വിവരണം

മകന്‍ ശബരിമലയ്ക്ക് പോയി അച്ഛനെ സിഐടിയു സസ്പെന്‍ഡ് ചെയ്തു എന്ന തലക്കെട്ടുള്ള ഒരു പത്രവാര്‍ത്തയുടെ ചിത്രവും ഒപ്പം കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ ചിത്രവും ചേര്‍ത്ത് ഇതുപോലെ കോടിയേരി ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് നട്ടെല്ലുണ്ടോ സൈബര്‍ വെട്ടിക്കിളികളെ എന്ന ചോദ്യം ഉയര്‍ത്തി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ റൗഫ് വെളിയങ്കോട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 123ല്‍ അധികം ഷെയറുകളും 163ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ മകന്‍ ശബരിമല ദര്‍ശനം നടത്തി എന്ന കാരണത്താലാണോ അച്ഛനെ സിഐടിയുവില്‍ നിന്നും സസ്പെന്‍ഡ് ചെയ്‌തത്? ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന പത്രവാര്‍ത്തയില്‍ വ്യക്തമാക്കിയിരിക്കുന്ന കാരണം അതാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പത്രവാര്‍ത്ത പരിശോധിച്ചപ്പോള്‍ പാലക്കാട് കഞ്ചിക്കോട് മായപ്പള്ളം ലക്ഷം വീട് കോളനിയില്‍ മണിയെന്ന സിഐടിയു പ്രവര്‍ത്തകനും ചുമട്ടുതൊഴിലാളിയുമായ ആളെയാണ് സസ്‌പെന്‍ഡ‍് ചെയ്തതാതായി അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ 39 വര്‍ഷമായി സിഐടിയു പുതുശേരി യൂണിറ്റ് അംഗമായ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു എന്നതാണ് വാര്‍ത്തയുടെ ആദ്യത്തെ പാരഗ്രാഫില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രണ്ടാമത്തെ പാരഗ്രാഫ് മുതല്‍ എന്തുകൊണ്ട് പുറത്താക്കിയെന്ന് വ്യക്തമായി വിശദീകരിച്ചിട്ടുമുണ്ട്. ആ വിശദീകരണത്തിന് വിരുദ്ധമായിട്ടാണ് വാര്‍ത്തയുടെ തലക്കെട്ട് നല്‍കിയിരിക്കുന്നതെന്നതാണ് വാസ്‌തവം. അതായത് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ അക്രമം അഴിച്ചുവിട്ടവരുടെ കൂട്ടത്തിലുള്ള പ്രതിചേര്‍ക്കപ്പെട്ടയാളാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട മണിയുടെ മകന്‍ അനീഷ്. നിലയ്ക്കലില്‍ നടന്ന അക്രമണങ്ങളില്‍ പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലും അനീഷിന്‍റെ ചിത്രം ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഇതിന്‍റെ പേരില്‍ അനീഷിനെ വീട് വളഞ്ഞു അര്‍ദ്ധരാത്രിയില്‍ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. മകന്‍റെ ഇത്തരം പ്രവര്‍ത്തിയിലാണ് സിഐടിയു അച്ഛനെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ വസ്‌തുതകള്‍ മറച്ചുവെച്ച് തെറ്റദ്ധരിപ്പിക്കും വിധമാണ് വാര്‍ത്തയുടെ തലക്കെട്ട് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ മകന്‍ ദര്‍ശനം നടത്തിയ പേരില്‍ സിഐടിയു പ്രവര്‍ത്തകനായ അച്ഛനെ പുറത്താക്കി എന്ന് തോന്നിക്കും വിധമാണ് ഈ വാര്‍ത്ത. അതെ തലക്കെട്ട് ചോദ്യമാക്കിയാണ് ബിനോയ് കോടിയെരി ശബരിമല സന്ദര്‍ശനം നടത്തിയിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നടപടി സ്വീകരിക്കാത്തതെന്ന തരത്തില്‍ പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്.

നിഗമനം

ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടതിന്‍റെ പേരിലാണ് അച്ഛനെതിരെ സിഐടിയു നടപടി സ്വീകരിച്ചതെന്ന വസ്‌തുത മറച്ച് വെച്ച് ഭക്തിയുടെ പേരില്‍ സന്ദര്‍ശനം നടത്തിയ ബിനോയ് കോടിയേരിയുടെ ചിത്രം ഉപയോഗിച്ച് തെറ്റദ്ധരിപ്പിക്കും വിധമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്നിരുന്നാലും സിഐടിയു പ്രവര്‍ത്തകനെ പുറത്താക്കി എന്ന വാര്‍ത്ത സത്യമാണ്. എന്നാല്‍ ബിനോയ് കോടിയേരിയുടെ ശബരിമല സന്ദര്‍ശനവും സിഐടിയു പ്രവര്‍ത്തകന്‍റെ മകന്‍റെ പ്രവര്‍ത്തിയും രണ്ട് വിഷയങ്ങളിലായതിനാലും പോസ്റ്റിലെ വിവരങ്ങള്‍ ഭാഗികമായി ശരിയായതിനാല്‍ വസ്തുതകള്‍ സംമിശ്രമാണെന്ന് അുമാനിക്കാം.

Avatar

Title:മകന്‍ ശബരിമല ദര്‍ശനം നടത്തിയതിനാണോ സിഐടിയു പ്രവര്‍ത്തകനായ അച്ഛനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത് ?

Fact Check By: Dewin Carlos

Result: Mixture