ബീഹാറില്‍ മുസ്ലിം ലീഗ് ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചുവെന്ന് വ്യാജ പ്രചരണം…

False ദേശീയം | National രാഷ്ട്രീയം | Politics

ബിഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കുള്ള 243 സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്‌ പൂർത്തിയായ ശേഷം ഇന്ന് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ എന്‍ഡിഎ സഖ്യം കൂടുതല്‍ സീറ്റുകളുമായി വിജയമുറപ്പിച്ച് ബഹുദൂരം മുന്നിലാണ്. ഭരണത്തിലെത്തുക ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം തന്നെയാണ്. 122 മണ്ഡലങ്ങളിലായി 3.7 കോടി വോട്ടർമാരാണ് ഉള്ളത്. സംസ്ഥാനത്തെ ഏക മുസ്ലീം ഭൂരിപക്ഷ ജില്ലയായ കിഷൻഗഞ്ചിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് – 76.26%

ഈ പശ്ചാത്തലത്തില്‍ ബിഹാറിൽ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ബിജെപിയോട് ഒത്തുചേര്‍ന്നാണ് പ്രചരണം നടത്തിയത് എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

നിമയസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ബിജെപിക്കൊപ്പം പ്രചാരണത്തിൽ എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബിഹാറിൽ ഞങ്ങൾ ഒന്നാണ് ഇന്ത്യയിൽ എവിടെയും ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും അതാണ് ഇന്ത്യൻ മുസ്ലിം ലീഗ് ബിജെപി ആർഎസ്എസ് കൂട്ടുകെട്ട് ഇങ്ങനെ പോയാൽ `മുസ്ലിം *”ലീഗ് ” നാടിനാപത്ത് മുസ്ലിങ്ങൾക്ക് ആപത്ത്.”

FB postarchived link

എന്നാല്‍ ദൃശ്യങ്ങള്‍ക്ക് ബീഹാറുമായി യാതൊരു ബന്ധവുമില്ലെന്നും വീഡിയോ മുംബൈയില്‍ നിന്നുള്ളതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ‘ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് മുംബൈ, റിസ്വാന ഖാന്‍-മഹിള അധ്യക്ഷ’ എന്നെഴുതിയിരിക്കുന്നത് കണ്ടു. IUML ഷാള്‍ ധരിച്ച യുവതിയുടെ തലയില്‍ വച്ച തൊപ്പിയിലുള്ളത് ബിജെപിയുടെ ചിഹ്നമല്ല. വീഡിയോ ബിഹാറിൽ നിന്നുള്ളതല്ലെന്ന അനുമാനത്തില്‍ ഞങ്ങളെത്തി. 

തുടര്‍ന്ന് വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ റിസ്വാന ഖാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടു. റിസ്വാന ഖാൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുംബൈ മഹിളാ പ്രസിഡൻ്റാണ്. 

ഹിന്ദുക്കളും മുസ്ലീങ്ങളും അവരുടെ അവകാശങ്ങൾക്കായി ഒരുമിച്ച് നിൽക്കും എന്ന വിവരണത്തോടെ 2025 സെപ്റ്റംബര്‍ 2നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

മറാത്ത പ്രക്ഷോഭത്തിനെ പിന്തുണച്ചുകൊണ്ട് അനേകം വീഡിയോകളും കുറിപ്പുകളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. റാലി നടത്തുന്നതും, സമരക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതുമായ വീഡിയോകളിൽ മറാത്ത സംവരണ പ്രക്ഷോഭം നടക്കുന്ന ആസാദ് മൈതാനിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു എന്ന് വിവരിക്കുന്നു.  വീഡിയോയിൽ കാണുന്ന തരത്തിലുള്ള കാവി നിറത്തിലുള്ള തൊപ്പി റിസ്വാന ഖാൻ ധരിധരിച്ചിട്ടുണ്ട്. ഏക് മറാത്ത ലാഖ് മറാത്ത എന്നാണ് ഇതില്‍ എഴുതിയിട്ടുള്ളത്.

മറാത്ത വിഭാഗത്തിന് സംവരണ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ മുംബൈയില്‍ നടന്ന പ്രതിഷേധത്തെ കുറിച്ച്  റിപ്പോർട്ടുകളുണ്ട്. മറാത്ത സംവരണത്തിനായി പോരാടുന്ന മനോജ് ജാരങ്കെ പാട്ടീല്‍ ആരംഭിച്ച നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പേരാണ് സമരത്തില്‍ പങ്കെടുത്തത്. ‘ഏക് മറാത്ത ലാഖ് മറാത്ത’ എന്നായിരുന്നു സംവരണ സമരത്തിലെ മുദ്രാവാക്യം. 

പ്രതിഷേധക്കാർക്ക് കുടിവെള്ളം പോലും സര്‍ക്കാര്‍ തടഞ്ഞുവെന്ന ആരോപണം ഉയര്‍ന്നപ്പോൾ വിവിധ രാഷ്ട്രീയ, സാംസ്‌ക്കാരിക സംഘടനകള്‍ സമരക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തിരുന്നു.  ഇതിൻ്റെ ഭാഗമായാണ് മുസ്ലീം ലീഗും ഭക്ഷണ സാധനങ്ങള്‍ നല്‍കിയത്. മുസ്ലീം ലീഗ് ബിജെപിയുമായി ചേര്‍ന്ന് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നു തിരഞ്ഞെങ്കിലും ഇത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. 

നിഗമനം 

ബിഹാറില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ബിജെപിയോട് ഒത്തുചേർന്ന് മത്സരിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. 2025 സെപ്റ്റംബറില്‍ മുംബൈയില്‍ നടന്ന മറാത്ത സംവരണ സമരത്തിന് എത്തിയവര്‍ക്ക് ഭക്ഷണ വിതരണം നടത്തുന്ന വനിതാ ലീഗ് നേതാവിനെയാണ് വീഡിയോയില്‍ കാണുന്നത്. ബിഹാറിൽ ബിജെപിയുമായി ഒത്തുചേര്‍ന്നു മുസ്ലിം ലീഗ് മത്സരിച്ചിട്ടില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബീഹാറില്‍ മുസ്ലിം ലീഗ് ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചുവെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

Leave a Reply