീതിയിലല്ല അവർ നടപ്പിലാക്കപ്പെടുന്നത്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ തിരുവനന്തപുരത്ത് തൊഴിൽ വകുപ്പ് ആസ്ഥാനവുമായി ബന്ധപ്പെട്ടു. അവിടെ പബ്ലിഷ് റിലേഷൻസ് ഓഫീസർ ദിലീപ് കുമാറുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായും തെറ്റാണ് എന്നാണ്. “ഓരോ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട തൊഴിലാളികൾക്ക് വ്യത്യസ്ത വേതനമാണുള്ളത്. കാർഷിക രംഗത്തുള്ളവർ, മരപ്പണിക്കാർ, ബീഡി തൊഴിലാളികൾ, റോഡ് പണിക്കാർ, ടെക്സ്റ്റയിൽസ്, മറ്റു കടകൾ തുടങ്ങിയവയിലെ തൊഴിലാളികൾ എന്നിങ്ങനെ അനേകം വിഭാഗങ്ങളുണ്ട്. ഇവർക്കെല്ലാം വ്യത്യസ്തമായ വേതന നിരക്കുകളാണുള്ളത്. വേതന നിരക്ക് സ്ഥാപനത്തിന്‍റെ ടേണോവർ അടിസ്ഥാനമാക്കിയേ നിശ്ചയിക്കാൻ സാധിക്കൂ.ഉദാഹരണത്തിന് 10 കോടി ടേണോവർ ഉള്ള സ്ഥാപനത്തിലും 1 കോടി ടേണോവർ ഉള്ള സ്ഥാപനത്തിലും ഒരേ നിരക്കിലായിരിക്കില്ല വേതനം ലഭിക്കുക. ഇവ കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിക്കാറുണ്ട്. ഓരോ വിഭാഗങ്ങളുടെയും നിരക്കുകൾ തൊഴിൽ വകുപ്പിന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.”
തുടർന്ന് ഞങ്ങൾ വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ വേതന നിരക്കുകളുടെ സർക്കാർ ഉത്തരവുകൾ കാണാൻ കഴിഞ്ഞു. അവയിൽ ചിലതിന്‍റെ സ്ക്രീൻഷോട്ടുകൾ താഴെ നൽകിയിട്ടുണ്ട്.

| archived link | handling and care of elephants |

| archived link | furniture industry |

| archived link | Forest_Industry |

ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ വസ്തുതാപരമായി തെറ്റാണ് എന്നാണ്. ഓരോ വ്യത്യസ്ത മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളി വിഭാഗങ്ങൾക്ക് വ്യത്യസ്ത വേതന നിരക്കുകളാണുള്ളത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വസ്തുത പൂർണ്ണമായും തെറ്റാണ്. എല്ലാ കടകളിലും സ്ഥാപനങ്ങളിലും ജോലിക്കു നിൽക്കുന്ന എല്ലാ വിഭാഗം തൊഴിലാളിക്കും ഒരേ ശമ്പള നിരക്കായി 10500 രൂപയായി നിശ്ചയിച്ചിട്ടില്ല. തെറ്റിധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക
Title:എല്ലാ വിഭാഗം തൊഴിലാളികൾക്കും ഏറ്റവും കുറഞ്ഞ മാസശമ്പളം 10500 ആയി നിശ്ചയിച്ചിട്ടുണ്ടോ..?
Fact Check By: Vasuki SResult: False


