വിവരണം

“രാജാവ് സഞ്ചരിച്ച ബസ്..! 1.15 കോടി ഡിപ്പോയിൽ തുരുമ്പെടുത്ത് നശിക്കുന്നു...!തള്ളി മറിച്ചവർ എവിടെ..?” എന്ന തലക്കെട്ട് നല്‍കി നവേകരള സദസിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ബസിനെ കുറിച്ചുള്ള ഒരു വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്ത് നടത്തിയ പ്രശ്നപരിഹാര വേദിയായിരുന്നു നവകേരള സദസ്. ജില്ലകളില്‍ പര്യടനം നടത്തുന്നതിനായി ഭാരത് ബെന്‍സിന്‍റെ പ്രത്യേകം സജ്ജീകരിച്ച ബസ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവാദങ്ങളും ചര്‍ച്ചകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബസ് തിരുവനന്തപുരം പാപ്പനങ്ങോട് കെഎസ്ആര്‍ടിസി ഗാരേജില്‍ ആര്‍ക്കും വേണ്ടതെ കിടന്ന് നശിക്കുകയാണെന്നാണ് പ്രചരണം. ബാംഗളിരൂില്‍ എത്തിച്ച് വിനോദ യാത്രയ്ക്ക് സജ്ജമാകും വിധം മാറ്റം വരുത്തിയിട്ടും മാസങ്ങളായി എന്ത് ചെയ്യുമെന്നറിയാതെ ഗാരേജില്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് മലയാളി വാര്‍ത്ത എന്ന ഓണ്‍ലൈന്‍ മാധ്യമം അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നത്. ഏപ്രില്‍ 19ന് പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ നിരവധി പേര്‍ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്-

Facebook Post Archived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറിയ നവകേരള ബസ് ഉപേക്ഷിച്ചിരിക്കുകയാണോ? പുതിയ സര്‍വീസ് ക്രമീകരിക്കാന്‍ സാധിച്ചിട്ടില്ലേ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

നവകേരള ബസ് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 24 ന്യൂസ് ഏപ്രില്‍ 19ന് നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. അതായത് മലയാളി വാര്‍ത്ത നവകേരള ബസ് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് തുരുമ്പെടുത്ത് പോകുന്നു എന്ന വാര്‍ത്ത നല്‍കിയ അതെ ദിവസമാണ് 24 ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നവകേരള ബസ് കോണ്‍ട്രാക്‌ട് ക്യാരേജ് പെര്‍മിറ്റില്‍ നിന്നും സ്റ്റേജ് ക്യാരേജ് പെര്‍മിറ്റിലേക്ക് മാറ്റിയെന്നും ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് ഉടന്‍ യാത്ര ചെയ്യാമെന്നുമാണ് വാര്‍ത്ത. ബാഗ്ലൂരില്‍ പ്രകാശ് കോച്ച് ഫാക്‌ടറിയില്‍ എത്തിച്ച് ആവശ്യമായ മാറ്റം വരുത്തിയ ശേഷമാണ് ബസ് തിരുവനന്തപുരത്ത് എത്തിച്ചത്. സീറ്റുകള്‍ പുനക്രമീകരിക്കുകയും മുന്‍പിലെ മുഖ്യമന്ത്രിക്കായി സജ്ജീകരിച്ച 50,000 ചിലവിട്ട് നിര്‍മ്മിച്ച സീറ്റിന് പകരം രണ്ട് പേര്‍ക്ക് ഇരിക്കാന്‍ പാകത്തിനുള്ള സീറ്റും ഒരുക്കിയിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രി മാറിയതിനെ തുടര്‍ന്നുള്ള കാലതാമസമാണ് ബസ് സര്‍വീസ് നിശ്ചിയിക്കുന്നത് വൈകിയതെന്നാണ് വാര്‍ത്തയുടെ ഉള്ളടകം.

24 ന്യൂസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

24 News Report Archived Article

ഇതിന് തൊട്ടുപിന്നാലെ ഏപ്രില്‍ 20ന് നവകേരള ബസിന്‍റെ റൂട്ട് നിശ്ചയിച്ചു എന്ന വാര്‍ത്തയും സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട്-ബാഗ്ലൂര്‍ റൂട്ടിലാണ് നവകേരള ബസ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. 45 സീറ്റുകളാണ് ബസില്‍ സജ്ജീകരിച്ചിരിക്കുന്നത്, നേരത്തെ ഉണ്ടായിരുന്ന ഹൈഡ്രോളിക് ലിഫ്റ്റ്, ശുചിമുറി, വാഷ്ബേസിന് എന്നിവ നിലനിര്‍ത്തിയാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്.

ദേശാഭിമാനി വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Deshabhimani Online

ബസ് സര്‍വീസ് ആരംഭിക്കുന്നതിനെ കുറിച്ചും വാര്‍ത്തകള്‍ സ്ഥരീകരിക്കുന്നതിനും ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ജി.പി.പ്രദീപ് കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും ബസ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

നവകേരള സദസിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ ആഡംബര ബസ് ഉപേക്ഷിച്ചെന്നും തുരുമ്പ് പിടിച്ച് പാപ്പനങ്ങോട് കെഎസ്ആര്‍ടിസി ഗാരേജില്‍ കിടക്കുകയാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:നവകേരള ബസ് സര്‍ക്കാര്‍ ഉപേക്ഷിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading