
പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളുമായി സംവദിക്കുമ്പോൾ കുട്ടികൾ അദ്ദേഹത്തോട് വോട്ട് ചോരി എന്ന് പറഞ്ഞ് ആക്ഷേപിച്ചു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
നരേന്ദ്ര മോദി കുട്ടികളുമായി സംവദിക്കുന്ന വീഡിയോയിലെ സംഭാഷണം ഇങ്ങനെ: “മോദി ജി: നിങ്ങൾക്ക് മോദി ജിയെ അറിയാമോ? കുട്ടി: ഞാൻ നിങ്ങളുടെ വീഡിയോ ടിവിയിൽ കണ്ടു…. മോദി ജി: നിങ്ങൾ അത് എവിടെയാണ് കണ്ടത്? കുട്ടി: ടിവിയിൽ..മോദി ജി: ഞാൻ ടിവിയിൽ എന്തുചെയ്യുകയായിരുന്നു? കുട്ടി: വോട്ട് മോഷ്ടിക്കൽ…”
കുട്ടികള്‍ കള്ളം പറയില്ല എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കുട്ടികളുടെ മനസിൽ കള്ളം ഇല്ല…… മോദി ജി —- നിങ്ങൾക്ക് മോദിജിയെ അറിയാമോ?. കുട്ടികൾ —- ഞാൻ നിങ്ങളുടെ വീഡിയോ ടി വിയിൽ കണ്ടു. മോദിജി …..നിങ്ങൾ അത് എവിടെയാണ് കണ്ടത് ? കുട്ടി ……. ടി വിയിൽ. മോദിജി ……. ഞാൻ ടി വി യിൽ എന്തു ചെയ്യുകയായിരുന്നു ? കുട്ടി ……. വോട്ട് മോഷ്ടിക്കൽ (വോട്ട് ചോരി ) അടി പൊളി മറുപടി.”
എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണെന്നും കുട്ടികൾ അങ്ങനെ വോട്ട് ചോരി എന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടില്ല എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ വീഡിയോ ഡിഡി ന്യൂസ് 2023 ജൂലൈയിൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന അഖില ഭാരതീയ ശിക്ഷാ സമാഗമം പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ X ഹാൻഡിൽ ഇത് വീഡിയോയുടെ പൂർണ്ണരൂപം കാണാം.

ഒരിടത്തും വോട്ട് ചോരി എന്ന വാക്ക് പറയുന്നില്ല. വോട്ട് ചോരി വിവാദം ഒരു മാസം മുൻപാണ് ഉണ്ടായത്. എന്നാൽ ഈ വീഡിയോ 2023 മുതൽ ലഭ്യമാണ്. ‘വോട്ടുചോരി’ എന്ന വാക്ക് കുട്ടികളുടെ സംഭാഷണത്തിന് ഒപ്പം എഡിറ്റ് ചെയ്ത് ചേർത്താണ് വ്യാജ പ്രചരണം നടത്തുന്നത്. ടിവിയിൽ ഞാൻ എന്ത് ചെയ്യുകയായിരുന്നു എന്ന നരേന്ദ്രമോദിയുടെ ചോദ്യത്തിന് കുട്ടികൾ പ്രതികരിച്ചതായി കാണുന്നില്ല. മോദിയെ ടിവിയില്‍ കണ്ടു എന്ന് മാത്രമാണ് കുട്ടികൾ പറയുന്നത്.
നിഗമനം
കുട്ടികളുമായി സംവദിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കുട്ടികള്‍ അദ്ദേഹം വോട്ട് ചോരി നടത്തിയെന്ന് ടിവിയില്‍ കണ്ടു എന്ന് പറഞ്ഞ് ആക്ഷേപിച്ചതായി പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്. 2023 ലെ വീഡിയോ ആണ് ഇപ്പോള്‍ നടന്ന വോട്ട് ചോരി വിവാദവുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം നടത്താന്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വോട്ട് ചോരി നടത്തിയെന്ന് കുട്ടികള്‍ സംവദിക്കുന്നതിനിടെ നരേന്ദ്ര മോദിയെ ആക്ഷേപിച്ചു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്
Fact Check By: Vasuki SResult: Altered
