വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ പണം കൊണ്ടുപോകുന്നതിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തലക്കെട്ടുള്ള പേപ്പറില്‍ ബാങ്കിന്‍റെയും തുകയുടെയും വിശദാംശങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രത്തിന്‍റെ പകര്‍പ്പാണ് നല്‍കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “പൊതു അറിവിലേക്കായി....

50,000/ രൂപയ്ക്ക് മുകളിലുള്ള സംഖ്യ ബാങ്കിൽ നിന്നും എടുത്ത് പണമായി കയ്യിൽ കരുതി വാഹന യാത്ര നടത്തുന്നവർക്ക് ബാങ്ക് നൽകുന്ന രേഖയാണിത് ( ഇലക്ഷൻ കഴിയുന്നതുവരെ ഇത്തരം രേഖകളുമായി മാത്രമേ വാഹന യാത്ര നടത്താവൂ. അത് ബസ്സുകളിൽ ആയാൽ പോലും). കച്ചവട ആവശ്യങ്ങൾക്കായി പണം കയ്യിൽ കരുതി യാത്ര നടത്തുന്ന വ്യാപാരികൾ അറിയുന്നതിന് വേണ്ടിയാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.റോഡുകളിൽ പോലീസിന്റെ മാത്രമല്ല ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ഉദ്യോഗസ്ഥരുടെയും കർശന പരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്.”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ പ്രചരണത്തിന്‍റെ വിശദാംശങ്ങള്‍ അറിയാനായി കണ്ണൂര്‍ ജില്ലാ കളക്റ്ററുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വിക്ക് റെസ്പോണ്‍സ് ടീമുമായി ബന്ധപ്പെട്ടു. കണ്ണൂര്‍ ജില്ലാ കലക്റ്റര്‍ അരുണ്‍ കെ വിജയന്‍ നല്‍കിയ മറുപടി ഇങ്ങനെ: “ബാങ്കിന്‍റെ ഒരു ശാഖയിൽ നിന്ന് മറ്റൊന്നിലേക്കോ എടിഎമ്മുകളിലേക്കോ ബാങ്കുകൾ പണം കൊണ്ടുപോകുന്നതിനുള്ള ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനായി ഇലക്ഷന്‍ സീസര്‍ മാനേജ്മെന്‍റ് സിസ്റ്റം (Election Seizure Management System-ESMS) ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇതിനായി ESMS ആപ്പിൽ ഒരു QR കോഡ് സംയോജിപ്പിച്ചിരിക്കുന്നു, ഇതുപയോഗിച്ച് ബാങ്കുകൾക്ക് വേണ്ടി 50,000 രൂപയിൽ കൂടുതൽ കൈമാറ്റം ചെയ്യപ്പെടുന്ന പണം എളുപ്പത്തിൽ തിരിച്ചറിയാനും തരംതിരിക്കാനും സ്റ്റാറ്റിക് സ്ക്വാഡുകളെയും ഫ്ലയിംഗ് സ്ക്വാഡുകളെയും പ്രാപ്തരാക്കുന്നു.

പൊതുജനങ്ങള്‍ പണം ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ അവർ വഹിക്കുന്ന പണത്തിന്‍റെ ആധികാരികത തെളിയിക്കാൻ പ്രസക്തമായ രേഖകൾ അവർ കൈവശം വയ്ക്കേണ്ടതുണ്ട്.”

അതായത് ചിത്രത്തിലുള്ള പണം കൊണ്ടുപോകുന്നതിനുള്ള രേഖ ബാങ്കുകള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. സാധാരണ പൌരന്‍മാര്‍ക്ക് വേണ്ടിയുള്ളതല്ല. സാധാരണ പൌരന്മാര്‍ പണം കൊണ്ടു പോവുകയാണെങ്കില്‍ ആവശ്യ രേഖകള്‍ കരുതണം എന്നുമാത്രം. അല്ലാതെ ചിത്രത്തില്‍ കാണുന്ന രേഖ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല.

നിഗമനം

പോസ്റ്റിലെ വിവരണം തെറ്റാണ്. ചിത്രത്തില്‍ കാണുന്ന പണ സംബന്ധമായ സാക്ഷ്യപത്രം സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ല. ഒരു ബാങ്കില്‍ നിന്നു മറ്റൊരു ബാങ്കിലേയ്ക്കോ അല്ലെങ്കില്‍ എ‌ടി‌എം സെന്‍ററുകളിലേയ്ക്കോ പണം കൊണ്ടുപോകുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈയ്യില്‍ കരുത്തേണ്ട രേഖയാണിത്. സാധാരണ പൌരന്‍മാര്‍ക്ക് പണം കൊണ്ടുപോകാന്‍ ഈ രേഖ ബാധകമല്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബാങ്കുകള്‍ക്കിടയിലുള്ള പണവിനിമയത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സാക്ഷ്യപത്രമാണിത്… പൌരന്‍മാര്‍ക്ക് ബാധകമല്ല...

Fact Check By: Vasuki S

Result: False