
വിവരണം
ചാരം പ്ലാസ്ടിക് കണ്ടൈനറിലാക്കി വില്‍ക്കുന്നു എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചാരം വരെ വിറ്റ് കാശുണ്ടാക്കിയാണ് കോർപ്പറേറ്റുകൾ…. അതും ഈ ചെറിയൊരു ഡപ്പ 60 രൂപ… പുതിയ ബിസിനസ് ഐഡിയസ് കണ്ടുപിടിക്കാൻ നമ്മൾ മെനക്കെടുന്നില്ല പക്ഷേ കോർപ്പറേറ്റുകൾ നന്നായി മെനക്കെടുന്നുണ്ട്… അതുകൊണ്ടുതന്നെ നമ്മൾ വെറുതെ കളയുന്നത് അവർ കോടികൾ ഉണ്ടാക്കുന്ന മുതലായി മാറ്റും… എന്ന തലക്കെട്ട് നല്‍കി കൊല്ലം വാര്‍ത്തകള്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ചാരം വില്‍പ്പനയ്ക്ക് വിപണയില്‍ എത്തിച്ചതാണോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം തായി സോപ്പ് നിര്‍മ്മാണ കമ്പനിയാണ് ഡോക്‌ടര്‍ വാഷ് എന്ന ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുന്നത്. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, സോപ്പ് പൊടി, ഡിഷ്‌വാഷ് ബാര്‍-ലിക്യുഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇവര്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന് അവരുടെ വെബ്സൈറ്റ് പരിശോധിച്ചതില്‍ നിന്നും വ്യക്തമായി. അതെ സമയം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചാരത്തിന്‍റെ വസ്‌തുത അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ടീം തായിയുടെ കോഴിക്കോട് ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പാത്രം കഴികുന്ന സോപ്പ് ബാര്‍ ആണെന്നും ആക്‌ടീവ് ചാര്‍ക്കോള്‍ അഥവ കരി ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന വൃത്തിയുണ്ടാകുമെന്നതാണ് ഡിഷ് വാഷ് സോപ്പിന്‍റെ പ്രത്യേകതയെന്നും അവര്‍ പറഞ്ഞു. ഡിഷ്‌വാഷ് സോപ്പ് ബാറാണ് ബോക്‌സിലുള്ളതെന്നും ചാരമല്ലായെന്നും ഇത് തെറ്റ്ദ്ധരിപ്പിക്കുന്ന പ്രചരണമാണെന്നും അവര്‍ പ്രതികരിച്ചു.
യൂട്യൂബില്‍ നിന്നും ഡോ. വാഷ് ഡിഷ്‌വാഷ് ബാറിന്‍റെ അണ്‍ബോക്‌സിങ്ങും റിവ്യു വീഡിയോയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ വ്യക്തമായി സോപ്പ് ബാര്‍ കാണാന്‍ സാധിക്കും. ഡ്രീം സോപ്പ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
യൂട്യൂബ് വീഡിയോ –
നിഗമനം
ഡോ. വാഷ് എന്ന ബ്രാന്‍ഡ് വിപണയില്‍ ഇറക്കിയ ആക്‌ടീവ് ചാര്‍ക്കോള്‍ അഥവ കരി അടങ്ങിയ പാത്രം കഴുകുന്ന സോപ്പ് ബാറാണ് യഥാര്‍ത്ഥത്തിലിത്. ചാരമാണ് 60 രൂപ നിരക്കില്‍ വിപണയില്‍ വില്‍ക്കുന്നതെന്ന പ്രചരണം തെറ്റാണ്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ചാരം പ്ലാസ്‌ടിക് ബോക്‌സിലാക്കി ഡോ. വാഷ് വിപണയില്‍ ഇറക്കി എന്ന ഈ പ്രചരണം തെറ്റ്.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
