ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ് ലെബനനിലെ പേജര്‍ സ്ഫോടനം. ഈ സ്ഫോടനത്തില്‍ ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ലയുടെ 9 പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരെ സമയം 3000 പേജറുകളിലേക്ക് സന്ദേശം എത്തുകയും ഈ സന്ദേശം തുറന്ന ഉടനെ തന്നെ പൊട്ടിത്തെറിയുണ്ടാകുയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്. എന്നാല്‍ എന്താണ് പേജര്‍. ലോകത്തെ ഞെട്ടിച്ച ഈ ഓപ്പറേഷന് പിന്നിലെ ലക്ഷ്യമെന്താണ്.

എന്താണ് പേജര്‍?

ആദ്യ തലമുറ ആശയവിനിമയ മാര്‍ഗമായിരുന്നു പേജര്‍ എന്ന സംവിധാനം. വയര്‍ലെസ് ആയി ചെറിയ ടെക്സ്റ്റ് മെസേജുകള്‍ മാത്രം അയക്കാന്‍ കഴിയുന്ന റേഡിയോ തരംഗങ്ങളിലൂടെ ഡിജിറ്റല്‍ സിഗ്നലുകളുടെ സഹായത്തോടെയാണ് സന്ദേശങ്ങള്‍ ഇതുപയോഗിച്ച് അയക്കാന്‍ സാധിക്കുക. പേജറില്‍ നിന്നും മറ്റ് പേജറിലേക്ക് ചുരുങ്ങിയ വാക്കുകളില്‍ എസ്എംഎസ് ആയി സന്ദേശം കൈമാറുമ്പോള്‍ സന്ദേശം ലഭിക്കുന്ന വ്യക്തിക്ക് ബീപ്പ് ശബ്ദത്തില്‍ ഇത് ലഭിക്കുന്നു. 1964ല്‍ മോട്ടൊറോള കമ്പനിയാണ് പേജര്‍ എന്ന പേര് രജിസ്ടര്‍ ചെയ്ത് പേജര്‍ ബോയ് 1 എന്ന പേരില്‍ പേജര്‍ വിപണിയില്‍ എത്തിക്കുന്നത്. 80-90 കാലഘട്ടങ്ങളില്‍ ഇന്നത്തെ മൊബൈല്‍ ഫോണ്‍ പോലെ സാധാരണമായി കണ്ട് വന്നിരുന്നില്ലായെങ്കിലും ഒരു സ്റ്റാറ്റസിന്‍റെ ഭാഗമായി പേജറുകള്‍ ഉപയോഗിച്ച് വന്നിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണിന്‍റെ പ്രചാരത്തോടെ പേജര്‍ എന്ന സംവിധാനം കാലഹരണപ്പെടുകുകയായിരുന്നു.

എന്തുകൊണ്ട് ഹിസ്ബുല്ല അംഗങ്ങള്‍ പേജറുകള്‍ ഉപയോഗിച്ചു?

ജിപിഎസ് സംവിധാനം ഇല്ലാത്തത് കൊണ്ടും റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാലുമാണ് ഹിസ്ബുല്ല പേജര്‍ സംവിധാനം അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചത്. അതായത് ഇസ്രായേല്‍ മുന്‍പ് ഹിസ്ബുല്ല അംഗങ്ങളെ ട്രാക്ക് ചെയ്ത് വ്യോമ ആക്രമണത്തില്‍ വധിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കാതിരിക്കാനാണ് അവര്‍ പേജര്‍ സംവിധാനം എന്ന പഴഞ്ചന്‍ മാര്‍ഗം സ്വീകരിച്ചത്.

തൈവാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അപ്പോളോ എന്ന കമ്പനി നിര്‍മ്മിച്ച പേജറുകളാണ് ലെബനനില്‍ പൊട്ടിത്തെറിച്ചതെന്നാണ് റൊയ്റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. AR-924 എന്ന മോഡലുകളാണ് പൊട്ടിത്തെറിച്ചതെന്നത് സ്ഫോടനത്തിന്‍റെ ചിത്രങ്ങള്‍ പരിശോധിച്ചതിന് ശേഷം കമ്പനി സ്ഥിരീകരണം നടത്തിയെന്നതാണ് റിപ്പോര്‍ട്ട്. 5,000 പേജറുകള്‍ക്ക് ഹിസ്ബുല്ല ഓര്‍ഡര്‍ ചെയ്യുകയും ലെബനനിലേക്ക് ഇവ ഇറക്കുമതി ചെയ്തതുമാണ്. അതെ സമയം ഗോള്‍ഡ് അപ്പോളോ കമ്പനി ഫൗണ്ടറായ ഹ്സു ചിങ് കുവാങ് ഇത് തങ്ങളുടെ കമ്പനി നിര്‍മ്മിച്ച മോഡലുകളല്ലായെന്നും ഒരു യൂറോപ്പിയന്‍ കമ്പനി തങ്ങളുടെ ബ്രാന്‍ഡ് ഉപയോഗിച്ച നിര്‍മ്മിച്ചതാണെന്നുമാണ് പ്രതികരിച്ചത്.

എങ്ങനെയാണ് പേജറുകള്‍ ഒരുമിച്ച് പൊട്ടിത്തെറിച്ചത്?

ബിസിനസ് സ്റ്റാൻഡേര്‍ഡ് പ്രസിദ്ധീകരിച്ച ഒരു ലേഖനം പരിശോധിച്ചതില്‍ നിന്നും ഇസ്രായേല്‍ ചാര സംഘടനയായ മൊസാദാണ് ഈ ഓപ്പറേഷന് പിന്നില്‍ എന്നും ഒരു ലെബനീസ് ഔദ്യോഗിക പ്രതിനിധിയുടെ പ്രതികരണം പ്രാകാരം പേജറുകളുടെ നിര്‍മ്മാണ സമയത്ത് മൊസാദ് ചാരസംഘടനയിലെ അംഗങ്ങള്‍ ചെറിയ അളവില്‍ എന്നാല്‍ വീര്യം കൂടിയ സ്ഫോടന ശേഷിയുള്ള 3 ഗ്രാം അളവിലുള്ള സ്ഫോടക പദാര്‍ത്ഥം അടങ്ങിയ ചിപ്പില്‍ ഒളിപ്പിച്ച് ഘടിപ്പിച്ചു എന്നതാണ്. ഇവ യാതൊരു വിധത്തിലുള്ള സെക്യൂരിറ്റി സ്കാനിങ്ങിലൂടെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ലാ. മാസങ്ങളോളം പേജറുകള്‍ സുരക്ഷിതമാണെന്ന ധാരണായിലാണ് ഹിസ്ബുല്ല അംഗങ്ങള്‍ പേജറുകള്‍ ഉപയോഗിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ 17നാണ് മൂവായിരത്തോളം ഹിസ്ബുല്ല അംഗങ്ങളുടെ പേജറുകളിലേക്ക് കോ‍‍‍ഡുകള്‍ അടങ്ങിയ ഒരു മെസേജ് എത്തുകയും പേജറുകള്‍ ബീപ്പ് സൗണ്ടില്‍ നോട്ടിഫിക്കേഷന്‍ വരുന്നതും. ചിലര്‍ സന്ദേശം തുറക്കാനായി പേജറുകള്‍ കയ്യിലെടുക്കയും മറ്റു ചിലരുടെ പോക്കറ്റുകള്‍ കിടന്ന് തന്നെ ഇതിനുള്ളിലെ സ്ഫോടക വസ്‌തുത ആക്ടേവറ്റായി ഞൊടിയിടയില്‍ സ്ഫോടനം ഉണ്ടാകുകയും ചെയ്തത്. 9 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കുകള്‍ ഏല്‍ക്കുകയും ചെയ്തു.

ഇസ്രായേല്‍-ഹിസ്ബുല്ല തുറന്ന യുദ്ധത്തിലേക്കോ?

കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം അതിർത്തി കടന്നുള്ള വെടിവയ്പ്പ് നടത്തിയ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമെന്ന് വിദഗ്ധർ വിശകലനം ചെയ്തിരുന്നു.നിലവിലെ സാഹചര്യത്തില്‍ ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധത്തിന് തുടക്കമിടാനുള്ള സാധ്യതയേറെയാണെന്നാണ് ലോകരാജ്യങ്ങള്‍ നോക്കികാണുന്നത്.പേജർ സ്ഫോടനങ്ങൾ ഹിസബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ ഹിസ്ബുല്ല നേരിട്ട അവരുടെ ഏറ്റവും വലിയ നയതന്ത്ര പരാജയത്തിന് തിരച്ചടിക്കും പിന്നാലെ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് പൊട്ടിപ്പുറപ്പെടുമെന്ന് മിഡിൽ ഈസ്റ്റിലെ യുഎസ് ഗവൺമെൻ്റിൻ്റെ മുൻ ഡെപ്യൂട്ടി നാഷണൽ ഇൻ്റലിജൻസ് ഓഫീസർ ജോനാഥൻ പാനിക്കോഫ് പറഞ്ഞതായി റൊയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Sources : Reuters, Business Standard, Indian Express, Mathrubhumi