ഭാരത് ജോഡോ: ബീഫ് കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ ഫോട്ടോ എഡിറ്റഡാണ്…

പ്രാദേശികം | Local രാഷ്ട്രീയം | Politics

150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്രയില്‍, കാൽനട ജാഥയുടെ ഭാഗമായി രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളും ഇപ്പോള്‍ കേരളത്തിലുണ്ട്. ശ്രീനഗറിലെത്തുന്നതിനു മുമ്പ് നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കാനാണ് പദ്ധതി. കന്യാകുമാരിയിൽ ആരംഭിച്ച കാൽനട ജാഥ സെപ്റ്റംബർ 30-തോടെ കർണാടകയിൽ എത്തുമെന്നാണ് കരുതുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജോഡോ യാത്രയ്ക്കിടെ കേരളത്തിൽ എത്തിയപ്പോള്‍ ബീഫ് കഴിക്കുന്നുവെന്ന് വാദിച്ച് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, കെസി വേണുഗോപാൽ എന്നിവർക്കൊപ്പം മേശയ്ക്കരുകില്‍ ഭക്ഷണം കഴിക്കുന്ന രാഹുൽ ഗാന്ധിയെ ചിത്രത്തിൽ കാണാം. കേരള പൊറോട്ട, ബിസ്‌ക്കറ്റ് എന്നിവയുൾപ്പെടെയുള്ള ഭക്ഷണ പദാർത്ഥങ്ങളും നിരവധി പേപ്പർ ഗ്ലാസുകളും ഇറച്ചി വിഭവവും  ചിത്രത്തിൽ കാണാം. ചിത്രത്തോടൊപ്പമുള്ള മലയാളം അടിക്കുറിപ്പ് ഇങ്ങനെയാണ്: “അതെന്നാടാ കൂവേ,

രാഹുൽ പൊറോട്ടയും ബീഫും കഴിച്ചാൽ?!

പശുക്കിടാവിനെ പച്ചജീവനോടെ പരസ്യമായി വെട്ടിക്കൂട്ടി മാതൃക കാണിച്ച ഉശിരുള്ള മാങ്കുറ്റി കോൺഗ്രസുകാരുള്ള കേരളമാണെടാ ഇത്.

കപ്പ വേവിച്ച് ഒപ്പം ബീഫും കൂട്ടി ഫെസ്റ്റ് നടത്തിയ വിപ്ലവ കമ്യൂണിസ്റ്റുകളുടെ ഖേരളമാണെടാ.

ബീഫ് അടിപൊളിയല്ലേ, ബെസ്റ്റല്ലേ, സൂപ്പറല്ലേ?

അല്ലെങ്കിൽ രാഹുൽ ചേട്ടൻ തന്നെ പറയട്ടെ, ഞാൻ ബീഫ് കഴിക്കില്ലെന്ന്. ബീഫ് തനിക്കിഷ്ടമല്ലാത്തത് എന്തുകൊണ്ടാണെന്ന്.

മറ്റുള്ളവർ ആവുന്നത്ര വറുത്തോ റോസ്റ്റാക്കിയോ കഴിച്ചോ എന്ന്..!

ഇതങ്ങ് ജമ്മു കശ്മീർ വരെ ചെല്ലുന്നതു വരെ പറയുകയും വേണം.

NB: ഈ ഫോട്ടൊ വ്യാജമാണെന്നൊന്നും പറയാനൊന്നും നിൽക്കണ്ടാ.

അപ്പൊ വേറെ വിശദീകരണം തരേണ്ടിവരും.

‘ഉള്ളി സുര’ പോലെ ‘ബീഫ് ഗാന്ധി’.

അത്രയും കരുതിയാൽ മതി..!”

archived linkFB post

എന്നാല്‍ എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2022 സെപ്റ്റംബർ 17 ന് പ്രസിദ്ധീകരിച്ച മനോരമ ലേഖനത്തിൽ ഇതേ ചിത്രം കണ്ടെത്തി.

ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്, “രാഹുൽ ഗാന്ധി വള്ളിക്കീഴിലെ ചായക്കടയിൽ കയറിയപ്പോൾ. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി, കെസി വേണുഗോപാല്‍ എംപി,  പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ സമീപം” വൈറലായ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ബീഫ് വിഭവം നിറഞ്ഞ പ്ലേറ്റ് യഥാർത്ഥ ചിത്രത്തിൽ, കാണാനില്ല. 

വൈറലായ ചിത്രവും യഥാർത്ഥ ഫോട്ടോയും തമ്മിലുള്ള താരതമ്യം താഴെ കാണാം.

2022 സെപ്തംബർ 17-ന് പ്രസിദ്ധീകരിച്ച കേരളകൗമുദിയില്‍ യഥാർത്ഥ ചിത്രം ഉള്‍പ്പെടുത്തി നല്‍കിയ ഒരു ലേഖനവും ഞങ്ങൾ കണ്ടെത്തി. 

കൊല്ലം വള്ളിക്കീഴിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ഒരു ചെറിയ ചായക്കടയില്‍ കയറിയതിനെ കുറിച്ചാണ് ലേഖനം. കൊല്ലത്തുനിന്നും വള്ളിക്കീഴ് എത്തിയപ്പോൾ തടിച്ചുകൂടി നിൽക്കുന്ന ജനങ്ങൾക്കിടയിലൂടെ രാഹുൽ ഒരു തട്ടുകട കണ്ടുവെന്നും പെട്ടെന്ന് അവിടേക്ക് നടന്നു കയറിയെന്നും രാഹുലിനെ കണ്ടു കടക്കാരൻ ഞെട്ടിയെന്നും വാർത്തയിലുണ്ട്.  ഒപ്പമുണ്ടായിരുന്ന നേതാക്കളുമായി സംസാരിക്കുന്നതിനിടെ കടക്കാരൻ അവിടെയുണ്ടായിരുന്ന ബിസ്കറ്റും പൊറോട്ടയും കട്ടൻ ചായയും വിളമ്പി രാഹുൽ ഗാന്ധിക്കും കൂട്ടർക്കും നൽകിയതായും ലേഖനത്തിലുണ്ട്.

ഈ ചിത്രത്തിൽ ബീഫ് വിഭവത്തിന്‍റെ പ്ലേറ്റ് എഡിറ്റ് ചെയ്ത് ചേർത്താണ് പോസ്റ്റിലെ ചിത്രം പ്രചരിപ്പിക്കുന്നത്. യഥാർത്ഥ ചിത്രത്തിൽ ബീഫ് പ്ലേറ്റ് ഇല്ല.  

നിഗമനം 

പോസ്റ്റിലെ പ്രചരണം  തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. എഡിറ്റ് ചെയ്ത ചിത്രമാണ് രാഹുൽഗാന്ധി കേരളത്തിൽ എത്തി ബീഫ് കഴിക്കുന്നു എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഭാരത് ജോഡോ: ബീഫ് കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ ഫോട്ടോ എഡിറ്റഡാണ്…

Fact Check By: Vasuki S 

Result: Altered