
ശബരിമല പാത ഇപ്പോഴും വനയോര മേഖലകളിലൂടെയാണ്. ഇത്തരം മേഖലകളിൽ സന്ദർശകർ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് വന്യജീവികളുടെ ആക്രമണം. ശബരിമല തീർത്ഥാടനത്തിന്‍റെ കാര്യത്തിൽ ഇതുവരെ വന്യജീവി ആക്രമണം അത്ര കാര്യമായി ഉണ്ടായിട്ടില്ലെങ്കിലും വന്യജീവികളെ തീർത്ഥാടകർ അപൂർവമായി കണ്ട അനുഭവങ്ങള്‍ ഇടയില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ശബരിമലയിലെ പുലിയിറങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്
പ്രചരണം
ഹോട്ടല്‍ അടുക്കള പോലെ തോന്നിക്കുന്ന, നിറയെ ഉപകരണങ്ങൾ നിറഞ്ഞ മുറിയിൽ പുലി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. “Sabarimala aravana plant yesterday. ശബരിമല അരവണ പ്ലാന്റിൽ പുലിയിറങ്ങി” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നല്‍കിയിരിക്കുന്നത്.
ഇതേ വീഡിയോ ഏതാനും ദിവസം മുമ്പ് “തമിഴ്‌നാട് ഗൂഡല്ലൂരിലെ ഹോട്ടലിന്റെ അടുക്കളയില്‍ എത്തിയ പുലി” എന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ഈ വീഡിയോ ശബരിമലയില്‍ നിന്നുള്ളതോ അല്ലെങ്കില്‍ തമിഴ്നാട്ടില്‍ നിന്നുള്ളതോ അല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ പ്രത്യേകിച്ച് സൂചന ഒന്നും ലഭ്യമായില്ല. തുടർന്ന് കീവേഡുകൾ ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോഴും പ്രത്യേകിച്ച് ഫലങ്ങൾ ഒന്നും ലഭിച്ചില്ല. പിന്നീട് പുലികൾ നാട്ടിലിറങ്ങിയ വാർത്തകളെ കുറിച്ച് തിരഞ്ഞപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ഡിസംബർ 18ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. ഹൈദരാബാദിൽ ഹെറ്ററോ കമ്പനിയുടെ മരുന്ന് നിർമ്മാണ യൂണിറ്റിൽ പുലി എത്തിയതിനെ കുറിച്ചാണ് വാർത്ത.

“സംഗറെഡ്ഡി ജില്ലയിലെ ഗദ്ദ പോത്താരം ഇൻഡസ്ട്രിയൽ ഏരിയയിലെ ഹെറ്ററോ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് സ്ഥാപനത്തിലേക്ക് വഴിതെറ്റി എത്തിയ പുള്ളിപ്പുലിയെ മൃഗശാല അധികൃതർ പിടികൂടി. ഡിസംബർ 16-ന് വെള്ളിയാഴ്ച രാത്രിയാണ് പുള്ളിപ്പുലി പ്ലാന്‍റിൽ കയറിയതെന്നും സുരക്ഷാ ജീവനക്കാർ കണ്ടതോടെ ഉടൻ തന്നെ പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു.
അഞ്ചോ ആറോ വയസ്സ് പ്രായമുള്ള ആണ്‍ പുള്ളിപ്പുലിയാണിതെന്ന് മൃഗശാല അധികൃതർ പറഞ്ഞു. പുള്ളിപ്പുലിയെ പിടികൂടാൻ ഏകദേശം നാല് മണിക്കൂറെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ ഹൈദരാബാദ് മൃഗശാലയിലേക്ക് മാറ്റി. കെമിക്കൽ ഇമ്മൊബിലൈസേഷൻ നടത്തിയാണ് പുലിയെ പിടികൂടിയത്. പുള്ളിപ്പുലി നിരീക്ഷണത്തിലാണ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നിർദ്ദേശിക്കുന്ന മുറയ്ക്ക് കാട്ടിലേക്ക് വിടും.
“അപകടസാധ്യത ഉണ്ടായിരുന്നിട്ടും, ഞങ്ങളുടെ ജീവനക്കാർ മുന്നോട്ട് പോയി പുള്ളിപ്പുലിയെ അകത്ത് കടന്ന കെട്ടിടത്തിനുള്ളിൽ പൂട്ടി. പുള്ളിപ്പുലി കയറിയ കെട്ടിടം ആളൊഴിഞ്ഞ സ്ഥലമായിരുന്നു. ജനത്തിരക്കേറിയ സ്ഥലമായിരുന്നെങ്കിൽ പുള്ളിപ്പുലി ഈ പ്രദേശത്തേക്ക് കടക്കുമായിരുന്നില്ല.” ഫാർമ ഫെസിലിറ്റിയിലെ ഒരു മാനേജർ പറഞ്ഞു.”
മറ്റു പല മാധ്യമങ്ങളിലും പ്രസ്തുത വാർത്ത നൽകിയിട്ടുണ്ട്.

ടിവി 9 തെലുഗു നല്കിയ വീഡിയോ വാര്‍ത്ത കാണാം:
ശബരിമലയിൽ അടുത്തകാലത്തെങ്ങാനും പുലി ഇറങ്ങിയ സംഭവം ഉണ്ടായോ എന്ന് അറിയാനായി ഞങ്ങൾ പത്തനംതിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസുമായി ബന്ധപ്പെട്ടു . ശബരിമല അരവണ പ്ലാന്‍റില്‍ പുലി കയറി എന്നത് തെറ്റായ വാര്‍ത്തയാണെന്നും അവിടെ ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഞങ്ങളെ അറിയിച്ചു. ഹൈദരാബാദിലെ ഹെറ്ററോ മരുന്ന് നിർമ്മാണ യൂണിറ്റിൽ പുലി അതിക്രമിച്ചു സമയത്തെ വീഡിയോ ആണ് ശബരിമലയിലേത് എന്ന് പേരിൽ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ശബരിമലയിൽ പുലി ഇറങ്ങിയെന്ന് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന വീഡിയോ കഴിഞ്ഞ ഡിസംബർ 16ന് തെലുങ്കാനയിലെ ഹെറ്ററോ മരുന്നു നിർമ്മാണ പ്ലാന്‍റിൽ പുലി അതിക്രമിച്ച് കയറിയതിന്‍റെതാണ്. ശബരിമലയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ശബരിമല അരവണ പ്ലാന്‍റില്‍ പുലിയിറങ്ങി… പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്..
Fact Check By: Vasuki SResult: MISLEADING
