തെര്‍മോകോള്‍ കൊണ്ട് നിര്‍മ്മിക്കുന്നത്  കൃത്രിമ പഞ്ചസാരയല്ല,  സത്യമിതാണ്…

സാമൂഹികം

മായം കലര്‍ന്ന ഭക്ഷണത്തെ കുറിച്ചുള്ള അറിയിപ്പുകളുടെ മുകളില്‍  ഞങ്ങള്‍ ഇതിനകം നിരവധി ഫാക്റ്റ് ചെക്കുകള്‍ നടത്തിയിട്ടുണ്ട്. കൃത്രിമ പഞ്ചസാര ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഇപ്പോള്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

തെര്‍മോകോള്‍ ഷീറ്റുകള്‍ ഒരു മെഷീനില്‍ കയറ്റി വിട്ട് ചില സംസ്കരണ പ്രക്രിയകള്‍ക്ക് ശേഷം ക്രിസ്റ്റല്‍ രൂപത്തിലുള്ള തരികളായി പുറത്തു വരുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. തെര്‍മോകോള്‍ ഉപയോഗിച്ച് കൃത്രിമമായി പഞ്ചസാര നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ ആണിത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ദൃശ്യങ്ങള്‍ക്ക് മുകളില്‍ ഇത് സൂചിപ്പിച്ച് വാചകങ്ങള്‍ നല്കിയിട്ടുണ്ട്. അടിക്കുറിപ്പിലും സൂചന ഇത് തന്നെയാണ്:  “തെർമോകോൾ ഉപയോഗിച്ച് പഞ്ചസാര ഉണ്ടാക്കുന്നു”

FB postarchived link

എന്നാല്‍ തെറ്റായ വിവരണത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ചില സമാന വീഡിയോകള്‍ ലഭിച്ചു. തെര്‍മോകോള്‍ പുനരുല്‍പാദിപ്പിച്ച്  തരികളാക്കി മാറ്റുന്ന ദൃശ്യങ്ങളാണിത്.  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റിന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലായ എന്‍റർപ്രണർ ഇന്ത്യ ടിവിയിൽ സമാനമായ ഒരു വീഡിയോ ഉണ്ട്. 

2020 ഒക്ടോബറിൽ അപ്‌ലോഡ് ചെയ്ത ഈ ഡോക്യുമെന്‍ററിയിൽ, പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെതിന് സമാനമായ തെർമോകോൾ പ്ലാസ്റ്റിക് തരികൾ ആക്കി മാറ്റുന്ന വീഡിയോ നമുക്ക് കാണാൻ കഴിയും. ഡോക്യുമെന്‍ററി പ്രകാരം പരിസ്ഥിതിക്ക് അപകടകരമായ തെർമോക്കോൾ മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളാണിത്. തെർമോകോൾ പ്ലാസ്റ്റിക് ഗ്രാന്യൂളുകളാക്കി പുനരുപയോഗിക്കുന്ന പ്രക്രിയയുടെ  വ്യാവസായിക തലങ്ങളാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. കസേരകൾ, മേശകൾ, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ, മറ്റ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് ഈ പ്ലാസ്റ്റിക് തരികൾ ഉപയോഗിക്കുന്നു. 

കൊല്ലം ടി‌കെ‌എം‌എം എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. അനുവുമായി ഞങ്ങള്‍ സംസാരിച്ചു. “വീഡിയോയില്‍ തെർമോകോൾ റെസിനുകളാക്കി പുനരുൽപ്പാദിപ്പിക്കുകയാണ്. തെർമോക്കോൾ ഉരുക്കിയെടുത്ത് പിന്നീട് നനഞ്ഞ സ്പിന്നിംഗിന് വിധേയമാക്കുകയും തുടർന്ന് ചതച്ച് റെസിൻ ഉണ്ടാക്കുകയും ചെയ്യുന്നു. അല്ലാതെ കൃത്രിമ പഞ്ചസാര നിര്‍മ്മാണത്തിന്‍റെതല്ല.”

തെർമോക്കോൾ റെസിനുകളായി മാറ്റുന്ന മറ്റ് നിരവധി വീഡിയോകള്‍  ലഭ്യമാണ്. 

തെർമോകോൾ ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ പഞ്ചസാര ഇന്ത്യയിൽ എവിടെയെങ്കിലും പിടിച്ചെടുത്തതായി വിശ്വസനീയമായ ഒരു റിപ്പോർട്ടും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

2017 ലും, കൃത്രിമ പഞ്ചസാര ഉൽപ്പാദനം പോലെ പ്ലാസ്റ്റിക് റീസൈക്ലിംഗിന്‍റെ സമാനമായ വീഡിയോകൾ പ്രചരിച്ചിരുന്നു. 2017ൽ അന്നത്തെ ഉപഭോക്തൃകാര്യ സഹമന്ത്രി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അരിയും പഞ്ചസാരയും പ്ലാസ്റ്റിക്കിൽ നിന്ന് നിർമ്മിക്കുന്നതായുള്ള റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിരുന്നെന്ന് ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, രാജ്യത്ത് പ്ലാസ്റ്റിക് അരിയുടെയും പഞ്ചസാരയുടെയും സാന്നിധ്യം സംബന്ധിച്ച് പ്രത്യേക കേസൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

നിഗമനം 

ഭക്ഷണത്തിൽ മായം ചേർക്കുന്ന വാര്‍ത്തകള്‍ സാധാരണ മാധ്യമങ്ങളില്‍ കാണാറുണ്ട് എങ്കിലും പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ യഥാർത്ഥത്തിൽ തെർമോകോൾ പുനരുപയോഗം ചെയ്യുന്നതാണ് കാണിക്കുന്നത്. അല്ലാതെ കൃത്രിമ പഞ്ചസാര ഉൽപാദിപ്പിക്കുന്ന പ്രക്രീയയല്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തെര്‍മോകോള്‍ കൊണ്ട് നിര്‍മ്മിക്കുന്നത്  കൃത്രിമ പഞ്ചസാരയല്ല,  സത്യമിതാണ്…

Written By: Vasuki S 

Result: False