പൈലറ്റ് കാപ്റ്റൻ ‘ആശാ പണ്ഡിറ്റ്’ അറ്റ്ലാന്റിക്ക് സമുദ്രം കടന്ന ലോകത്തിലെ ആദ്യത്തെ വനിതയാണോ ..?

സാമൂഹികം

വിവരണം

Mollywood Connect എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 15  മണിക്കൂറുകൾ കൊണ്ടുതന്നെ 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ദേശീയ പതാക വിടർത്തി കാണിക്കുന്ന പൈലറ്റ് എന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രവും ” ഇന്ത്യയുടെ 23 കാരിയായ പൈലറ്റ് കാപ്റ്റൻ ആശാ പണ്ഡിറ്റ് അറ്റ്ലാന്റിക്ക് സമുദ്രം കടന്ന  ലോകത്തിലെ ആദ്യത്തെ വനിത ” എന്ന വാചകവും ഒപ്പം നൽകിയിട്ടുണ്ട്. ” ഇതൊക്കെയല്ലേ ഷെയർ ചെയ്ത് എല്ലാവരെയും അറിയിക്കേണ്ടത് ??” എന്ന അടിക്കുറിപ്പും പോസ്റ്റിന് നൽകിയിട്ടുണ്ട്.

പോസ്റ്റിൽ പറയുന്നത് പോലെ  ചിത്രത്തിൽ കാണുന്ന ആശാ പണ്ഡിറ്റ്  പെൺകുട്ടി അറ്റ്ലാന്റിക്ക് സമുദ്രം കടന്ന ആദ്യത്തെ പെൺകുട്ടി എന്ന ബഹുമതി നേടിയോ..? നമുക്ക് അറിയാൻ ശ്രമിക്കാം.

archived linkFB post

വസ്തുത വിശകലനം

ഞങ്ങൾ ആശാ പണ്ഡിറ്റ് എന്ന കീ വേർഡ്‌സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കി. എന്നാൽ പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും  കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ആരോഹി പണ്ഡിറ്റ് എന്ന പെൺകുട്ടിയുടെ പേരുമായി ഇതേ വാർത്ത ശ്രദ്ധയിൽ പെട്ടു. വാർത്ത വായിച്ചപ്പോൾ ഇതേ കാര്യമാണ് നല്കിട്ടുള്ളത് എന്ന് വ്യക്തമായി. 2019 മെയ് 14 ന് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയുടെ പരിഭാഷ: മുംബൈയിൽ നിന്നുമുള്ള 23 കാരിയായ ക്യാപ്റ്റൻ ആരോഹി പണ്ഡിറ്റ് ലൈറ്റ് സ്പോർട്ട്സ് എയർ ക്രാഫ്റ്റിൽ (LSA) തനിച്ച് അറ്റ്ലാന്റിക്ക് സമുദ്രം മറികടന്ന ലോകത്തെ ആദ്യത്തെ വനിതാ എന്ന ബഹുമതി നേടി. മെയ് 13 അർദ്ധരാത്രി സ്കോട്ട്ലണ്ടിലെ വിക്കിൽ നിന്നും കാനഡയിലെ ഇക്വലൂട്ട് എയർപോർട്ടിലേയ്ക്ക് അറ്റ്ലാൻറിനു കുറുകെ ആരോഹി വിമാനം  പറത്തിയത് 3000 കിലോമീറ്ററുകളാണ്. ഇടയ്ക്ക് ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ് എന്നിവിടങ്ങളിലെ താവളങ്ങളിൽ ഹൃസ്വ വിശ്രമം എടുത്തു. കാനഡയിൽ ലാൻഡ് ചെയ്ത ശേഷം അവിടുത്തെ ഇന്ത്യൻ അംബാസിഡർ വികാസ് സ്വരൂപ് സമ്മാനിച്ച ഇന്ത്യൻ ത്രിവർണ്ണ പതാക അഭിമാന പൂർവം ഉയർത്തിക്കാട്ടുന്ന ആരോഹിയുടെ ചിത്രമാണ് പോസ്റ്റിലുള്ളത്. യാത്രയ്ക്കിടെ ഉണ്ടായ പ്രതികൂല കാലാവസ്ഥ തരണം ചെയ്താണ് ആരോഹി തന്റെ ലക്ഷ്യം പൂർത്തിയാക്കിയതെന്ന് വാർത്തയിൽ പറയുന്നു.

archived linkeconomic times

ഇതേ ചിത്രം നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived linkindia today
archived linkfirst post
archived linkhindi news18
archived linklive hindustan

എന്നാൽ വിക്കിപീഡിയ ആദ്യം അറ്റ്ലാന്റിക്ക് സമുദ്രം വിമാനത്തിൽ മറികടന്നത് മറ്റൊരു വനിതയാണെന്ന് അവകാശപ്പെടുന്നു. വിശദാംശങ്ങൾ ഇപ്രകാരമാണ്. 1897 ജൂലൈ 14 ന് അമേരിക്കയിൽ ജനിച്ച അമേലിയ മേരി എയർഹാർട്ട് എന്ന വനിതയാണ് ഈ ബഹുമതി കരസ്ഥമാക്കിയത്. അറ്റ്ലാൻറ്റിക്ക് സമുദ്രത്തിനു കുറുകെ തനിച്ചു വിമാനം പറത്തിയ ആദ്യത്തെ വനിതയായിരുന്നു അമേലിയ. ഇതിന് അമേരിക്കൻ സർക്കാരിൽ നിന്നും സൈനിക സേവനത്തിനുള്ള ഹീറോയ്ക്ക് നൽകുന്ന അവാർഡായ ഡിസ്റ്റിംഗിഷ്ഡ് ഫ്‌ളൈയിങ് ക്രോസ്സ് അവാർഡ് കരസ്ഥമാക്കി.

ഇൻഡ്യാനയിലെ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് അദ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എയ്റോ നോട്ടിക്കൽ എൻജിയറിങ് വിദ്യാർത്ഥികൾക്ക് ഉപദേശകയായും വിദ്യാർത്ഥിനികളുടെ കരിയർ കൗൺസിലറായും ജോലി ചെയ്തിട്ടുണ്ട്.

wikipediaarchived link

1937 ൽ ലോക്‌ഹീഡ്‌  മോഡൽ 10 ഇ ഇലക്ട്രാ എന്ന വിമാനത്തിൽ ഒരു മുഴുനീള പര്യടനത്തിന് പുറപ്പെട്ട അമേലിയയെയും സഹ പൈലറ്റ് ഫെഡ് നൂനനെയും പസഫിക് സമുദ്രത്തിന്  മധ്യഭാഗത്ത് ഹൌലൻഡ് ദ്വീപിനു സമീപം കാണാതാവുകയായിരുന്നു. പിന്നീട് വിവരങ്ങൾ ലഭിക്കാതായതിനെ തുടർന്ന് ഇരുവരും മരിച്ചതായി പ്രഖ്യാപിച്ചു.

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ നൽകിയിട്ടുള്ള വസ്തുതകളിൽ ചിലത് തെറ്റാണ്. അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ വിമാനം  ഒറ്റയ്ക്ക് പറത്തിയ ലോകത്തെ ആദ്യ വനിത അമേലിയ മേരി എയർഹാർട്ട് എന്നാണ്. ആശാ പണ്ഡിറ്റ് എന്ന് തെറ്റായി പോസ്റ്റിൽ പേര് നൽകിയിട്ടുള്ള ആരോഹി പണ്ഡിറ്റ് യഥാർത്ഥത്തിൽ ലൈറ്റ് സ്പോർട്ട്സ് എയർ ക്രാഫ്റ്റിൽ (LSA) തനിച്ച് അറ്റ്ലാന്റിക്ക് സമുദ്രം മറികടന്ന ലോകത്തെ ആദ്യത്തെ വനിതയാണ്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയിലെ ചില കാര്യങ്ങൾ തെറ്റാണ്. അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ ലൈറ്റ് സ്പോർട്ട്സ് വിമാനം പറത്തി ലോക ബഹുമതി നേടിയ വനിതയുടെ പേര് പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെ ആശാ പണ്ഡിറ്റ് എന്നല്ല,  ആരോഹി പണ്ഡിറ്റ് എന്നാണ്. അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ വിമാനം ഒറ്റയ്ക്ക് പറത്തിയ ലോകത്തെ ആദ്യ വനിത അമേലിയ മേരി എയർഹാർട്ട് എന്ന അമേരിക്കക്കാരിയാണ്. അതിനാൽ ഞങ്ങൾ ഈ പോസ്റ്റ് മിശ്രിത വിഭാഗത്തിൽ പെടുത്തുന്നു.

Avatar

Title:പൈലറ്റ് കാപ്റ്റൻ ‘ആശാ പണ്ഡിറ്റ്’ അറ്റ്ലാന്റിക്ക് സമുദ്രം കടന്ന ലോകത്തിലെ ആദ്യത്തെ വനിതയാണോ ..?

Fact Check By: Deepa M 

Result: Mixture