
കുവൈറ്റ് അമീര്‍ ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.
പ്രചരണം
അറബ് വേഷധാരിയായ ഒരാള്‍ സാരേ ജഹാം സെ അച്ചാ… ഗാനവും തുടര്‍ന്ന് വന്ദേ മാതരവും വേദിയില്‍ ആലപിക്കുന്നത് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഹാലാ മോദി എന്നെഴുതിയ പോസ്റ്ററുകളും കൊണ്ട് വേദി അലങ്കരിച്ചിരിക്കുന്നതും പശ്ചാത്തലത്തില്‍ കാണാം. കുവൈറ്റ് അമീര്‍ ആണ് ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ന് കുവൈറ്റ് ലെ അമീർ, ‘ വന്ദേ മാതരം ‘ മനോഹരമായി, അർത്ഥ ശുദ്ദ്ധിയോടെ പാടുന്നത് കേട്ടപ്പോൾ / കണ്ടപ്പോൾ കോരി തരിച്ചു പോയി… സനാതന ധർമം 🙏🏾🙏🏾🙏🏾🙏🏾”
എന്നാല്‍ ഗാനം ആലപിക്കുന്നത് കുവൈറ്റ് അമീര്‍ അല്ലെന്നും അവിടുന്നുള്ള ഗായകന്‍ ആണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
കുവൈറ്റ് അമീര്‍ വന്ദേ മാതരം ആലപിച്ചിരുന്നോ എന്നറിയാന്‍ ഞങ്ങള്‍ തിരഞ്ഞെങ്കിലും അങ്ങനെ ഒരു വാര്‍ത്തയും ലഭ്യമായില്ല. കുവൈറ്റ് ഭരണാധികാരിയായ കുവൈറ്റ് അമീര്‍ ഇന്ത്യയുടെ ദേശഭക്തി ഗാനം ആലപിച്ചിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് വാര്‍ത്തയാകുമായിരുന്നു. നരേന്ദ്ര മോദി രണ്ടാഴ്ച മുമ്പ് കുവൈറ്റ് സന്ദര്‍ശിച്ചിരുന്നു. മോദിയെ വരവേല്‍ക്കാന്‍ സംഘടിപ്പിച്ച പരിപാടിക്ക് ഹാലാ മോദി എന്നായിരുന്നു പേരിട്ടിരുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് വന്ന ഒരു വ്യാജ പ്രചരണത്തിന് മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വേദിയില്‍ ഗാനം ആലപിച്ച ഗായകനെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഗായകനായ മുബാറക് അല്‍ റാഷിദ് ആണിത് എന്നു വ്യക്തമായി. ഇദ്ദേഹത്തെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അമര്‍ ഉജാല യുട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ കാണാം:
മുബാറക് അല്‍ റാഷിദിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഹാലാ മോദി പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ പിഎംഓ ഇന്ത്യയില്‍ നരേന്ദ്ര മോദി കുവൈറ്റ് അമീറുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാഹ് ആണ് ഇപ്പോഴത്തെ കുവൈറ്റ് അമീർ.
നിഗമനം
അറബ് വേഷം ധരിച്ച് ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നത് കുവൈറ്റ് അമീര്‍ അല്ല. കുവൈറ്റിലെ ഗായകനായ മുബാറക് അല്‍ റാഷിദാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കുവൈറ്റ് അമീര്‍ ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം അറിയൂ…
Fact Check By: Vasuki SResult: False
