
കുന്നംകുളം പോലിസ് സ്റ്റേഷനില്‍ 2023 ഏപ്രിലിൽ നടന്ന ക്രൂരമായ ലോക്കപ്പ് മർദനത്തിന്‍റെ ദൃശ്യങ്ങള്‍ ഈയടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നിലെത്തുകയുണ്ടായി. ലോക്കപ്പിനുള്ളിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്ത് കടുത്ത ശാരീരിക പീഡനത്തിന് ഇരയായിട്ടും കാരണക്കാരായ പോലീസുകാര്‍ക്കെതിരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല എന്ന പ്രതിഷേധം ഉയരുന്നതിനിടെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും പോലിസ് ഭീകര വാഴ്ചയുടെ പല സംഭവങ്ങളും പുറത്തു വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പരാതിക്കാരിക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചതിന് നടപടി നേരിടുന്ന പൊലീസ് ഓഫിസറുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
ഒരു പോലിസ് ഓഫീസറുടെ ചിത്രവും ഒപ്പം “യുവതിക്ക് മെസേജ് അയച്ച സംഭവം; അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു.
പത്തനംതിട്ട:അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. യുവതിക്ക് മെസേജ് അയച്ച കേസിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിലിനെതിരെയാണ് വകുപ്പ് തല നടപടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് അന്വേഷണ വിധയേമായി ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്…..” എന്ന വിവരണവുമാണ് പോസ്റ്റില്‍ ഉള്ളത്.

എന്നാല്‍ ചിത്രത്തിലുള്ളത് സസ്‌പെന്‍ഷനിലായ സിപിഒ സുനില്‍ അല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ പോലിസ് ഓഫീസറായ ജി കൃഷ്ണു ആണിത്.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി കേരള പൊലീസ് മീഡിയ സെന്‍റര്‍ നല്‍കിയ അറിയിപ്പ് ലഭ്യമായി. ഓണ്‍ലൈന്‍ മാധ്യമങ്ങളിളും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന ചിത്രം സസ്‌പെന്‍ഷനിലായ ഉദ്യേഗസ്ഥന്‍റെതല്ലെന്ന് വ്യക്തമാക്കിയാണ് അറിയിപ്പ് നല്‍കിയിട്ടുള്ളത്.
ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ പൊലീസുകാരന്‍റെ നെയിംപ്ലേറ്റിലെ പേര് സുനില്‍ എന്നല്ലെന്ന് കാണാം. ചിത്രം സൂം ചെയ്ത് നോക്കിയാല്‍ പേര് ‘KRISHNU G’ എന്നാണെന്ന് വ്യക്തമാകും.

സെപ്റ്റംബര്‍ എട്ടിന് സ്‌റ്റേറ്റ് പൊലീസ് മീഡിയ സെന്‍റര്‍ കേരളയുടെ ഫേസ്ബുക്ക് പേജില്‍ കൃഷ്ണുവിനെ പറ്റി അനുമോദന കുറിപ്പ് നല്‍കിയിട്ടുണ്ട്.
കനകക്കുന്നില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെ നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെത്തി ഉടമയെ ഏല്‍പ്പിക്കാന്‍ കൃഷ്ണു സഹായിച്ചെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഓണാഘോഷത്തിനിടെ നെയ്യാറ്റിന്‍കര സ്വദേശിയായ അരുണിന് നഷ്ടമായ സ്വര്‍ണ്ണ ചെയിനാണ് കൃഷ്ണു കണ്ടെത്തി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഏല്‍പ്പിച്ചത്. സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ ജോലി നോക്കുകയാണ് കൃഷ്ണു.
പോസ്റ്റില്‍ പരാമര്‍ശിക്കുന്ന വാര്‍ത്തയെപ്പറ്റി തിരഞ്ഞപ്പോള്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ സുനിലിനെ സസ്‌പെന്‍ഡ് ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2021 നവംബറില്‍ സുനില്‍ തിരുവല്ല സ്റ്റേഷനില്‍ ജോലി ചെയ്യവെ വാഹനാപകടവുമായി ബന്ധപ്പെട്ട് പരാതി പറയാനെത്തിയ യുവതിയാണ് കേസ് നല്‍കിയത്. ആദ്യം കേസിന്‍റെ കാര്യത്തിന് സന്ദേശങ്ങളയച്ച സുനില്‍ പിന്നീട് സ്ഥിരമായി സന്ദേശങ്ങളയക്കുവാന്‍ തുടങ്ങിയെന്നും ഇതു തുടര്‍ന്നപ്പോള്‍ യുവതി തിരുവല്ല സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇപ്പോള്‍ നടപടിയെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു.
നിഗമനം
അടൂരില്‍ പോലിസ് സ്റ്റേഷനില്‍ എത്തിയ പരാതിക്കാരിക്ക് അനാവശ്യമായി സന്ദേശമയച്ചതിന് സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ സുനില്‍ എന്ന തരത്തില്‍ പ്രചരിക്കുന്നത് മറ്റൊരു പോലിസ് ഉദ്യോഗസ്ഥന്‍റെ ചിത്രമാണ്. ചിത്രത്തിലുള്ളത് സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ പോലിസ് ഓഫീസറായ ജി കൃഷ്ണു എന്ന പോലിസ് ഉദ്യോഗസ്ഥനാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘പരാതിക്കാരിക്ക് അനാവശ്യ സന്ദേശം അയച്ചതിന് നടപടി നേരിട്ട പോലീസുകാരന്‍..?’ പ്രചരിക്കുന്നത് മറ്റൊരു പോലിസ് ഓഫീസറുടെ ചിത്രം…
Fact Check By: Vasuki SResult: False
