
വിവരണം
വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായിരുന്നു. എന്നാല്‍ ഇവര്‍ ഹിന്ദു ആദിവാസി യുവാവിനെ ഉപദ്രവിച്ച മുസ്ലീം യുവാക്കളുടെ സംഘമാണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ പ്രചരണം.
വിനോദയാത്ര വന്ന മുസ്ലിം യുവാക്കൾ വയനാടുകാരനായ ആദിവാസി ഹിന്ദു യുവാവിനെ കാറിൽ കെട്ടിവലിച്ചു നടുറോട്ടിലൂടെ വലിച്ചിഴച്ചു .യുവാവിന്റെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. KL52H 8733 മാരുതി സെലറിയോ വാഹനം ഓടിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറം പുല്ലംപ്പാടം വീട്ടിൽ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇന്നലെ പട്ടാപ്പകൽ ഈ ക്രൂരത നടത്തിയത് എന്ന് പറയപ്പെടുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്നു യുവാക്കൾ . പോലീസ് കേസൊതുക്കി തീർക്കാനാണ് ശ്രമിച്ചതത്രെ! പ്രതികളുടെ മതം നോക്കി കേസെടുക്കുന്ന നാടാണോ കേരളം? എന്ന തലക്കെട്ട് നല്‍കി ആര്‍.വി.ബാബു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുസ്ലീം യുവാക്കളുടെ സംഘമാണോ ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ചത്? വസ്‌തുത അറിയാം..
വസ്‌തുത ഇതാണ്
ആദ്യം തന്നെ സംഭവം നടന്ന വയവാട്ടിലെ മാനന്തവാടി പോലീസ് സ്റ്റേഷനുമായി ഫാക്‌ട് ക്രെസെന്‍ഡോ ഫോണില്‍ ബന്ധപ്പെട്ടു. പോലീസിന്‍റെ പ്രതികരണം ഇപ്രകാരമാണ്- ചെക്ക് ഡാം കാണാന്‍ എത്തിയ സംഘത്തിലെ നാലു യുവാക്കളുമായി പ്രദേശവാസികള്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ആദിവാസി യുവാവിന്‍റെ കൈ സംഘം സഞ്ചരിച്ച കാറിന്‍റെ വാതിലില്‍ കുടുങ്ങുകയും കുറെ ദൂരം യുവാവിനെ വലിച്ച് കൊണ്ട് പോകുന്ന സ്ഥിതിയും ഉണ്ടായി. കേസില്‍ ഉള്‍പ്പെട്ട നബീല്‍ കമര്‍, വിഷ്ണു എന്നിവരെ ആദ്യം പിടികൂടി. രണ്ട് പ്രതികള്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഹര്‍ഷിദ് അഭിറാം എന്ന ബാക്കി രണ്ട് പേരെ പിന്നീട് പോലീസ് പിടികൂടി. ഇവരെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡില്‍ പോകുകയും ചെയ്തു. കേസില്‍ ഉള്‍പ്പെട്ടവര്‍ മുസ്ലീം യുവാക്കള്‍ മാത്രമല്ലായെന്നും സംഭവത്തെ വര്‍ഗീയമായി ചിത്രീകരിക്കേണ്ടതില്ലായെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് കാണാം –
നിഗമനം
കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികളില്‍ 2 പേര്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരും 2 പേര്‍ ഹിന്ദു വിഭാഗത്തിലുംപെട്ടവരാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി കഴിഞ്ഞു. മാത്രമല്ലാ സംഭവത്തിന് വര്‍ഗീയമായ യാതൊരു മുഖവുമില്ലായെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:വയനാട് ഹിന്ദു ആദിവാസി യുവാവിനെ കാറില്‍ കെട്ടി വലിച്ചത് മുസ്ലീം യുവാക്കളാണോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading


