
റോഡരികില്‍ പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപിടിച്ച ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പ്രചരണം
ഹരിത കര്‍മ്മ സേന പണം ഈടാക്കി വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് എന്നവകാശപ്പെട്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആളിക്കത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “50 രൂപ ഫീസ് ഈടാക്കി ഹരിത കർമ്മ സേന കൊണ്ടുപോയ പ്ലാസ്റ്റിക്ക് ആണ് ഈ കത്തിക്കുന്നത്. നമ്മൾ വീട്ടിൽ കത്തിച്ചാൽ ഫൈൻ.”
സമീപത്ത് ഒരു ബസ് കിടക്കുന്നത് കാണാം. തിരക്കുള്ള മേഖലയിലാണ് തീപിടിത്തം നടന്നതെന്ന് അനുമാനിക്കുന്നു. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിത് എന്നു അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വിശദീകരണം
പ്രചരണത്തിന്‍റെ വിശദാംശങ്ങള്‍ അറിയാനായി ഞങ്ങള്‍ കുമ്പളങ്ങി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെ നിന്നും സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അറിയിച്ചതിങ്ങനെ: “ഇക്കഴിഞ്ഞ ദിവസം പെരുമ്പടപ്പ് മാര്‍ക്കറ്റിന് സമീപമാണ് തീപിടിത്തമുണ്ടായത്. പകലായിരുന്നു സംഭവം. ഹരിത കര്‍മ്മസേന വച്ചിരുന്ന പ്ലാസ്റ്റിക് ശേഖരത്തിന് തീപിടിച്ചതാണ്. അവര്‍ തന്നെ കത്തിച്ചതാണ് എന്ന് വെറുതെ പ്രചരിപ്പിക്കുന്നതാണ്. ഈ സ്ഥലത്ത് വേസ്റ്റ് നിക്ഷേപിക്കുന്നുണ്ട്. അവിടെ നിന്നും അബദ്ധത്തില്‍ തീ പിടിച്ചതാകാം. കാരണം പട്ടാപ്പകല്‍ ആരും തീ കത്തിക്കാന്‍ ഇടയില്ല എന്നാണ് അനുമാനിക്കുന്നത്. തീ പടര്‍ന്ന ഉടന്‍ തന്നെ ഫയര്‍ ഫോഴ്സിനെ വിളിക്കുകയും അവര്‍ എത്തി തീ അണക്കുകയും ചെയ്തിരുന്നു. വേറെ അപകടമൊന്നുമില്ല. പോലീസ് കേസില്ല.”
തുടര്‍ന്ന് ഞങ്ങള്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഫയര്‍ ആന്‍റ് റെസ്ക്യു മട്ടാഞ്ചേരി ടീം ആണ് തീ അണച്ചത്. “പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. ആരെങ്കിലും കത്തിച്ചതാണ് എന്ന് കരുതുന്നില്ല. കാരണം പകല്‍ തിരക്കുള്ള സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇപ്പോള്‍ നല്ല ചൂടുള്ള സമയമാണ്. ആരെങ്കിലും വലിച്ചിട്ട് കളയുന്ന ഒരു സിഗരറ്റ് കുറ്റി മാത്രം മതിയാവും വലിയ തീപിടിത്തം ഉണ്ടാകാന്‍.”
തീ അണക്കുന്ന ദൃശ്യങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭ്യമായത്:
കുടുംബശ്രീ ഹരിത കര്‍മ്മസേന അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. അവരുടെ പ്രതികരണം ലഭിച്ചാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിഗമനം
എറണാകുളം പെരുമ്പടപ്പില്‍ ഹരിത കര്‍മ്മസേന വീടുകളില്‍ നിന്നും പണം ഈടാക്കി കൊണ്ടുവരുന്ന പ്ലാസ്റ്റിക് ശേഖരം അവര്‍തന്നെ തീയിട്ടു നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയാണ്. പ്ലാസ്റ്റിക് ശേഖരത്തിന് എങ്ങനെയോ തീപിടിച്ചതാണ് എന്ന് പോലീസും ഫയര്‍ ഫോഴ്സും പറയുന്നു.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പണം ഈടാക്കി വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഹരിത കര്‍മ്മ സേന റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുകയാണോ…? വസ്തുത അറിയൂ…
Written By: Vasuki SResult: Insight
