കാവി നിറത്തിലുള്ള സാരി ധരിച്ചതിന് കര്‍ണാടക പോലിസ് സ്ത്രീയെ പിടികൂടി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം…

വര്‍ഗീയം സാമൂഹികം

കര്‍ണാടക സര്‍ക്കാരിന്‍റെ ഹിന്ദു വിരുദ്ധത എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

കര്‍ണാടകയിലെ ചാമുണ്ഡീ ദേവീ ക്ഷേത്രത്തിന് മുന്നില്‍ പൊലീസുകാര്‍ ഒരു വനിതയുമായി തര്‍ക്കിക്കുന്നതും തുടര്‍ന്ന് അവരെ വാനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാവി നിറത്തിലുള്ള സാരി ധരിച്ചതിനാണ് പൊലീസ് സ്ത്രീയെ ചോദ്യം ചെയ്യുന്നതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  “കർണാടക. മാതാ ചാമുണ്ഡ ദേവി ക്ഷേത്രത്തിന് പുറത്ത്, ക്ഷേത്രത്തിൽ നിന്ന് മടങ്ങാൻ പോകുന്ന ഭർത്താവിനെ കാത്ത് മാന്യയായ ഒരു സ്ത്രീ നിൽക്കുന്നു.

കർണാടക പോലീസ് എത്തി അവരെ പോലീസ് വാനിലേക്ക് തള്ളിയിടാൻ തുടങ്ങുന്നു. ആ സ്ത്രീ കരയാൻ തുടങ്ങുന്നു.

ഈ ലളിതയും മാന്യയുമായ സ്ത്രീയുടെ കുറ്റകൃത്യം കണ്ടെത്തൂ –

അവൾ കാവി സാരി ധരിച്ചിരുന്നു.

വീഡിയോ ഇല്ലായിരുന്നെങ്കിൽ ആരും ഈ സംഭവം വിശ്വസിക്കുമായിരുന്നില്ല.

കോൺഗ്രസിന്റെ ഹിന്ദുവിരുദ്ധ നിരാശ, നീചത്വം, ക്രൂരത എന്നിവ ഇപ്പോൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു.

ഇതാണ് കോൺഗ്രസിന്റെ ധൈര്യം. എസ്പി, ടിഎംസി, എഎപി, ആർജെഡി തുടങ്ങിയ പാർട്ടികൾ ജിഹാദിയെ സ്നേഹിക്കുന്നതിൽ കോൺഗ്രസിനേക്കാൾ നാല് പടി മുന്നിലാണ്.”

FB postarchived link

എന്നാല്‍ കാവി നിറത്തിലുള്ള സാരി ധരിച്ചതിനല്ല സ്ത്രീയെ പൊലീസ് തടഞ്ഞന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം  നടത്തി നോക്കിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ 2025 സെപ്റ്റംബര്‍ 9ന് കന്നഡപ്രഭ ഫേസ്ബുക്ക് പേജില്‍ നിന്നും ലഭിച്ചു. ചാമുണ്ഡി ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തയെ അവിടെ പ്രതിഷേധിക്കാനെത്തിയ ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് തടഞ്ഞുവച്ചുവെന്നാണ് ഒപ്പമുള്ള വിവരണം. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കന്നഡപ്രഭ ഓണ്‍ലൈന്‍ പതിപ്പിലുണ്ട്. 

റിപ്പോര്‍ട്ട് അനുസരിച്ച് മൈസൂരിലെ ചാമുണ്ഡീ ദേവീ ക്ഷേത്രത്തിന് സമീപത്ത് നിന്ന് സെപ്റ്റംബര്‍ 9ന് പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ക്ഷേത്രത്തിലേക്ക് ഹിന്ദു സംഘടനകള്‍ നടത്താനിരുന്ന മാര്‍ച്ച് തടയുന്നതിനായി പൊലീസിനെ വിന്യസിച്ചിരുന്നു. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകയാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതെന്നും പിന്നീട് കാര്യം മനസിലാക്കി വിട്ടയച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ദസറ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ബുക്കര്‍ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ജാഗരണ്‍ വേദികെ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ‘ചാമുണ്ഡി ബേട്ട ചലോ’ എന്ന പേരില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. 

ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം, ബാനു മുഷ്താക്കിനെ ദസറ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഹിന്ദു സംഘടനകളും അവരെ പിന്തുണച്ച് ദളിത് മഹാസഭയും റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ രണ്ട് പ്രതിഷേധങ്ങള്‍ക്കും മൈസൂരു പൊലീസ് അനുമതി നിഷേധിച്ചു. റാലിയില്‍ പങ്കെടുക്കാനിരുന്ന നേതാക്കളെ മുന്‍കൂര്‍ അറസ്റ്റ് ചെയ്തു. 


സ്റ്റാര്‍ ഓഫ് മൈസൂര്‍ റിപ്പോര്‍ട്ടില്‍ ബംഗളൂരുവില്‍ നിന്നുള്ള ദമ്പതികളില്‍ ഒരാളെയാണ് പൊലീസ് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്തതെന്ന് വ്യപറയുന്നു. ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്ന മകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനെത്തിയതാണെന്ന് ഈ സ്ത്രീ കരഞ്ഞുകൊണ്ട് പറയുന്നു. തെറ്റുമനസിലാക്കിയ പൊലീസ് ഒടുവില്‍ സ്ത്രീയെ മോചിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

വീഡിയോ ദൃശ്യങ്ങളില്‍ ടിവി9 കന്നഡയുടെ വാട്ടര്‍ മാര്‍ക്ക് കാണാം.  ചാനലിന്‍റെ യുട്യൂബ് പേജില്‍  സെപ്റ്റംബര്‍ 9ന് ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

കൂടുതല്‍ വിശദീകരണത്തിനായി ഞങ്ങള്‍ ചാമുണ്ഡി ഹില്‍സ് ക്ഷേത്രം ഉള്‍പ്പെടുന്ന കൃഷ്ണ രാജ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം ഇങ്ങനെ:  “കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതിന് അറസ്റ്റ് ചെയ്തുവെന്ന പ്രചരണം തെറ്റാണ്. ഹിന്ദു സംഘടനകള്‍ സംഘടിപ്പിച്ച മാര്‍ച്ചിന് പോലിസ് അനുമതി ഉണ്ടായിരുന്നില്ല. അത് നേരിടാനാണ് പോലിസ് എത്തിയത്. ചാമുണ്ഡീ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരില്‍ ഭൂരിഭാഗവും കാവി നിറത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത്. അത് ഇവിടുത്തെ ഒരു ആചാരമാണ്. മോന്നുട്ടു വരുന്നത് കണ്ടപ്പോള്‍ പ്രതിഷേധകരുടെ ഒപ്പമുല്ലതാണ് എന്ന് കരുതി ചോദ്യം ചെയ്തതാണ്. ബാക്കിയെല്ലാം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്.”  

നിഗമനം 

കാവി നിറത്തിലുള്ള സാരി ധരിച്ച് ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ സ്ത്രീയെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് ചാമുണ്ഡി ചലോ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് സ്ത്രീയെ തടഞ്ഞ ദൃശ്യങ്ങളാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കാവി നിറത്തിലുള്ള സാരി ധരിച്ചതിന് കര്‍ണാടക പോലിസ് സ്ത്രീയെ പിടികൂടി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം…

Fact Check By: Vasuki S  

Result: False