പാകിസ്ഥാനിൽ വ്യാജ മാന്ത്രികൻ നടത്തുന്ന ഭൂതോച്ചാടനത്തിന്‍റെ ദൃശ്യങ്ങൾ ഹിന്ദു കുട്ടികളുടെ നിർബന്ധിത മതപരിവർത്തനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

Misleading അന്തര്‍ദേശിയ൦ | International

സമൂഹ മാധ്യമങ്ങളിൽ പാകിസ്ഥാനിലെ പെഷവാറിലെ ഹിന്ദുക്കളെയും ചെറിയ ഹിന്ദു കുട്ടികളെയും ഇലക്ട്രിക് സ്റ്റൺ ഗണ്ണിലൂടെ ഷോക്ക്കൊടുത്ത് പീഡിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ വീഡിയോയെ കുറിച്ച്  അന്വേഷിച്ചപ്പോൾ ദൃശ്യങ്ങളിൽ കാണുന്നത് പാകിസ്ഥാനിൽ ഹിന്ദു കുട്ടികളുടെ നിർബന്ധിത മതപരിവർത്തനത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം. 

പ്രചരണം 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ കുട്ടികളെ ചിലർ ഷോക്ക് കൊടുത്ത് അവരോട് പശതുവിൽ എന്തോ പറയുന്നതായി നമുക്ക് കേൾക്കാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “പാകിസ്ഥാനിലെ പെഷവാറിലെ ഹിന്ദുക്കളെയും ചെറിയ ഹിന്ദു കുട്ടികളെയും ഇലക്ട്രിക് സ്റ്റൺ ഗണ്ണിലൂടെ ഷോക്ക്കൊടുത്ത് പീഡിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നതിന്റെ വീഡിയോ കാണുക. ഹിന്ദുക്കളെ നിങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യാം എന്ന കാര്യത്തില്‍ വര്ഷങ്ങള്ക്ക് മുമ്പേ മുസ്ലീം ജീഹാദികള്‍ തീരുമാനം എടുത്തുകഴിഞ്ഞു

ഇങ്ങിനെ മതേതരരായി തുടരുകയാണെങ്കിൽ, കുറച്ച് വർഷങ്ങൾക്കുള്ളിൽ നിങ്ങളുടെ കൊച്ചുമക്കളും ജീഹാദി പുരോഹിതന്മാരുടെ കൈകളിൽ കിടന്ന് പിടക്കുന്നത് കാണേണ്ടി വരും മനസിലാക്കുക, നിങ്ങൾക്ക് ശാന്തരാകാൻ ഇനിയും സമയമുണ്ട്.

ഇതിനെ എതിരെ പ്രതിരോധിച്ചിട്ടില്ലേങ്കില്‍ നമ്മുടെ അടുത്ത തലമുറ ചോരക്കണ്ണീർ തുടച്ച് ഇതേപോലുള്ള അവസ്ഥ നേരിടേണ്ടിവരും ചിന്തിക്കുക ഭീരുക്കളായി ജീവിക്കുന്നതിലും നല്ലത് ധൈര്യവാനായി മരിക്കുന്നതാണ് നല്ലത്” 

പാകിസ്ഥാനിൽ ന്യുനപക്ഷങ്ങളെ നിർബന്ധിതമായി മതംമാറ്റുന്നത്തിന്റെ നിരവധി റിപോർട്ടുകൾ വരാറുണ്ട്. എന്നാൽ ശരിക്കും വീഡിയോയിൽ കാണുന്നത് പാകിസ്ഥാനിൽ ഹിന്ദു കുട്ടികളുടെ നിർബന്ധിത മതപരിവർത്തനമാണോ ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം 

ഈ വീഡിയോ ഇതിനെ മുമ്പും തെറ്റായ പ്രചരണവുമായി വൈറൽ ആയിരുന്നു. 2022ൽ ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ച് പ്രസിദ്ധികരിച്ച റിപ്പോർട്ട് നിങ്ങൾക്ക് ഇവിടെ വായിക്കാം. 

വീഡിയോയുടെ ചില ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയോട് സമാനമായ ചില വീഡിയോകള്‍ യുട്യൂബില്‍ ലഭിച്ചു. വീഡിയോ പാകിസ്ഥാനിലെ ഒരു മാന്ത്രികന്‍റെ യുട്യൂബ് പേജിലാണ് ഇട്ടിരിക്കുന്നത്.

ഇയളൊരു മന്ത്രവാദിയാണെന്ന് ചാനലില്‍ എഴുതിയിട്ടുണ്ട്. വീഡിയോയില്‍ കേള്‍ക്കുന്ന സംഭാഷണം മനസിലാക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ പഷ്തോ ടീമിന് വീഡിയോ അയച്ചു. അവരുടെ മറുപടി പ്രകാരം ഹാജി ഈ കുട്ടികള്‍ ഭൂതം അതായത് ജിന്നിന്‍റെ വശത്തിലാണ് എന്ന് അവകാശപ്പെടുന്നു. ഇതിനു ശേഷം ഇയാള്‍ ചോദിക്കുന്നു ഹിന്ദു ജിന്നാണോ അതോ മുസ്ലിം ജിന്നാണോ? ഭൂതബാധയുള്ള വ്യക്തിയുടെ മറുപടി അനുസരിച്ചാണ് മുന്നിലെ പരിപാടി നടക്കുന്നത്. സംഭവത്തിന് മതപരിവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങൾ ഹാജി മുഹമ്മദുള്ള എന്ന ഈ മന്ത്രവാദിയെ കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് പെഷവാർ പോലീസ് 2020ൽ ചെയ്ത ഈ ട്വീറ്റും ലഭിച്ചു. ഈ ട്വീറ്റ് പ്രകാരം ഈ വ്യാജ മന്ത്രവാദി ഹാജി മുഹമ്മദുള്ള ഒരു ബാലനെ ഇലക്ട്രിക്ക് ഷോക്ക് കൊടുത്ത് ഭൂതോച്ചാടനം ചെയ്യുന്ന വീഡിയോ വൈറൽ ആയതിനു ശേഷം പെഷവാർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അച്ചിനി  ബാല എന്ന പ്രദേശത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പക്ഷെ ഇയാൾ ഇപ്പോൾ വെളിയിലാണ്. ഇപ്പോഴും ഇയാൾ ഭൂതോച്ചാടനം നടത്തി അതിന്‍റെ വിഡിയോകൾ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധികരിക്കുന്നുണ്ട്. ഇയാൾ ഇന്നലെ ഫേസ്‌ബുക്കിൽ പ്രസിദ്ധികരിച്ച വീഡിയോ നമുക്ക് താഴെ കാണാം.

നിഗമനം  

പ്രസ്തുത വീഡിയോയിൽ കാണുന്നത് പാകിസ്ഥാനിലെ പെഷവാറിൽ ഹിന്ദു കുട്ടികളുടെ നിർബന്ധിതമായ മതപരിവർത്തനത്തിന്‍റെ ദൃശ്യങ്ങൾ അല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. വീഡിയോയിൽ കാണുന്നത് പാകിസ്ഥാനിലെ ഒരു കള്ള മന്ത്രവാദിയാണ്.