ഹൃദയാഘാതം ഉണ്ടായ ഉടൻ ഇഞ്ചി ചവച്ചു തിന്നുന്നത് ഹൃദയ തടസ്സം നീക്കുമെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്, വസ്തുത അറിയൂ...
ഹൃദയാഘാതം ഉണ്ടായ ഉടൻ ഇഞ്ചി കഴിക്കുന്നത് ഹൃദയത്തിലെ തടസ്സം നീക്കി രോഗിക്ക് ആശ്വാസം പകരുമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്.
പ്രചരണം
ഹൃദയാഘാതമുണ്ടായാൽ ഉടൻ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരാള്‍ ജനക്കൂട്ടത്തിന് നല്‍കുന്ന മുന്‍കരുതല്‍ സന്ദേശമാണ് വീഡിയോയില്‍. ഹൃദയാഘാതം നേരിട്ട ഒരു വ്യക്തിയെ എങ്ങനെയാണ് സുരക്ഷിതമായി സ്ഥാനം ചെയ്യേണ്ടതെന്നും വിശദീകരിച്ചുകൊണ്ട് സ്പീക്കർ അവകാശപ്പെടുന്നു. ഹാര്‍ട്ട് അറ്റാക് സൂചനകള്‍ ശരീരം കാണിച്ചു തുടങ്ങിയാല്‍ ഉടന്‍ നമ്മള്‍ ആംബുലന്‍സ് വിളിക്കും, രോഗിയെ ഡോക്ടറുടെ സമീപത്ത് എത്തിക്കും. ഇതിനിടയിലുള്ള സമയം പ്രധാനമാണ്. നമ്മുടെ എല്ലാ വീടുകളിലും ശരിക്കും ചെറുതും എന്നാൽ വളരെ വിലമതിക്കാനാവാത്തതുമായ ഇഞ്ചി എന്നൊരു വസ്തുവുണ്ട്. നിങ്ങൾ രോഗിയോട് ഇത് ചവയ്ക്കാൻ ആവശ്യപ്പെടുക. കണ്ണിലൂടെ വെള്ളം ഒഴുകി വരുന്നതുവരെ അവരെ ചവയ്ക്കാൻ പ്രേരിപ്പിക്കുക. 2-5 മിനിറ്റിനുള്ളിൽ അവരുടെ കണ്ണുകൾ നനയാൻ തുടങ്ങും. ഇത് ഹൃദയ തടസ്സം നീങ്ങിയതിന്‍റെ സൂചനയാണ്. അതിനുശേഷം നിങ്ങൾക്ക് അവനെ ആശുപത്രിയിൽ കൊണ്ടുപോകാം, പക്ഷേ അപ്പോഴേക്കും രോഗി സുരക്ഷിതനായിരിക്കും. കാരണം ശരീരം ഉടനടി നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ തുടങ്ങുകയും വാസോഡിലേഷൻ കാരണം നിങ്ങളുടെ ധമനികൾ തുറക്കുകയും ചെയ്യുന്നു. തടസ്സം വഴിമാറി നിങ്ങൾ സുരക്ഷിതരായിരിക്കും. ”
വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “*അല്പം ഇഞ്ചി കയ്യിൽ കരുതാൻ ആർക്കാണ് ബുദ്ധിമുട്ടുണ്ടാകുക*
*ഹൃദയാഘാതം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് പ്രാദേശിക ഇഞ്ചി നിങ്ങളുടെ പോക്കറ്റിൽ വജ്രം പോലെ സൂക്ഷിക്കുക. ആക്രമണം ഉണ്ടായാലുടൻ, മുകളിലെ ക്ലിപ്പിൽ കാണിച്ചിരിക്കുന്നതുപോലെ ഇരുന്നു 🫚 ഇഞ്ചി ചവയ്ക്കുക. നിങ്ങളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നത് വരെ ചവയ്ക്കുക..❗എല്ലാവർക്കും ഷെയർ ചെയ്യുക.*
*പങ്കിടൽ ഒരു ജീവൻ രക്ഷിക്കും*”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി
വസ്തുത അന്വേഷണം
പ്രചരണത്തെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ആദ്യംതന്നെ ഞങ്ങള്‍ ഒരു കാര്‍ഡിയോളജിസ്റ്റിനെ സമീപിച്ചു: “ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ ഇഞ്ചി കഴിച്ചാല്‍ ഹൃദയത്തിലെ തടസ്സം തൽക്ഷണം മാറുമെന്നും രോഗി രക്ഷപ്പെടുമെന്നും ഇതുവരെ തെളിവുകളൊന്നുമില്ല. ഹൃദയാഘാതം നിരവധി കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ഹൃദയാഘാതത്തിന്‍റെ വ്യാപ്തി പ്രധാനമാണ്. അതുപോലെ പലതരം ഹൃദയാഘാതങ്ങളുണ്ട്. ഇതില്‍ ഏതാണ് എന്ന് രോഗിക്കോ ചുറ്റുമുള്ള ബന്ധുക്കള്‍ക്കൊ അറിയാന്‍ സാധിക്കില്ല. അതുപോലെ ഹൃദയാഘാത ലക്ഷണങ്ങള്‍ എല്ലാവരിലും ഒരിപോലെ ആയിരിക്കണം എന്നില്ല. ഓരോ രോഗികളിലും വ്യത്യസ്തമായിരിക്കും. വിദഗ്ദ്ധനായ ഒരു ഡോക്ടര്‍ക്ക് പോലും രോഗ നിര്‍ണയത്തിന് പല പരിശോധനകള്‍ വേണ്ടിവരും. നിങ്ങള്‍ ഒരു ഹൃദ്രോഗി ആണെങ്കില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ എങ്ങനെ ആയിരിക്കുമെന്നും എന്തൊക്കെ ഫസ്റ്റ് എയിഡ് സ്വീകരിക്കണമെന്നും ചെക്കപ്പ് സമയത്ത് ഉപദേശം തേടുന്നത് നന്നായിരിക്കും. ആധികാരികത ഇല്ലാത്ത ഇത്തരം ഫസ്റ്റ് എയിഡ് സ്വീകരിക്കുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടുകയാണ് ഉചിതം.” എന്നാണ് ആലപ്പുഴയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. തോമസ് മാത്യു അറിയിച്ചത്.
ഹൃദയാഘാത സാധ്യത തടയുന്നതില്‍ ഇഞ്ചി ഫലപ്രദമാണോ എന്നറിയാനായി ഞങ്ങള്‍ മെഡിക്കല്‍ പഠനങ്ങള്‍ തിരഞ്ഞു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം അനുസരിച്ച് “കൂടുതൽ വീര്യവും ചെറിയ പാർശ്വഫലങ്ങളുമുള്ള പുതിയ മരുന്നുകൾ വികസിപ്പിക്കാൻ നിരവധി പ്രകൃതിദത്ത ഔഷധ പരീക്ഷിച്ചു നോക്കി. ഇഞ്ചി പല രോഗങ്ങൾക്കും പരമ്പരാഗത മരുന്നായി ഉപയോഗിക്കുന്നു. അസംസ്‌കൃത സത്തിൽ ഹൃദയാരോഗ്യത്തിന് അനുകൂലമായ ഘടകങ്ങളുണ്ട്. ഇഞ്ചിയുടെ കാർഡിയോ പ്രൊട്ടക്റ്റീവ് ഗുണങ്ങള്‍ കാർഡിയോടോണിക്, ആന്‍റി- ഹൈപ്പർടെൻസിവ്, ആന്‍റി-ഹൈപ്പർലിപിഡീമിയ, ആന്‍റി പ്ലേറ്റ്‌ലെറ്റ് ഇഫക്റ്റുകൾ എന്നിവയ്ക്ക് ഗുണകരമാണ്.
കൂടാതെ WebMD റിപ്പോര്‍ട്ട് അനുസരിച്ച്, ഉയർന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇഞ്ചി ശരീരത്തെ സഹായിക്കുന്നു.
മയോ ക്ലിനിക്ക് ശുപാർശ അനുസരിച്ച് ഹൃദയാഘാത സമയത്ത് ആംബുലൻസിനായി എമർജൻസി നമ്പറിൽ വിളിക്കുക അല്ലെങ്കിൽ നിങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരോടെങ്കിലും ആവശ്യപ്പെടുക. അടിയന്തര സഹായത്തിനായി കാത്തിരിക്കുമ്പോൾ ആസ്പിരിൻ ചവച്ചരച്ച് വിഴുങ്ങുക. നിങ്ങളുടെ രക്തം കട്ടപിടിക്കുന്നത് തടയാൻ ആസ്പിരിൻ സഹായിക്കുന്നു. ഹൃദയാഘാത സമയത്ത് ഇത് കഴിക്കുമ്പോൾ, ഹൃദയാഘാതം കുറയ്ക്കാൻ കഴിയും. നിങ്ങൾക്ക് ആസ്പിരിൻ അലർജിയുണ്ടെങ്കിൽ അല്ലെങ്കിൽ ഒരിക്കലും ആസ്പിരിൻ കഴിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കിൽ കഴിക്കരുത്.
സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച്, ഹൃദയപേശിയുടെ ഒരു ഭാഗത്തിന് ആവശ്യത്തിന് രക്തം ലഭിക്കാത്തപ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിന് ചികിത്സയില്ലാതെ കൂടുതൽ സമയം കടന്നുപോകുമ്പോള്‍ ഹൃദയപേശികൾ പെട്ടെന്ന് അപാകടാവസ്ഥയിലാകും. കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) ആണ് ഹൃദയാഘാതത്തിന്‍റെ പ്രധാന കാരണം.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഹൃദയാരോഗ്യം നിലനിർത്താൻ ഇഞ്ചി ഫലപ്രദമാണെങ്കിലും, ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ ഇഞ്ചി കഴിക്കുന്നത് തടസ്സം ഉടനടി നീക്കി രോഗിയെ രക്ഷിക്കുമെന്ന് ആധികാരികതയുള്ള തെളിവുകളൊന്നുമില്ല. മെഡിക്കല്‍ പഠനങ്ങള്‍ അനുസരിച്ച് ഉയർന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇഞ്ചി ശരീരത്തെ സഹായിക്കുന്നു.