തെരെഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിക്കൊണ്ടും മറ്റുള്ള സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടിയെയും വിമര്‍ശിച്ചുകൊണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി‌ജെ‌പി നേതാവ് എല്‍‌കെ അദ്വാനിയും പ്രസിഡന്‍റ് ദ്രൌപദി മുര്‍വിനെ ഇരിപ്പിടം നല്‍കാതെ അപമാനിച്ചു എന്ന തരത്തില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്.

പ്രചരണം

പോസ്റ്റിലെ ചിത്രത്തില്‍ പ്രസിഡന്‍റ് ദ്രൌപദി മുര്‍മു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയും മുതിര്‍ന്ന ബി‌ജെ‌പി നേതാവ് എല്‍‌കെ അദ്വാനിയും കസേരകളില്‍ ഇരിക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. “മാറി പോകരുത്.. ആ മൂലയ്ക്ക് പതുങ്ങി നിൽക്കുന്നത് ഓഫിസിലെ പ്യൂണല്ല.. ഇന്ത്യയുടെ രാഷ്ട്രപതിയാണ്” എന്നൊരു വാചകം ചിത്രത്തിനൊപ്പമുണ്ട്. കൂടാതെ ദ്രൌപദി മൂര്‍മുവിന് ഇരിപ്പിടം നല്‍കിയില്ല എന്നവകാശപ്പെട്ട്,

“*നമ്മുടെ പ്രസിഡണ്ടിന് ഇരിക്കാൻ ഒരു കസേര ഇല്ലാത്തതുകൊണ്ടാണോ ...... അതോ അയിത്തമാണോ ........ ..........ഡിജിറ്റൽ ഇന്ത്യ തിളങ്ങുന്ന ഓരോ രീതിയെ ....... ഇങ്ങനെ തിളങ്ങിയാൽ രാജ്യം എവിടെയെത്തുമാവോ .....😀😀*” എന്ന വിവരണം കൊടുത്തിട്ടുണ്ട്.

FB postarchived link

എന്നാല്‍ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രാഷ്ട്രപതിക്ക് ഇരിപ്പിടം നല്‍കിയില്ല എന്നത് തെറ്റായ പ്രചരണമാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക X ഹാന്‍റിലില്‍ ഇതേ ചിത്രം കൊടുത്തിരിക്കുന്നത് കണ്ടു.

“പ്രസിഡന്‍റ് ദ്രൗപതി മുർമു ശ്രീ എൽ.കെ. അദ്വാനിക്ക് അദ്ദേഹത്തിന്‍റെ വസതിയിൽ വച്ച് ഭാരതരത്‌ന സമ്മാനിച്ചു. ഔപചാരിക ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ശ്രീ അദ്വാനിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖനായ ശ്രീ അദ്വാനി, ഏഴു പതിറ്റാണ്ടിലേറെയായി അചഞ്ചലമായ അർപ്പണബോധത്തോടെയും വ്യത്യസ്തതയോടെയും രാജ്യത്തെ സേവിച്ചു. 1927-ൽ കറാച്ചിയിൽ ജനിച്ച അദ്ദേഹം വിഭജനത്തിന്‍റെ പശ്ചാത്തലത്തിൽ 1947-ൽ ഇന്ത്യയിലേക്ക് കുടിയേറി. സാംസ്കാരിക ദേശീയതയെക്കുറിച്ചുള്ള കാഴ്ചപ്പാടോടെ, രാജ്യത്തുടനീളം പതിറ്റാണ്ടുകളോളം കഠിനാധ്വാനം ചെയ്യുകയും സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതിയിൽ പരിവർത്തനം വരുത്തുകയും ചെയ്തു. അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യത്തെ അപകടത്തിലാക്കിയപ്പോൾ, സ്വേച്ഛാധിപത്യ പ്രവണതകളിൽ നിന്ന് അതിനെ സംരക്ഷിക്കാൻ അദ്ദേഹത്തിനുള്ളിലെ അക്ഷീണനായ പോരാളി സഹായിച്ചു”

എന്ന വിവരണം ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. അതായത് എല്‍‌കെ അദ്വാനിയുടെ വസതിയില്‍ അദ്ദേഹത്തിന് ഭാരതരത്ന സമ്മാനിക്കുന്ന ചങ്ങങ്ങില്‍ നിന്നുള്ള ദൃശ്യമാണിത്.

രാഷ്ട്രപതി എല്‍‌കെ അദ്വാനിക്കും പ്രധാനമന്ത്രിക്കും സമീപം കസേരയില്‍ ഇരിക്കുന്ന ചിത്രവും രാഷ്ട്രപതിയുടെ ഔദ്യോഗിക X ഹാന്‍റിലില്‍ കൊടുത്തിട്ടുണ്ട്.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ രാഷ്ട്രപതിയുടെ യുട്യൂബ് ചാനലില്‍ നിന്നും ഇതിന്‍റെ വീഡിയോ ലഭ്യമായി.

രാഷ്ട്രപതി ദ്രൌപദി മുര്‍മു ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നതും ഭാരതരത്ന എല്‍‌കെ അദ്വാനിയുടെ കഴുത്തില്‍ അണിയിക്കുന്നതും സനദ് അദ്ദേഹത്തിന് സമ്മാനിക്കുന്നതും കാണാം. തുടര്‍ന്ന് അദ്വാനിയെ കൈകൂപ്പി വന്ദിച്ചശേഷം ദ്രൌപദി മൂര്‍മു സമീപത്ത് നില്‍ക്കുമ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്.

പല മാധ്യമങ്ങളും ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്‍‌കെ അദ്വാനിക്കും നരേന്ദ്ര മോദിക്കും സമീപം രാഷ്ട്രപതിക്ക് ഇരിപ്പിടം നിഷേധിച്ച് എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുകയാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. രാഷ്ട്രപതി ദ്രൌപദി മുര്‍മു എല്‍‌കെ അദ്വാനിക്ക് അദ്ദേഹത്തിന്‍റെ വസതിയില്‍ നടന്ന ചടങ്ങില്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് എല്‍‌കെ അദ്വാനിയുടെ അടുത്ത് വന്നു നിന്നുകൊണ്ട് ഭാരതരത്ന സമ്മാനിച്ച ശേഷം അദ്ദേഹത്തിന്‍റെ സമീപത്ത് നില്‍ക്കുന്ന ചിത്രമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എല്‍‌കെ അദ്വാനിയുടെയും സമീപത്ത് രാഷ്ട്രപതി ദ്രൌപദി മൂര്‍മുവിന് ഇരിപ്പിടം നല്‍കിയില്ല എന്ന വ്യാജ പ്രചരണത്തിനായി ചിത്രം ഉപയോഗിക്കുകയാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാഷ്ട്രപതി ദ്രൌപദി മൂര്‍മുവിന് നരേന്ദ്ര മോദിയുടെയും എല്‍‌കെ അദ്വാനിയുടെയും സമീപത്ത് ഇരിപ്പിടം നിഷേധിച്ചോ...? പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യമിങ്ങനെ...

Fact Check By: Vasuki S

Result: Misleading