
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ശിവഭക്തര്‍ വ്രതം നോറ്റ് നടത്തുന്ന തീർത്ഥാടനമായ കവാദ് യാത്ര പ്രധാനമായും ഗംഗാ നദിയിൽ നിന്ന് പുണ്യജലം ശേഖരിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ നിന്നും ആരംഭിക്കുന്നു. പ്രത്യേകിച്ച് ഹരിദ്വാർ, ഗൗമുഖ്, ഉത്തരാഖണ്ഡിലെ ഗംഗോത്രി. ഗംഗാജൽ എന്നറിയപ്പെടുന്ന ഈ പുണ്യജലം വഴിയരികിലെ വിവിധ ശിവക്ഷേത്രങ്ങളിലും അവരുടെ സ്വന്തം നാടുകളിലും സമർപ്പിക്കുന്നതോടെയാണ് യാത്ര അവസാനിക്കുന്നത്. ഈ വര്‍ഷത്തെ കവാദ് യാത്രക്കിടെ ഉത്തര്‍ പ്രദേശില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ തീര്‍ത്ഥാടകര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മൂന്ന് ടേബിളുകളിലായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന യുവാക്കളെ ദൃശ്യങ്ങളില്‍ കാണാം. ഒരാൾ മറ്റൊരാൾക്ക് എന്തോ കൈമാറുന്നതും അയാൾ അത് വേറൊരാളുടെ പ്ലേറ്റിലേക്ക് ഇടുന്നതും കാണാം. ഉത്തർപ്രദേശിലെ കാവദ് യാത്രക്കാർ ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ സസ്യാഹാരത്തിൽ എല്ലിൻ കഷ്ണം ഇട്ട് പ്രശ്നമുണ്ടാക്കി എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വീഡിയോയില്‍ കാണുന്നവര്‍ കാവദ് തീര്‍ഥാടകരല്ല.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സമാന സ്ക്രീൻഷോട്ട് ഉൾപ്പെടുത്തി ആജ് തക് 2025 ആഗസ്റ്റ് 3ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ശാസ്ത്രീചൌക്കിലുള്ള റസ്റ്റോറന്‍റിൽ നിന്നുള്ള ദൃശ്യമാണ് ഇതെന്ന് റിപ്പോർട്ടിലുണ്ട്. ബിരിയാണി ബേ എന്ന റസ്റ്റോറന്റിൽ ജൂലൈ 31നായിരുന്നു സംഭവം. റസ്റ്റോറന്‍റിലെത്തിയ പതിമൂന്നോളം പേരടങ്ങുന്ന സംഘം സസ്യ-സസ്യേതര ഭക്ഷണങ്ങള്‍ ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ച് കഴിയാറായപ്പോൾ സസ്യാഹാരത്തിൽ എല്ലുകൾ ഉണ്ടെന്ന് ആരോപിച്ച് സംഘം പ്രശ്നമുണ്ടാക്കിയെന്നും തുടർന്ന് ഹോട്ടലുടമ സിസിടിവി പരിശോധിച്ചപ്പോൾ ലഭിച്ച ദൃശ്യമാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ എവിടെയും റസ്റ്റോറന്‍റിൽ പ്രശ്നമുണ്ടാക്കിയ ആളുകൾ കാവടിയാത്രക്കാരാണെന്ന് പറയുന്നില്ല. മാത്രമല്ല, കൂട്ടത്തിൽ ചിലർ മാംസാഹാരം ഓർഡർ ചെയ്തിരുന്നുവെന്നും ഇതിലുണ്ടായിരുന്ന എല്ലാണ് സസ്യാഹാരത്തിൽ ഇട്ടതെന്നും പറയുന്നുണ്ട്. കാവടിയാത്രയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പരിശോധിച്ചപ്പോള്‍ 2025 ജൂലൈ 23ന് കാവടിയാത്ര അവസാനിച്ചതായാണ് വാര്‍ത്തകള്‍ ഉള്ളത്. കാവടിയാത്ര അവസാനിച്ച് 7 ദിവസത്തിന് ശേഷമാണ് സംഭവം നടന്നത്. യുവാക്കൾ പ്ലേറ്റിൽ നിന്നും എല്ലിൻകഷ്ണം എടുത്ത് കാണിക്കുന്നതും പ്രശ്നമുണ്ടാക്കുന്നതുമായ ദൃശ്യങ്ങള്‍ വാര്‍ത്താ റിപ്പോര്‍ട്ടില്‍ കാണാം.
യുവാക്കളുടെ കൂട്ടത്തിലുള്ള ഒരാൾ സസ്യാഹാരത്തിൽ എല്ല് കണ്ടെത്തിയെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയും ശ്രാവണമാസത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചെന്നും എന്‍ഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുവാക്കൾ കൂടുതൽ ബഹളമുണ്ടാക്കിയതോടെ റസ്റ്റോറന്‍റ് ഉടമ രവികർ സിംഗ് പൊലീസിനെ വിളിച്ചു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ നടന്നതെന്താണെന്ന് വ്യക്തമാവുകയും പൊലീസ് തന്നെ യുവാക്കളെ അവിടെ നിന്നും മാറ്റുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നിഗമനം
ഉത്തര്‍പ്രദേശില്‍ റസ്റ്റൊറന്‍റില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ബില്‍ നല്‍കാതിരിക്കാന്‍ സസ്യാഹാരത്തില്‍ എല്ലിന്‍ കഷണം ഇട്ട് പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചത് സിസിടിവിയില്‍ പതിഞ്ഞപ്പോള്‍ എന്ന വിവരണം തെറ്റാണ്. പ്രശ്നമുണ്ടാക്കുന്ന സംഘം കാവദ് തീര്‍ത്ഥാടകരല്ല. കാവദ് തീര്‍ത്ഥാടനം അവസാനിച്ച് ഒരാഴ്ച ശേഷമാണ് ഈ സംഭവം നടന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഉത്തര്‍പ്രദേശില്‍ കാവടി തീര്‍ത്ഥാടകര്‍ ഭക്ഷണശാലയില്‍ മനപൂര്‍വം പ്രശ്നമുണ്ടാക്കുന്ന ദൃശ്യങ്ങള്‍..? വീഡിയോയുടെ സത്യമറിയൂ…
Fact Check By: Vasuki SResult: Misleading
