വിവരണം

ബീഹാറില്‍ രണ്ട് മാസത്തിനിടയില്‍ നിര്‍മ്മാണത്തിലിരുന്ന 15 പാലങ്ങളാണ് തകര്‍ന്ന് വീണതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ കേരളത്തിലും പൊതുമരാമത്ത് വകുപ്പിന്‍റെ പാലം തകര്‍ന്നു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഷൊര്‍ണൂര്‍ ചെറുതുരുത്തി കൊച്ചിന്‍ പാലം തകര്‍ന്നു എന്നും എങ്ങനെയുണ്ട് എന്‍റെ വകുപ്പ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ചിത്രം സഹിതമാണ് പ്രചരിക്കുന്നത്. ആരതി ജി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് -

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നിര്‍മ്മിച്ച പാലം തകര്‍ന്ന് വീണ ചിത്രമാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലേഖനം കണ്ടെത്താന്‍ കഴിഞ്ഞു. ഈ ലേഖനത്തിലെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്-

തിരുക്കൊച്ചിയെയും മലബാറിനെയും ബന്ധപ്പിച്ചിരുന്ന പാലം നിര്‍മ്മിച്ചത് 1902ലാണ്. കൊച്ചിയെയും ഷൊര്‍ണൂരിനെയും ബന്ധപിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ ഈ പാലം കൊച്ചി മഹാരാജാവ് ആയിരുന്ന രാമവര്‍മ്മയാണ് സാധ്യമാക്കിയത്. 1902 ജൂണ്‍ രണ്ടിന് ആദ്യ ചരക്ക് വാഹനം ഈ പാലത്തിലൂടെ കടന്ന് പോയി. പിന്നീട് യാത്ര വാഹനവും കടന്ന് പോയി. ഒരു നൂറ്റാണ്ടിലേറെ വാഹനങ്ങള്‍ കടന്ന് പോയ ഈ പാലം 2011 നവംബര്‍ ഒന്നിന് തകര്‍ന്ന് വീഴുകയായിരുന്നു. പാലം പൊളിച്ച് നീക്കാന്‍ ശ്രമം പിന്നീട് നടന്നെങ്കിലും നാട്ടുകാരും പുരാവസ്തു വകുപ്പും എതിര്‍ക്കുകയായിരുന്നു.

അതായത് മന്ത്രി മുഹമ്മദ് റിയാസോ പൊതുമരമാത്ത് വകുപ്പിനോ ഈ പാലവും ഇതിന്‍റെ തകര്‍ച്ചുമായി യാതൊരു ബന്ധവുമില്ലായെന്ന് ഇതോടെ വ്യക്തമാണ്.

മാതൃഭൂമി വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

Mathrubhumi Article

നിഗമനം

1902ല്‍ നിര്‍മ്മിച്ച പാലമാണ് കൊച്ചിന്‍ പാലം. അതായത് 122 വര്‍ഷം മുന്‍പ് കൊച്ചി മഹാരാജാവ് ആയിരുന്ന രാമവര്‍മ്മയാണ് പാലം നിര്‍മ്മാണത്തിന് മുന്‍കൈ എടുത്ത് ഇത് പൂര്‍ത്തീകരിച്ചത്. കാലപ്പഴക്കം മൂലം 2011ലാണ് പാലം തകര്‍ന്ന് വീണത്. ഇതിന് മന്ത്രി മുഹമ്മദ് റിയാസോ പൊതുമരാമത്ത് വകുപ്പോ ആയിട്ട് യാതൊരു ബന്ധവുമില്ലാ.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കൊച്ചിന്‍ പാലം തകര്‍ന്ന് വീണത് പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ മൂലമാണോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading