പാലും പാൽ ഉൽപ്പന്നങ്ങളും ലോകം മുഴുവനുമുള്ള ആളുകളുടെ നിത്യ ആഹാരത്തിന്‍റെ ഭാഗമാണ്. പശുവിനെ വളർത്തി പാൽ എടുക്കാൻ എല്ലാവർക്കും സാധ്യമല്ലാത്തതിനാൽ ഡയറി ഫാമുകളുടെ പായ്ക്കറ്റ് പാൽ ആശ്രയിക്കുകയാണ് ഏക പോംവഴി. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സർക്കാരിന്‍റെ ഡയറി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. വിശ്വാസയോഗ്യം എന്ന നിലയിൽ പലരും കൂടുതലും വാങ്ങുന്നത് സർക്കാരിന്‍റെ ഡയറി ഉൽപ്പന്നങ്ങളാണ്. കേരളത്തിലെ മിൽമ മില്‍ക്ക് കോര്‍പ്പറേഷന്‍ കേരളം മുഴുവൻ പാൽ വിതരണം നടത്തുന്നു. മില്‍മ പാലില്‍ കേടാകാതെ ഇരിക്കാൻ രാസവസ്തുക്കൾ കലർത്തുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

മിൽമ പാൽ വാങ്ങി വാങ്ങി ഫ്രിജറേറ്ററിൽ സൂക്ഷിച്ചു പത്തുദിവസത്തിനുശേഷം തിളപ്പിച്ചപ്പോൾ പാലിന് യാതൊന്നും സംഭവിച്ചില്ല എന്ന് അവകാശവാദമാണ് വീഡിയോയിൽ വിവരിക്കുന്നത്. സർക്കാർ ഏജൻസിയായ മിൽമയുടെ പോലും പാൽ വിശ്വസിച്ച് വാങ്ങി ഉപയോഗിക്കാൻ പറ്റാത്തതാണെന്നും ഉയര്‍ന്ന അളവില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം മൂലമാണ് പത്ത് ദിവസമായിട്ടും പാൽ കേടാകാതിരുന്നതെന്നും ഇക്കാര്യത്തെ കുറിച്ച് മിൽമ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അവർ തൃപ്തികരമായ മറുപടി തന്നില്ല എന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.

FB postarchived link

എന്നാൽ മിൽമ പാലിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നടക്കുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് ഞാൻ കൂടുതൽ തിരഞ്ഞപ്പോൾ കർമ്മ ന്യൂസ് മലയാളം എന്ന ഓൺലൈൻ ചാനലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമായി. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കർമ്മ ന്യൂസ് എഡിറ്റോറിയലിനെ സമീപിച്ചു അവർ തന്ന മറുപടി ഇങ്ങനെയാണ്: “വീഡിയോ ചിത്രീകരിച്ച വ്യക്തി ഞങ്ങളുടെ ന്യൂസ് സ്റ്റുഡിയോയിലേക്ക് ദൃശ്യങ്ങള്‍ അയച്ചുതന്നതാണ്. മില്‍മ അധികൃതരുമായുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ റെക്കോര്‍ഡ് ഞങ്ങള്‍ തെളിവിനായി വാങ്ങി, ഈ വിവരങ്ങള്‍ ഉപയോഗിച്ച് ന്യൂസ് സ്റ്റോറി ചെയ്തു. കൂടുതല്‍ വിവരങള്‍ അറിയില്ല.”

മൂന്ന് ദിവസം കാലാവധി രേഖപ്പെടുത്തി വിപണിയിൽ വരുന്ന മിൽമ പാൽ 11 ദിവസത്തിന് ശേഷം തിളപ്പിച്ചപ്പോള്‍ കേടായില്ല എങ്കില്‍ എന്താണ് കാരണം എന്നറിയാന്‍ ഞങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ അംഗീകൃത ലാബുമായി സംസാരിച്ചു. അധികൃതരുടെ വിശദീകരണം, ഇങ്ങനെ: “പാൽ പാസ്റ്ററൈസ് ചെയ്താണ് വിപണിയിൽ എത്തുന്നത്. തിളപ്പിച്ച പാൽ പിന്നീട് ശീതീകരിച്ചാണ് സൂക്ഷിക്കുന്നത്. ഭദ്രമായ ശീത അന്തരീക്ഷത്തിൽ പാലിന് കേടാവാതെ 10 ദിവസത്തിൽ 12 ദിവസം വരെ ഇരിക്കാൻ കഴിയും. പാസ്റ്ററൈസ് ചെയ്ത പാലില്‍ കേടാക്കുന്ന ബാക്ടീരിയകൾ ഉണ്ടാവില്ല. 85% വെള്ളവും ബാക്കിയുള്ള ഖരഭാഗം കൂടുതലും പ്രോട്ടീനും ആയ ഉല്‍പ്പന്നമാണ് പാല്‍. അതിനാല്‍ തന്നെ അതിവേഗം കേടാകും.”

മിൽമ അധികൃതർക്ക് ഇക്കാര്യത്തിൽ എന്താണ് പറയേണ്ടത് പറയാനുള്ളത് എന്നറിയാനായി ഞങ്ങൾ മിൽമയുടെ തിരുവനന്തപുരം ആസ്ഥാനവുമായി ബന്ധപ്പെട്ടു. മിൽമയുടെ മാർക്കറ്റിംഗ് ആന്‍റ് ക്വാളിറ്റി ചെക്ക് ഹെഡ് മുരുകൻ വി എസ് ഞങ്ങൾക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: “മിൽമ പാൽ കേടുകൂടാതെ ഇരിക്കുന്നത് പാസ്റ്ററൈസേഷൻ ചെയ്യുന്നതിനാലാണ്. പാല് കേടാക്കുന്ന സൂക്ഷ്മജീവികളെ നിർവീര്യമാക്കുന്ന പ്രക്രീയയാണിത്. 72-75 ഡിഗ്രി വരെ ചൂടാക്കുകയും പിന്നീട് ശീതീകരിക്കുകയും ചെയ്യുന്ന പ്രക്രിയ. ചൂടാക്കിയ ശേഷം ശീതീകരിക്കുന്നതിനാല്‍ ഹാനികരമായ ബാക്ടീരിയകള്‍ നശിക്കുകയും നല്ല ബാക്ടീരിയകള്‍ മയക്കത്തിലായിരിക്കുകയും ചെയ്യും. സാധാരണ വില്പനയ്ക്ക് എടുക്കുന്നത് പാസ്റ്ററൈസേഷൻ ചെയ്ത് സൂക്ഷിച്ച പാൽ ആണ്.

വിവിധ ഉപഭോക്താക്കൾ പാല്‍ വാങ്ങി വിവിധ താപ അന്തരീക്ഷങ്ങളിലാണ് സൂക്ഷിക്കുന്നത്. ഫ്രീസറിൽ സൂക്ഷിക്കുന്നവർ ഉണ്ടാകും, ഫ്രിഡ്ജിന്‍റെ താഴെയുള്ള തട്ടിൽ സൂക്ഷിക്കുന്നവര്‍ ഉണ്ടാകും, വെറുതെ വെള്ളത്തിൽ മാത്രം വെച്ച് സൂക്ഷിക്കുന്നവർ ഉണ്ടാകും. മില്‍മ പാലിന്‍റെ ഷെല്‍ഫ് ലൈഫിനെ കുറിച്ച് പറയുകയാണെങ്കില്‍ ഏറ്റവും ശീതീകരിച്ച അന്തരീക്ഷത്തില്‍ പാസ്റ്ററൈസ് ചെയ്ത മില്‍മ പാലിന്‍റെ കവറിന് 10-12 ദിവസം വരെ കേടുകൂടാതെ ഇരിക്കാന്‍ പറ്റും. എന്നാല്‍ ഇത് ഞങ്ങള്‍ക്ക് ഉപഭോക്താക്കളോട് പറയാന്‍ പറ്റില്ല. കാരണം പലരും പല താപാന്തരീക്ഷത്തിലാണ് പാല്‍ സൂക്ഷിക്കുന്നത്. 10-12 ദിവസം കഴിഞ്ഞ് പാല്‍ തിളപ്പിച്ചാല്‍ ഗന്ധവും ഘടനയും തീര്‍ച്ചയായും മാറിയിട്ടുണ്ടാകും. നിങ്ങള്‍ ഇറച്ചിയോ മീനോ അല്ലെങ്കില്‍ പച്ചക്കറിയോ റെഫ്രിജറേറ്ററില്‍ വച്ചശേഷം ഇപയോഗിച്ച് നോക്കൂ, തീര്‍ച്ചയായും അതിന്‍റെ രുചിയിലും മണത്തിലും വ്യത്യാസം വന്നിട്ടുണ്ടാകും.

രാസവസ്തുക്കള്‍ ചേര്‍ക്കുന്നു എന്ന വാദത്തെ കുറിച്ച് പറയുകയാണെങ്കില്‍, മില്‍മ ഒരു സര്‍ക്കാര്‍ സംരംഭമാണ്. രാസവസ്തുക്കള്‍ ചേര്‍ത്ത് ഉല്‍പ്പന്നങ്ങളുടെ ലൈഫ് വര്‍ദ്ധിപ്പിച്ച് ലാഭമെടുക്കേണ്ട കാര്യമില്ല. സ്വകാര്യ കമ്പനികളുടെ കേസില്‍ സാധ്യത ഉണ്ടായേക്കാം. മില്‍മയില്‍ ഇത്തരം പ്രാക്ടീസ് ഇല്ല. യാതൊരു രാസവസ്തുക്കളും പാലിൽ ചേർക്കുന്നില്ല. മിൽമ നിരവധി ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ് പാൽ ശേഖരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും അതതു സംസ്ഥാന സര്‍ക്കാരിന്‍റെ മിൽമ പോലുള്ള സംരംഭങ്ങൾ ഉണ്ട്. കറന്നെടുത്ത പശുവിന്‍റെ പാൽ അങ്ങനെ തന്നെ മിൽമ പാക്ക് ചെയ്യുന്നില്ല. അണുവിമുക്തമാക്കി, ഒരു പരിധി വരെ കൊഴുപ്പ് നീക്കം ചെയ്ത് ഹോമോജനൈസ് ചെയ്താണ് പാല്‍ വിപണിയില്‍ എത്തിക്കുന്നത്. മില്‍മ പോലൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ രഹസ്യമായി കെമിക്കല്‍ വാങ്ങി പാലില്‍ ചേര്‍ക്കാന്‍ ആര്‍ക്കുമാവില്ല. മില്‍മ പ്ലാന്‍റിലെ നടപടിക്രമങ്ങള്‍ എല്ലാം സുതാര്യമാണ്.

ആരോപണം ഉന്നയിച്ച വ്യക്തി ഇങ്ങോട്ട് വിളിച്ചപ്പോള്‍ ഇക്കാര്യമെല്ലാം വിശദമായി ഞങ്ങള്‍ പറഞ്ഞതാണ്. ഒരേയൊരു പാക്കറ്റ് പാലിനെ കുറിച്ച് മാത്രമാണ് അവര്‍ പറയുന്നത്. സാധാരണ താപനിലയില്‍ പാല്‍ സൂക്ഷിച്ചു കഴിഞ്ഞാല്‍ അത് 24 മണിക്കൂറില്‍ കൂടുതല്‍ നേരല്‍ കാലാവധിയുണ്ടാകില്ല. എഫ്‌എസ്‌എസ്‌എ‌ഐ അംഗീകാരമുള്ള ഉല്‍പ്പന്നങ്ങളാണ് ഞങ്ങള്‍ വിപണനം ചെയ്യുന്നത്.മില്‍മ പാലിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണം നടത്തുകയാണ്.”

തുടര്‍ന്ന് ഞങ്ങള്‍ ഐ‌എഫ്‌എസ്‌എസ്‌എ‌ഐയുടെ തിരുവനന്തപുരം സെന്‍ററിനെ സമീപിച്ചു. കൃത്യമായ ഇടവേളകളില്‍ ഐ‌എഫ്‌എസ്‌എസ്‌എ‌ഐ അംഗീകൃത ലാബുകളില്‍ പരിശോധന നടത്തി ഗുണനിലവാരം ബോധ്യപ്പെട്ടശേഷമാണ് പാലിന് വിപണനത്തിനുള്ള അംഗീകാരം നല്‍കുന്നതെന്നും മില്‍മ പാലില്‍ ഇതുവരെ ദോഷകരമായ കെമിക്കലുകളോ മറ്റ് ഘടകങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഓഫീസില്‍ നിന്നും വ്യക്തമാക്കി.

ഗവൺമെന്‍റ് നിയമപ്രകാരം ഓരോ പാൽ സാമ്പിളിലും ഇത്ര SNF (പാലിലെ കൊഴുപ്പിതര പോഷകം) ഉണ്ടാകണം. മഴക്കാലത്ത് പാൽ ഉൽപാദനം കൂടുതലായിരിക്കും. വേനൽക്കാലത്ത് പാല്‍ കുറവുമായിരിക്കും. മഴക്കാലത്തുള്ള അധിക ഉൽപാദനം വരുന്ന പാൽ പൊടിയായി സൂക്ഷിക്കുന്നു. എല്ലാദിവസവും പാക്ക് ചെയ്യുന്നതിന് മുന്നേ സ്റ്റാൻഡേർഡ്സ് ചെയ്യാൻ പാൽ പരിശോധിക്കുകയും SNF ക്രമീകരിക്കാൻ ആവശ്യമുണ്ടെങ്കിൽ പാൽപ്പൊടി ചേർക്കുകയും ചെയ്യുന്നു. പൂര്‍ണ്ണ വൃത്തിയും ശുചിത്വവും പാക്കിങ്ങിൽ ശ്രദ്ധിക്കുന്നുണ്ട്.

ഉയര്‍ന്ന ശീതനിലയില്‍ സൂക്ഷിച്ചതിനാലാണ് 10 ദിവസം കഴിഞ്ഞിട്ടും മില്‍മ പാല്‍ കേടാകാത്തിരുന്നത് എന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മില്‍മ പാല്‍ പത്തു ദിവസത്തിന് ശേഷം കേടാകാതിരുന്നത് ഉയര്‍ന്ന ശീതനിലയില്‍ റെഫ്രിജറേറ്ററില്‍ തന്നെ സൂക്ഷിച്ചതിനാലാണ്. മില്‍മ പാലില്‍ ഹാനികരമായ കെമിക്കലുകള്‍ ചേര്‍ത്ത് കാലാവധി വര്‍ദ്ധിപ്പിക്കുന്നു എന്നത് പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മില്‍മയുടെ ഫാക്ടറി കാര്യക്രമങ്ങള്‍ സുതാര്യവും ആര്‍ക്കും പരിശോധിക്കാവുന്നതുമാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മില്‍മ പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ...

Written By: Vasuki S

Result: False