കെഎസ്ഇബി നിരക്കിനേക്കാള്‍ ലാഭകരം അദാനിയുടെ വൈദ്യുതിയാണോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

100 യൂണിറ്റ് വരെ കെഎസ്ഇബി 4.15 രൂപ, അദാനി 3.15 രൂപ 101 മുതൽ 150 യൂണിറ്റ് വരെ കെഎസ്ഇബി 5.40 രൂപ, അദാനി 5.25 രൂപ 51 മുതൽ 200 യൂണിറ്റ് വരെ കെഎസ്ഇബി 7.10 രൂപ, അദാനി 5.40 രൂപ 201 മുതൽ 250 യൂണിറ്റ് വരെ കെഎസ്ഇബി 8.35 രൂപ, അദാനി 5.40 രൂപ.. എന്ന പേരില്‍ കെഎസ്ഇബി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച ശേഷമുള്ള പട്ടിക എന്ന തരത്തില്‍ അദാനിയുടെ നിരക്കുമായി താരതമ്യം ചെയ്യുന്ന ഒരു പട്ടിക സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. കെഎസ്ഇബി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കണമെന്നും ആവശ്യപ്പെട്ടുള്ള കമന്‍റുകളാണ് പോസ്റ്റിന് വരുന്നത്.

കണ്ണുള്ള മലയാളികൾ ഇനിയും കണ്ണടച്ചിരുട്ടാക്കരുത്… എന്ന തലക്കെട്ട് നല്‍കി അ‍ഡ്വ. ജയസൂര്യന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് അദാനിയുടെ വൈദ്യുതി നിരക്കിനേക്കാള്‍ കൂടുതലാണോ? വസ്‌തുത അറിയാം..

വസ്‌തുത അറിയാം

അദാനി ഇലക്ട്രിസിറ്റി എന്ന അവരുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചതില്‍ നിന്നും ബില്‍ കാല്‍കുലേറ്ററില്‍ നിന്നും താരിഫ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായി. എനർജി ചാർജിൽ അദാനി പവറിൻ്റെ താരിഫിൽ നേരിയ കുറവുണ്ട്. പ്രതിമാസം ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപ, അടുത്ത 200 യൂണിറ്റിന് 5.40 രൂപ എന്നിങ്ങനെയാണ്  അദാനിയുടെ താരിഫ്.  കേരളത്തിലാകട്ടെ ആദ്യത്തെ 50 യൂണിറ്റിന് 3.30 രൂപ, അടുത്ത 50 യൂണിറ്റിന് 4.15 , അടുത്ത 50 യൂണിറ്റിന് 5.25 രൂപ , തുടർന്ന് 50 വീതമുള്ള സ്ളാബുകൾക്ക് 7.10 , 8.35 രൂപ എന്ന ക്രമത്തിലാണ് എനർജി ചാർജ്. 

പക്ഷേ യൂണിറ്റൊന്നിന് 2.60 രൂപ ക്രമത്തിൽ വീലിങ്ങ് ചാർജ് കൂടി നൽകണം. അതുകൂടി ചേരുമ്പോൾ ആദ്യത്തെ 100 യൂണിറ്റിന് 5.75 രൂപ, തുടർന്നുള്ള 200 യൂണിറ്റിന് 8.00 രൂപ എന്നിങ്ങനെ വരും എനർജി ചാർജ്. ഇതിനു പുറമേ ഫിക്സഡ് ചാർജ് കൂടി നൽകണം. ഏറ്റവും കുറഞ്ഞ ഫിക്സഡ് ചാർജ് പ്രതിമാസം 90 രൂപയാണ് . കേരളത്തിലാകട്ടെ 45 രൂപയാണ് കുറഞ്ഞ ഫിക്സഡ് ചാർജ്.

കെഎസ്ഇബിയുടെ പ്രചരണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അദാനിയുടെ വൈദ്യുതി നിരക്കും കെഎസ്ഇബിയുടെ നിരക്കും താരതമ്യം ചെയ്താണ് ഫെയ്‌സ്ബുക്കിലൂടെ കെഎസ്ഇബി പ്രതികരണം പങ്കുവെച്ചിരിക്കുന്നത്. കെഎസ്ഇബി ബില്‍ കാല്‍കുലേറ്റര്‍ പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. 

കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് –

Facebook Post 

നിഗമനം

കെഎസ്ഇബിയുടെും അദാനിയുടെയും ബില്‍ കണക്കാക്കുന്നത് രണ്ട് രീതിയിലാണ്. അതുകൊണ്ട് തന്നെ ഇത് തമ്മില്‍ താരതമ്യം ചെയ്ത് കെഎസ്ഇബി നിരക്ക് അധികമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കെഎസ്ഇബി നിരക്കിനേക്കാള്‍ ലാഭകരം അദാനിയുടെ വൈദ്യുതിയാണോ? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Misleading