മരണാന്തര ചടങ്ങായി ‘ശാവ് കൂത്ത്’ നടത്തുന്നത് തമിഴ്‌നാട്ടിലെ ആചാരമാണ്….

കൗതുകം

വിവരണം 

Smart Pix Media

 എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജനുവരി 7 മുതൽ പ്രചരിപ്പിക്കുന്ന ഒരു വീഡിയോയ്ക്ക് ഇതിനോടകം 1700 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “അമ്മായിയമ്മ മരിച്ചതിന്‍റെ ചടങ്ങാണ്. തമിഴ്നാട്ടിലെ ഈറോഡ് നിന്നൊരു ദൃശ്യം (കേരളത്തിലെ പെണ്ണുങ്ങൾക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല; കെട്ടിയോനെ പേടിച്ചിട്ടാ) 🙄🙄” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോയാണ്. മൃതദേഹത്തിന് ചുറ്റും നിന്ന് കുറച്ച്  സ്ത്രീകൾ താളാത്മകമായി നൃത്തച്ചുവടുകൾ വയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തമിഴ് നാട്ടിൽ അമ്മായി അമ്മ മരിക്കുമ്പോൾ മരുമകൾ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്ന മട്ടിലാണ് പോസ്റ്റിന്റെ പ്രചാരണം. 

web.archived linkFB post

ഈ വീഡിയോ ഞങ്ങൾക്ക് വസ്തുതാ അന്വേഷണത്തിനായി വാട്ട്സ് ആപ്പിൽ അയച്ചു തന്നതാണ്. തമിഴ്‌നാട്ടിൽ മരണ സമയത്ത് വിഭിന്നമായ ആചാരങ്ങളുണ്ട് എന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ അമ്മായി ‘അമ്മ മരിച്ചാൽ മരുമകൾ നൃത്തം ചെയ്യുന്ന പതിവ് തമിഴ് നാട്ടിലുണ്ട? നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

തമിഴ് നാട്ടിലെ ഈ പ്രത്യേക ആചാരത്തെ കുറിച്ച് ഓൺലൈനായി നിരവധി വിവരങ്ങൾ ലഭ്യമാണ്. ചില സമുദായങ്ങളാണ് കൃത്യമായും ഇത് പിന്തുടരുന്നതെന്നും പ്രായം ചെന്ന ആളുകൾ മരിക്കുമ്പോഴാണ് കൂടുതൽ ആചരിക്കുന്നതെന്നും ലേഖനങ്ങൾ പറയുന്നു. 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോ 2018 നവംബര്‍ 5 നു യുട്യൂബില്‍  അപ്ലോഡ് ചെയ്തിട്ടുണ്ട്. 

archived link

ഞങ്ങൾ ചെന്നൈ സ്വദേശിനിയായ രുഗ്‌മിണി എന്ന വീട്ടമ്മയോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ കിട്ടിയ വിശദീകരണം ഇങ്ങനെയാണ് : ഇത് തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ കണ്ടു വരുന്ന ഒരു ആചാരമാണ്. ചില ജാതിയിൽ പെട്ട സമുദായങ്ങളാണ് ഇത് പിന്തുടരുന്നത്.  മരിച്ചയാളിന്‍റെ ബന്ധുക്കളോ സ്വന്തക്കാരോ അല്ല ഇത് ചെയ്യുന്നത്. ഇതിനു വേണ്ടി പ്രത്യേക ആളുകൾ ഉണ്ട്. അമ്മായിഅമ്മ മരിച്ചാൽ മാത്രമല്ല, ആരു മരിച്ചാലും ഈ ആചാരമുണ്ടാകും. മരിച്ചയാളുടെ ബന്ധുക്കളും  സ്വന്തക്കാരുമെല്ലാം അവിടെ ഇരിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ഇതിനു വേണ്ടിയുള്ള സംഘങ്ങളാണ് പാട്ടും നൃത്തവുമെല്ലാം ചെയ്യുന്നത്. ഒപ്പാരി എന്നറിയപ്പെടുന്ന മരണവീടുകളിൽ കരയാനുള്ള സംഘങ്ങൾ ഉണ്ട്. മരിച്ചയാളെ പറ്റി  പുകഴ്ത്തി പറഞ്ഞു കൊണ്ട് നെഞ്ചത്തടിച്ചു വിലപിക്കുന്ന സംഘങ്ങളാണിത്. ഇതെല്ലാം തമിഴ്‌നാട്ടിലെ പതിവ് കാഴ്ചകളാണ്. മരണ ഘോഷയാത്രയ്ക്ക് കൊട്ടിപ്പാട്ടും നൃത്തവും തീർച്ചയായും ഉണ്ടാകും. മരിച്ചപോയ ആളെ സന്തോഷിപ്പിച്ചു യാത്ര അയയ്ക്കുന്നതിന്‍റെ ഭാഗമാണിതൊക്കെ എന്ന് പറയപ്പെടുന്നു. ശാവ് കൂത്ത് എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്.”  

ക്വോറാ ഫോറത്തിൽ ഇതേപ്പറ്റി വന്ന ചോദ്യത്തിന് ലഭിച്ച മറുപടിയുടെ പരിഭാഷ താഴെ കൊടുക്കുന്നു.

” മരണവിഷയത്തെ ചരിത്രത്തിലുടനീളം തുടർച്ചയായി പരിഗണിക്കുകയും ഉത്തരം ലഭിക്കാത്ത ഈ ചോദ്യത്തോട് മനുഷ്യരുടെ താൽപര്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി നൃത്തം ഉപയോഗിക്കുകയും ചെയ്യുന്നു. ചരിത്രാതീത കാലം മുതൽ ആചാരങ്ങൾ മരണമെന്ന രഹസ്യത്തെ വലയം ചെയ്തിരിക്കുന്നു. നിർദ്ദിഷ്ട രൂപമൊന്നുമില്ലാത്ത, ആവർത്തിച്ചുള്ള താളാത്മക ചലനങ്ങൾ നൃത്തമായി മാറുകയാണ്

ശവസംസ്കാര ഘോഷയാത്രകൾ സങ്കടം പ്രകടിപ്പിക്കുന്നതിന്‍റെ ഒരു വകഭേദമാണ്.

പുഷ്പങ്ങളും സംഗീതവും നൃത്തവും ഉപയോഗിച്ച് ആത്മാവിനെ സന്തോഷത്തോടെ നിത്യലോകത്തേക്ക് അയയ്ക്കുന്നുവെന്ന വിശ്വാസമാണിത്. ഈ പരിശീലനം തമിഴ്‌നാട്ടിൽ മാത്രം ഒതുങ്ങുന്നില്ല.

ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ ഗോത്ര വർഗക്കാരുടെ ഇടയിൽ ‘മരണ നൃത്തങ്ങൾ’ ഉണ്ട്. “

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ഇത്തരം നൃത്തം നടത്താറില്ല എന്നാണ് ഈറോഡ് സ്വദേശിയായ ജനേഷ് കുമാര്‍ എന്ന റിട്ടയേഡ് എച്ച്‌ഡി‌എഫ്‌സി ബാങ്ക് ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത്.  ബാങ്ക് ഇടപാടുകാരുമായി ഇടപെടേണ്ടി വരുമ്പോള്‍ ജില്ലയില്‍ ഉള്‍നാടന്‍ യാത്രകള്‍ അദ്ദേഹം ഒരുപാട് നടത്തിയിട്ടുണ്ടെന്നും അനേകം മരണ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും എന്നാല്‍ സ്വന്തമായി ഇതുവരെ ഇവിടെ മൃതദേഹത്തിന് ചുറ്റും നിന്ന് നൃത്തം ചെയ്യുന്നത് കണ്ടിട്ടില്ലെന്നും ജില്ലയിലെ മറ്റ് ചിലരോട് അന്വേഷിച്ചപ്പോള്‍ അവര്‍ക്കും ഇത്തരത്തില്‍ അനുഭവങ്ങളില്ലെന്നാണ് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.  

ശാവ്ക്കൂത്ത് നടത്തുന്ന നിരവധി വീഡിയോകൾ യൂട്യൂബിൽ കാണാം. 

archived linkyoutube

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ അമ്മായിഅമ്മമാര്‍ മരിക്കുമ്പോൾ മരുമക്കൾ നൃത്തം ചെയ്യുന്നതിന്‍റെതല്ല. ആര് മരിച്ചാലും തമിഴ് നാട്ടിൽ ഈ ആചാരം ചില പ്രത്യേക ജാതി-മത സമുദായങ്ങൾ പിന്തുരുന്നതാണ്.  

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം തെറ്റാണ്. ശാവ് കൂത്ത് എന്ന ആചാരമാണ് വീഡിയോയിലെ ദൃശ്യങ്ങൾ. അമ്മായിഅമ്മ മാത്രമല്ല ആര് മരിച്ചാലും തമിഴ്‌നാട്ടിലെ പ്രത്യേക സമുദായങ്ങൾ ഈ ആചാരം നടത്തിപ്പോരുന്നുണ്ട്. ഇതിനായി പ്രത്യേക സംഘങ്ങൾ ഉണ്ട്. മരിച്ചയാളുടെ ബന്ധുക്കളോ സ്വന്തക്കാരോ അല്ല ഇതു ചെയ്യുക. ഈ വസ്തുതകൾ വായനക്കാരുടെ അറിവിലേക്കായി സമർപ്പിക്കുന്നു.

Avatar

Title:മരണാന്തര ചടങ്ങായി ‘ശാവ് കൂത്ത്’ നടത്തുന്നത് തമിഴ്‌നാട്ടിലെ ആചാരമാണ്….

Fact Check By: Vasuki S 

Result: False