
വിവരണം
പ്രശസ്ത അന്താരാഷ്ട്ര മോഡല്‍ കിർസൈദ റോഡ്രിഗ്സ് തന്റെ മരണത്തിനു തൊട്ടു മുമ്പ് പങ്കുവച്ച ആത്മീയ ചിന്തയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ വന്‍ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ നിസ്സാരത അതി ലളിതമായ വാക്കുകളിലൂടെ കിർസൈദ പങ്കുവചിരിക്കുന്നത് ഇങ്ങനെയാണ്: “വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ ‘കിർസിഡ റോഡ്രിഗസ്’ കാൻസർ ബാധിച്ചു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പാണ് ഇത്…!!
1, ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡഡ് കാറുകൾ എന്റെ ഗ്യാരേജിൽ ഉണ്ട്. പക്ഷേ: ഞാനിപ്പോൾ യാത്ര ചെയ്യുന്നത് വീൽ ചെയറിലാണ്…!
2, എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും, വിലയേറിയ ചെരിപ്പുകളും, നിറഞ്ഞിരിക്കുന്നു… പക്ഷേ: ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു…!
3, ബാങ്കിൽ ആവശ്യത്തിനു പണം ഉണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല…!
4, എന്റെ വീട് ഒരു കൊട്ടാരം പോലെ ആണെങ്കിലും, ഞാൻ ഇപ്പോൾ ആശുപത്രിയിലെ ഇരട്ട വലിപ്പത്തിലുള്ള കട്ടിലിൽ കിടക്കുന്നു…!
5, ഞാൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പായുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ലാബിൽ നിന്നു മറ്റൊരു ലാബിലേക്ക് യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു…!
6, ഞാൻ നൂറു കണക്കിന് ആളുകൾക്ക് ഓട്ടോഗ്രാഫുകൾ നൽകി. എന്നാൽ ഇപ്പോൾ ഡോക്ടറുടെ കുറിപ്പ് എന്റെ ഓട്ടോഗ്രാഫ് ആണ്…!
7, എന്റെ മുടി അലങ്കരിക്കാൻ എനിക്ക് ഏഴു ബ്യുട്ടിഷന്മാർ ഉണ്ടായിരുന്നു. എന്നാൽ എന്റെ തലയിൽ ഇപ്പോൾ ഒരു മുടി പോലും ഇല്ല…!
8, ഒരു സ്വകാര്യ ജെറ്റിൽ എനിക്ക് ആവശ്യം ഉള്ളിടത്ത് പറക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ആശുപത്രിയുടെ വരാന്തയിലേക്ക് പോകാൻ രണ്ടുപേരുടെ സഹായം ആവശ്യമാണ്…!
9, ധാരാളം ഭക്ഷണങ്ങൾ ഉണ്ടെങ്കിലും എൻ്റെ ഭക്ഷണക്രമം ഇപ്പോൾ ഒരു ദിവസം രണ്ടു ഗുളികകളും രാത്രിയിൽ കുറച്ചു തുള്ളി ഉപ്പു വെള്ളവുമാണ്…!
ഈ വീട്, ഈ കാർ, ഈ ജെറ്റ്, ഈ ഫർണിച്ചർ, നിരവധി ബാങ്ക് അക്കൗണ്ടുകൾ, വളരെയധികം അന്തസ്സും, പ്രശസ്തിയും, ഇവയൊന്നും എനിക്ക് ഒരു പ്രയോജനവുമില്ല. ഇവയൊന്നും കൊണ്ട് അൽപ്പം പോലും ആശ്വാസം എനിക്ക് ലഭിക്കുന്നില്ല. ആശ്വാസം നൽകുന്നത് കുറെ ആളുകളുടെ മുഖങ്ങളും അവരുടെ സ്പർശനവുമാണ്… മരണത്തെക്കാൾ സത്യമൊന്നുമില്ല…”
ഈ കുറിപ്പിനൊപ്പം അവരുടെ ചിത്രവും പോസ്റ്റിലുണ്ട്.

കിർസൈദ റോഡ്രിഗ്സിന്റെ ഈ കുറിപ്പ് സത്യമാണ്. എന്നാല്‍ പോസ്റ്റില്‍ അവരുടെ ചിത്രമായി നല്‍കിയിട്ടുള്ളത് മറ്റൊരു സ്ത്രീയുടെ ചിത്രമാണ്.
പോസ്റ്റിലെ പ്രചാരണത്തെ പറ്റി കൂടുതല്‍ അറിയാം
വസ്തുതാ വിശകലനം
ആദ്യം നമുക്ക് കിർസൈദ റോഡ്രിഗ്സിനെ കുറിച്ച് കൂടുതല്‍ അറിയാം. ഫാഷൻ ബ്ലോഗർ ആയിരുന്ന കിർസൈദ റോഡ്രിഗസ് ഡൊമിനിക്കൻ റിപ്പബ്ലിക്കിലാണ് ജനിച്ചത്. റോഡ്രിഗസ് ലാറ്റിന ബ്ലോഗിംഗ് കമ്മ്യൂണിറ്റിയിലെ ഫാഷന്റെ ഒരു മുൻനിരക്കാരിയായിരുന്നു കിർസൈദ. 2017 നവംബറിലാണ് അവർക്ക് വയറ്റില്‍ കാൻസർ ഉണ്ടെന്നു കണ്ടെത്തിയത്. രോഗം മറച്ചു വയ്ക്കാതെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഫേസ്ബുക്ക് പേജിലും അവർ രോഗത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പങ്കുവച്ചു. മറ്റുള്ളവർക്ക് പ്രചോദനമാകുന്നു രീതിയിൽ തന്റെ രോഗാവസ്ഥയിലുള്ള ചിത്രങ്ങളും മുടങ്ങാതെ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു.

കിര്‍സൈദയുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ മനസ്സിലാകും പോസ്റ്റില്‍ അവരുടേത് എന്ന രീതിയില്‍ നല്‍കിയിട്ടുള്ള ചിത്രവുമായി ഇതിന് യാതൊരു സാമ്യവുമില്ല.

ഇനി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം :

ഞങ്ങള്‍ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇത് നിക്കോൾ ഷ്വെപി എന്ന ഒരു ബ്ലോഗറുടെത് ആണെന്ന് വ്യക്തമായി.

സ്തനാര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ നിക്കോള്‍ പങ്കുവച്ച ചിത്രമാണ് കിര്‍സൈദയുടെ പേരില്‍ പ്രചരിക്കുന്നത്.

കിര്‍സൈദയുടെ അവസാനം പറഞ്ഞ വാക്കുകളുടെ ഒരു വീഡിയോ അന്വേഷണത്തില്‍ ലഭിച്ചിരുന്നു.
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് കിര്‍സൈദയുടെ വാക്കുകള്‍ തന്നെയാണ്. എന്നാല്‍ ചിത്രം നിക്കോൾ ഷ്വെപി എന്ന ഒരു ബ്ലോഗരുടെതാണ്.
നിഗമനം
പോസ്റ്റില്‍ കിർസൈദ റോഡ്രിഗ്സിന്റെ അവസാന കുറിപ്പായി നല്‍കിയിരിക്കുന്ന വാക്കുകള്‍ സത്യമാണെങ്കിലും ചിത്രം മറ്റൊരു സ്ത്രീയുടെതാണ്. സ്തനാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ നിക്കോള്‍ എന്ന സ്ത്രീ പങ്കുവച്ച ചിത്രമാണിത്.

Title:ഈ ചിത്രം ഫാഷന്‍ ബ്ലോഗര്‍ കിർസൈദ റോഡ്രിഗ്സിന്റെതല്ല, നിക്കോൾ ഷ്വെപി എന്ന യുവതിയുടെതാണ്…
Fact Check By: Vasuki SResult: Partly False
