ഭാരതത്തിന്‍റെ പുരാണങ്ങളും ഇതിഹാസങ്ങളും എന്നും പുതുമയോടെ നിലനിൽക്കുന്നത് അത് ഐതിഹ്യങ്ങളാല്‍ സമ്പന്നമായതിനാലാണ്. ശ്രീകൃഷ്ണ ഭഗവാന്‍റെ വാസസ്ഥലമായി കരുതപ്പെടുന്ന ഉത്തർപ്രദേശിലെ മധുരയും ഭഗവാന്‍റെ രാജധാനി സ്ഥിതി ചെയ്തിരുന്നു എന്ന് സങ്കല്‍പ്പിക്കുന്ന ദ്വാരകയും ഹിന്ദു തീർഥാടനകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്. ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണശേഷം ദ്വാരകാ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നാണ് മഹാഭാരതത്തില്‍ പ്രതിപാദിക്കുന്നത്.

പ്രചരണം

ദ്വാരകയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശ്രീകൃഷ്ണഭഗവാന്‍റെ ജന്മസ്ഥലമായ ദ്വാരക കടലിനടിയിൽ അതേപടി കിടക്കുന്നത് ഈയിടെ കണ്ടെത്തിയിരുന്നു എന്നാണ് പ്രചരണം. ഇത് സൂചിപ്പിച്ച് രണ്ടു ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:

"ഹരേ കൃഷ്ണാ 🙏 ഇത് ദ്വാരക. മഹാഭാരതവും നമ്മുടെ കണ്ണനും ഒക്കെ സത്യമാണോ എന്ന് ചോദിക്കുന്നവർക്ക് കാണിച്ചുകൊടുക്കേണ്ട ഇന്നും നിലനിൽക്കുന്ന പാറപോലെ ഉറച്ച തെളിവ്. ഗുജറാത്തിലെ ദ്വാരകയിൽ ഇന്നും 1.5 കിലോമീറ്റർ ചുറ്റളവിൽ കടലിൽ താണുകിടക്കുന്ന മഹാ നഗരം. സാക്ഷാൽ നമ്മുടെ കണ്ണന്റെ ദ്വാരക. ഇത് ശാസ്ത്രിയമായി തെളിയിക്കപ്പെട്ടതുകൂടിയാണ്. ഏകദേശം 5000ത്തിൽ അധികം വർഷം പഴക്കം ഉണ്ട് ഈ നഗരത്തിനെന്നു ശാസ്ത്രകാരന്മാർ പറയുന്നു. 🙏എന്നെങ്കിലും ഭഗവാൻ അനുഗ്രഹിച്ചാൽ പോയി കാണാൻ ആഗ്രഹം ഉണ്ട് 🙏"

archived linkFB post

പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം ഇത് ഗുജറാത്തിലെ ദ്വാരക യാണെന്നും കടലിൽ ഒന്നര കിലോമീറ്റർ ചുറ്റളവിൽ കണ്ടെത്തി എന്നുമാണ്. ഇന്ത്യയിലെ പല ഭാഷകളിലും ഇതേ വിവരണത്തോടെ ഈ ചിത്രങ്ങളും സമാനമായ മറ്റു ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. രണ്ടു ചിത്രങ്ങളെക്കുറിച്ചും ഞങ്ങള്‍ അന്വേഷിച്ചു.

പോസ്റ്റിലെ ചിത്രങ്ങളും ഒപ്പം നൽകിയിരിക്കുന്ന അവകാശവാദവും തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവ ദ്വാരകയിലെതല്ല. ചിത്രങ്ങള്‍ക്ക് ഇന്ത്യയുമായി പോലും യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ അന്വേഷണത്തിൽ ലഭിച്ച വസ്തുതകൾ ഇവിടെ പങ്കുവെയ്ക്കാം

വസ്തുതാ അന്വേഷണം

ചിത്രങ്ങളെ കുറിച്ച് ഞങ്ങൾ നടത്തിയ അന്വേഷിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും ഞങ്ങൾക്ക് ലഭിച്ചു

ചിത്രം 1

ഈ ചിത്രത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ യഥാര്‍ത്ഥ സ്രോതസ് ലഭിച്ചു. ഫ്ലോറിഡയിലെ മിയാമിയിലെ കീ ബിസ്‌കെയ്‌നിനടുത്തുള്ള വെള്ളത്തിനടിയിലുള്ള നെപ്റ്റ്യൂൺ മെമ്മോറിയല്‍ റീഫ് (Neptune Memorial Reef) എന്ന മനോഹരമായ പാര്‍ക്കിലെതാണ് ഈ സിംഹത്തിന്‍റെ പ്രതിമ.

അവരുടെ ഫേസ്ബുക്ക് പേജില്‍ ഇതേ സിംഹത്തിന്‍റെ ചിത്രം കാണാം.

കൂടാതെ യുട്യൂബ് ചാനലില്‍ നെപ്ട്യൂണ്‍ മെമ്മോറിയല്‍ റീഫിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമാണ്.

ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ: ഫ്ലോറിഡയിലെ മിയാമി തീരത്ത് കീ ബിസ്‌കെയ്‌നിന് നെപ്റ്റ്യൂൺ മെമ്മോറിയൽ റീഫ് യാഥാർത്ഥ്യമായി. ഐതിഹാസികമായ ലോസ്റ്റ് സിറ്റി പുനർനിർമ്മിച്ചിട്ടുണ്ട്, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത പാറയായിരിക്കും ഇത്. 10,000 ക്യുബിക് യാർഡ് സിമന്‍റ് ഉപയോഗിച്ച് 600,000 ചതുരശ്ര അടിയിൽ സമുദ്രനിരപ്പിന് താഴെയാണ്.

പ്രാദേശിക സമുദ്ര പരിസ്ഥിതിക്ക് റീഫ് ഒരു നേട്ടമായിരിക്കും. വർഷങ്ങളായി, ജീവനുള്ള പവിഴങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയും ഒരു പുതിയ ആവാസവ്യവസ്ഥ വികസിക്കുകയും ചെയ്യും”

ഗുജറാത്തിലെ ദ്വാരകയില്‍ കടലിന്നടിയില്‍ കണ്ടെത്തിയ ശ്രീകൃഷ്ണ ഭഗവാന്‍റെ ദ്വാരകാ നഗരം കണ്ടെത്തി എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ചിത്രം അമേരിക്കയിലെ ഫ്ലോറിഡയില്‍ മിയാമിയില്‍ വെള്ളത്തിനടിയില്‍ പുരാതന നഗരമായ അത്ലാന്റിസ് കൃത്രിമമായി നിര്‍മ്മിച്ചതില്‍ നിന്നുള്ളതാണ്.

ചിത്രം 2

രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ചിത്രം ബഹാമാസ് ദ്വീപിലെ അറ്റ്ലാൻറിസ് പാരഡൈസ് എന്ന ആഡംബര ഹോട്ടലിൽ വെള്ളത്തിനടിയിൽ കൃത്രിമമായി തയ്യാറാക്കിയ അത്ഭുത കാഴ്ചകളിൽ നിന്നുള്ളതാണ് എന്ന് വ്യക്തമായി.

പാരഡൈസ് ഔദ്യോഗിക വെബ്സൈറ്റ് നൽകിയിട്ടുണ്ട് അവരുടെ ഇൻസ്റ്റഗ്രാം പേജില്‍ ഈ പടവുകൾ ഉള്ള പുരാതനമായ കൊട്ടാരത്തിൽ അവശേഷിപ്പുകളിൽ നിന്നുള്ളത് എന്ന മട്ടിൽ പടവുകൾ ഉള്ള ഈ ചിത്രം കാണാം.

ഹോട്ടൽ അറ്റ്ലാന്റിസ് പാരഡൈസ് അവരുടെ യൂട്യൂബ് ചാനലിലും വെള്ളത്തിനടിയിൽ അവർ ഒരുക്കിയ അത്ഭുത കാഴ്ചകളുടെ ദൃശ്യങ്ങൾ നൽകിയിട്ടുണ്ട്. ഈ പടവുകളുടെ ദൃശ്യം അവിടെയും നമുക്ക് കാണാം.

ഡിഗ് ഒബ്സർവേറ്ററി എന്നാണ് അവർ അത്ഭുത കാഴ്ചകൾക്ക് പേരിട്ടിരിക്കുന്നത്. പുരാതന സാങ്കല്‍പ്പിക നഗരമായ അത്ലാന്റിസിന്‍റെ അവശേഷിപ്പുകളുടെ പുനസൃഷ്ടിയാണ് ഇതെന്ന് കരുതുന്നു.

ഈ ചിത്രത്തിനും ദ്വാരകയുമായി യാതൊരു ബന്ധവുമില്ല. ബഹാമാസ് ദ്വീപിലെ ആഡംബര ഹോട്ടലിലെ വെള്ളത്തിനടിയില്‍ ഒരുക്കിയ പുരാതന നഗരത്തിന്‍റെ അവശേഷിപ്പുകളിൽ നിന്നുള്ളതാണ് ചിത്രം. ദ്വാരകയുമായി ബന്ധപ്പെട്ട് ഭൂമിക്കടിയിൽ നിന്നും എന്തെങ്കിലും പുരാതന നഗരത്തിലെ അവശേഷിപ്പുകൾ ലഭ്യമായിട്ടുണ്ടോ എന്ന് ഞങ്ങൾ തിരഞ്ഞപ്പോള്‍ അസോസിയേറ്റഡ് പ്രസ്‌ “ഇന്ത്യൻ തീരത്ത് സമുദ്രത്തിനടിയിൽ പുരാതന ഹിന്ദു നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി” എന്ന തലക്കെട്ടില്‍ 1985 april 17 ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു. “നൂറ്റാണ്ടുകളായി ഉയർന്നുവരുന്ന അറബിക്കടലിൽ മുങ്ങിപ്പോയ ഹിന്ദു ഇതിഹാസ കഥകളിൽ പരാമർശിച്ചിട്ടുള്ള 3,500 വർഷം പഴക്കമുള്ള നഗരത്തിന്‍റെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയതായി മാധ്യമ വാര്‍ത്തകള്‍.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെ ഡൈവർമാരുടെയും ശാസ്ത്രജ്ഞരുടെയും സംഘം അടുത്തിടെ ദ്വാരകയുടെ അവശിഷ്ടങ്ങൾക്കായുള്ള തിരയൽ പൂർത്തിയാക്കി. ഈ കണ്ടെത്തൽ പുരാതന ഇതിഹാസങ്ങളിൽ നൽകിയിട്ടുള്ള ദ്വാരകയുടെ വിവരണങ്ങളെ സ്ഥിരീകരിക്കുന്നതാണെന്നും ബിസി 2500-1500 കാലഘട്ടത്തിലെ ഹാരപ്പൻ നാഗരികതയ്ക്കും ബിസി 500-നുമുമ്പുള്ള ബുദ്ധമതകാലത്തിനും ഇടയിലുള്ള ഭാരത ചരിത്രത്തിലെ ഒരു പ്രധാന വിടവ് നികത്തുമെന്നും പ്രതീക്ഷിക്കുന്നു.

ടീമിന്റെ നേതാവായ ഡോ.എസ്.ആർ. റാവു നഗര മുദ്ര കണ്ടെത്തിയതായി സ്ഥിരീകരിച്ചു, ചില കെട്ടിടങ്ങള്‍ മാറ്റി നോക്കിയപ്പോള്‍, അതിന്‍റെ അടിത്തറയ്ക്ക് താഴെ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പുരാവസ്തു ഗവേഷകർ ആഴത്തിൽ കുഴിച്ചപ്പോള്‍ മൂന്ന് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വെള്ളത്തിനടിയില്‍ ക്യാമറകളും ക്രെയിനുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച്, മുങ്ങൽ വിദഗ്ധർ ദ്വാരക ടൗൺഷിപ്പ് എന്ന് കണക്കാക്കപ്പെടുന്നതിന്‍റെ അവശിഷ്ടങ്ങൾ ക്യാമറയില്‍ പകര്‍ത്തി. ഇങ്ങനെയാണ് വാര്‍ത്തയുടെ വിവരണം.

ഈ സൂചനകള്‍ ഉപയോഗിച്ച് ഞങ്ങള്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെ വെബ്സൈറ്റില്‍ തിരഞ്ഞപ്പോള്‍ ഗവേഷണത്തിന്‍റെ ഒരു റിപ്പോര്‍ട്ട് ലഭിച്ചു. ഉല്‍ഖനന വേളയിലുള്ള ചില ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റിലെ ചിത്രങ്ങളുമായി ഇവയ്ക്ക് സമാനതകള്‍ അവകാശപ്പെടാനില്ല

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ചിത്രങ്ങൾ രണ്ടും ആദ്യത്തെ ചിത്രം അമേരിക്കയിലെ മിയാമിയിൽ വെള്ളത്തിനടിയിൽ കൃത്രിമമായി സൃഷ്ടിച്ച നഗര അവശേഷിപ്പുകളിൽ നിന്നുള്ളതും രണ്ടാമത്തെ ചിത്രം ബഹാമാസ് ദ്വീപിലെ ആഡംബര ഹോട്ടലിൽ വെള്ളത്തിനടിയിൽ നിർമ്മിച്ച നഗരത്തിലെ അവശേഷിപ്പുകളിൽ നിന്നുള്ളതാണ്. ഇന്ത്യയുമായി പോലും ഈ ചിത്രങ്ങൾക്ക് യാതൊരു ബന്ധവുമില്ല. വെള്ളത്തിനടിയിൽ ശ്രീകൃഷ്ണ ഭഗവാൻറെ ദ്വാരക നഗരത്തിന്‍റെ അവശേഷിപ്പുകളാണ് ഇതെന്ന് തെറ്റായ പ്രചരണമാണ് നടത്തുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കടലിന്നടിയില്‍ കണ്ടെത്തിയ ദ്വാരകാ നഗരത്തിന്‍റെ 5000 വര്‍ഷം പഴക്കമുള്ള അവശേഷിപ്പുകള്‍ എന്ന് പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ സത്യമറിയൂ...

Fact Check By: Vasuki S

Result: False