എറണാകുളത്തെ പ്രശസ്ത കോളേജായ സെന്‍റ്.ആല്‍ബര്‍ട്സില്‍ കുട്ടികള്‍ കാബറേ ഡാന്‍സ് കളിച്ചുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

പ്രചരിക്കുന്ന വീഡിയോയീല്‍ പാശ്ചാത്യ വേഷം ധരിച്ച ഒരു യുവതി ഒരു സംഘം ആണ്‍-പെണ്‍കുട്ടികളോടൊത്ത് നൃത്ത ചുവടുകള്‍ വെയ്ക്കുന്നത് കാണാം. എറണാകുളത്തെ സെന്‍റ്. ആല്‍ബര്‍ട്ട്സ് കോളേജില്‍ അരങ്ങേറിയ കാബറേ ഡാന്‍സാണിത് എന്നു സൂചിപ്പിച്ച് വീഡിയോയുടെ മുകളില്‍ “സെന്‍റ്. ആല്‍ബര്‍ട്ട്സ് എറണാകുളം കാബറേ ഡാന്‍സ്... ആരതി...” എന്ന എഴുത്ത് കാണാം.

archived linkFB post

എന്നാല്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് മുകളില്‍ ICG എന്നൊരു ലോഗോ കാണാം. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇതേ ദൃശ്യങ്ങളുടെ ദൈര്‍ഘ്യമേറിയ പതിപ്പ് ICG എന്ന ഫേസ്ബുക്ക് പേജില്‍ ലഭ്യമായി.

“ലെവല്‍ക്രോസ്സ്” എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഒരു ഇവന്‍റ് എറണാകുളം സെന്‍റ്. ആല്‍ബര്‍ട്ട്സ് കോളേജില്‍ ജൂലൈന്‍ 17 ന് സംഘടിപ്പിച്ചിരുന്നു. ചിത്രത്തിലെ അഭിനേതാക്കളായ ആസിഫ് അലി, അമല പോള്‍ എന്നിവരും മറ്റ് പ്രവര്‍ത്തകരും അതിഥികളായെത്തിയ പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വേദിയിലെത്തിയ അമല പോള്‍ കുട്ടികളോടൊപ്പം നൃത്തം വെച്ചതിന്‍റെ ദൃശ്യങ്ങളാണ് കോളേജിലെ കുട്ടികള്‍ കാബറേ അവതരിപ്പിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.

എം ടി വാസുദേവൻ നായരുടെ ഒമ്പത് ചെറുകഥകൾ ആസ്പദമാക്കിയുള്ള ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിംഗ് ചടങ്ങിൽ സംഗീത സംവിധായകൻ രമേഷ് നാരായണന് ഉപഹാരം സമർപ്പിക്കാൻ വേദിയിലെത്തിയ ആസിഫ് അലിയെ രമേഷ് നാരായണ്‍ അവഗണിച്ച് അപമാനിച്ചുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആരാധകര്‍ മുഴുവന്‍ സോഷ്യല്‍ മീഡിയയിലൂടെ രോഷം പ്രകടിപ്പിക്കുകയും സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ മാധ്യമങ്ങളിലും ഇതേപ്പറ്റി വാര്‍ത്ത വരുകയും ചെയ്തതിന് ശേഷം ആസിഫ് അലി പങ്കെടുത്ത ആദ്യ പൊതുപരിപാടി ആയിരുന്നു ഇത്. പരിപാടിയില്‍ നിന്നുള്ള വിവിധ ദൃശ്യങ്ങള്‍ ICG യുടെ ഫേസ്ബുക്ക് പേജില്‍ കാണാം.

പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാബറേ ഡാന്‍സിന്‍റെതല്ല. കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ എറണാകുളം സെന്‍റ്. ആല്‍ബര്‍ട്ട്സ് കോളേജ് അധികൃതരുമായി സംസാരിച്ചു. കോളേജ് അസ്സി: മാനേജര്‍ ഫാ: നിബിന്‍ കുര്യാക്കോസ് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെ: “ലെവല്‍ക്രോസ്സ്’ സിനിമയുടെ പ്രമോഷന്‍ ഞങ്ങളുടെ കോളേജില്‍ വച്ച് നടത്താമെന്ന് രണ്ടാഴ്ച മുമ്പ്തന്നെ ധാരണ ആയതാണ്. അതിന്‍പ്രകാരം ആസിഫ് അലിയും അമല പോളും അതിഥികളായി ഇവിടെയെത്തി. കുട്ടികള്‍ ഡാന്‍സ് ഉള്‍പ്പെടെ ചില പരിപാടികള്‍ കാലേകൂട്ടി തയ്യാറാക്കിയിരുന്നു. കുട്ടികള്‍ ഡാന്‍സ് കളിക്കുന്നത് കണ്ടപ്പോള്‍ അമല പോള്‍ സന്തോഷത്തോടെ അവര്‍ക്കൊപ്പം വേദിയില്‍ കൂടെക്കൂടിയതാണ്. അതിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. ഇതിന് മുമ്പും ഇവിടെ പല സിനിമകളുടെയും പ്രമോഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.”

സെന്‍റ്. ആല്‍ബര്‍ട്ട്സ് കോളേജിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമുണ്ട്.

സിനിമ പ്രമോഷന്‍ വീഡിയോ ഉപയോഗിച്ച് സെന്‍റ്. ആല്‍ബര്‍ട്ട്സ് കോളജിനെതിരെ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

എറണാകുളം സെന്‍റ്. ആല്‍ബര്‍ട്ട്സ് കോളേജില്‍ കുട്ടികള്‍ കാബറേ ഡാന്‍സ് കളിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നത് ലെവല്‍ക്രോസ്സ് സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ നടി അമല പോള്‍ അവതരിപ്പിച്ച നൃത്തത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. സെന്‍റ്. ആല്‍ബര്‍ട്ട്സ് കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കുട്ടികള്‍ കോളജില്‍ കാബറേ ഡാന്‍സ് കളിച്ചുവെന്ന് വ്യാജ പ്രചരണം നടത്തുന്നത് സിനിമ പ്രമോഷന്‍ വീഡിയോ ഉപയോഗിച്ച്...

Fact Check By: Vasuki S

Result: False