
വിവരണം
ഇത് ആലപ്പുഴയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്ന തലക്കെട്ട് നല്‍കി മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഒരു പ്രദേശത്തുകൂടി കടന്ന് പോകുന്ന അതിമനോഹരമായ ഒരു റോഡിന്‍റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആലപ്പുഴ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 700ല്‍ അധികം റിയാക്ഷനുകളും 23ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. പലരും ഇത് ആലപ്പുഴയല്ലെന്നും ആലപ്പുഴയില്‍ ഇത്തരമൊരു സ്ഥലമില്ലെന്നും കമന്‍റുകളിടാന്‍ തുടങ്ങിയപ്പോള്‍ പേജ് അഡ്മിന്‍ കമന്‍റ് ബോക്‌സില്‍ ഇത് വണ്ടാനത്തെ കാട്ടിലുള്ള വഴിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്.
ഇതാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ്-

ആലപ്പുഴയെന്ന പേരില്‍ പ്രചരിക്കുന്ന ആ മനോഹര ചിത്രം ഇതാണ്-

എന്നാല്‍ ഈ ചിത്രം ആലപ്പുഴയിലെ തന്നെയാണോ? വണ്ടാനത്ത് ഇങ്ങനെയൊരു സ്ഥലമുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ആലപ്പുഴ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിളില്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ചത് ഇതെ ചിത്രം മറ്റു ചില വെബ്‌സൈറ്റുകളില്‍ പങ്കുവെച്ചിരിക്കുന്നതാണ്. ഇതില്‍ നിന്നും hyko.tv എന്ന വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്ന ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു വെബ്‌സൈറ്റാണിതെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഔട്ട്ഡോര്‍ ടോണ്‍സ് എന്ന പേരിലുള്ള ഒരു പേജില്‍ ബ്ലാക്ക് സ്പര്‍ (Black Spur) എന്ന സ്ഥലമാണിതെന്ന പേരിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹാരി പോപ്പ് എന്ന ഫോട്ടോഗ്രാഫറിനെയും ചിത്രത്തില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഹാരി പോപ്പിന്‍റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും യഥാര്‍ത്ഥ ചിത്രം കണ്ടെത്തിയതില്‍ നിന്നും ഇത് ബ്ലാക്ക് സ്പര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാനും സാധിച്ചു. ബ്ലാക്ക് സ്പര്‍ എന്ന സ്ഥലം ഓസ്ട്രേലിയയിലെ ഒരു പ്രധാന വിനോദസഞ്ചാര മേഖലയാണ്. ഓസ്ട്രേലിയയിലെ മെല്‍ബണിന്‍റെ വടക്ക് കിഴക്കന്‍ മേഖലയാണ് ബ്ലാക്ക് സ്പര്‍ എന്നാണ് വിക്കിപ്പീഡിയയിലെ വിവരങ്ങള്‍. ഗൂഗിളില്‍ ബ്ലാക്ക് സ്പര്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഇമേജ് സെര്‍ച്ച് ചെയ്യുമ്പോഴും ഇതെ സ്ഥലത്തിന്‍റെ മനോഹരമായ ധാരാളം ചിത്രങ്ങള്‍ കാണാനും സാധിക്കും.
ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

Hyko.tv ഔട്ടോഡോര്‍ ടോണ്‍സ് എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്ന ബ്ലാക് സ്പറില്‍ നിന്നും ഹാരി പോപ്പ് പകര്‍ത്തിയ ചിത്രം-

ഹാരിപോപ്പ് തന്‍റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈിലില്‍ പങ്കുവെച്ച ചിത്രം-
ബ്ലാക്ക് സ്പറിന്‍റെ മറ്റ് ചിത്രങ്ങള്‍ ഗൂഗിള്‍ ഇമേജസില്‍-

ബ്ലാക്ക് സ്പര്‍ ഔസ്ട്രേലിയയിലെ ഒരു പ്രധാന വിനോദ സഞ്ചാര മേഖലയാണ്. വിക്കിപ്പീഡിയ വിവരങ്ങള്‍-

നിഗമനം
ഓസ്ട്രേലിയയിലെ ബ്ലാക്ക് സ്പര്‍ എന്ന വിനോദ സഞ്ചാരമേഖലയിലെ മനോഹരമായ ഒരു ചിത്രമാണ് ആലപ്പുഴയാണെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങള്‍ നടത്തിയ വസ്‌തുത അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടുകള്‍ക്ക് നടുവിലൂടെയുള്ള ഈ മനോഹര പാത ആലപ്പുഴയിലാണോ?
Fact Check By: Dewin CarlosResult: False
