വിവരണം

ഓള്‍ ഇന്ത്യാ പെര്‍മിറ്റ് കോണ്‍ട്രാക്ട് ക്യാര്യേജ് വിഭാഗത്തില്‍ ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന റോബിന്‍ എന്ന ബസുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളാണ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും മുഖ്യധാരമാധ്യമങ്ങളിലും എല്ലാം നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നിയമലംഘനം ചൂണ്ടിക്കാണിച്ച് ബസിന്‍റെ പെര്‍മിറ്റ് റദ്ദ് ആക്കാനുള്ള നടപടികള്‍ നിലവില്‍ മോട്ടോര്‍വാഹന വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. നിരവധി തവണ വലിയ സംഖ്യ റോബിന്‍ ബസ് ഉടമയില്‍ നിന്നും മോട്ടോര്‍ വാഹന ഈടാക്കിയിട്ടുണ്ട്. ഇപ്പോള്‍ റോബിന്‍ ബസിനെ പിന്തുണയ്ക്കുന്ന ധാരാളം കൂട്ടായിമകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇതിനിടയിലാണ് റോബിന്‍ ബസിന് വേണ്ടി ധനസമാഹരണം നടത്തുന്ന ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വരൂ കൈകോര്‍ക്കാം റോബിന് വേണ്ടി എന്ന തലക്കെട്ട് നല്‍കി റോബിന്‍ ബസിന്‍റെ ചിത്രവും ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും പ്രചരിക്കുന്നുണ്ട്. കാരിക്കൂട്ടില്‍ ദാസന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ റോബിന്‍ ബസിന് വേണ്ടി ധനസമാഹരണം നടത്തുന്ന ക്യാംപെയിനാണോ സമൂഹമാധ്യമത്തിലൂടെ നടക്കുന്നത്? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

റോബിന്‍ ബസിന് വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റിലെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും അക്കൗണ്ടിന്‍റെ പേര് സിഎംഡിആര്‍ഫ് എന്നാണെന്ന് ശ്രദ്ധയല്‍പ്പെട്ടു. ചീഫ് മിനിസ്റ്റേഴ്‌സ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട് എന്നതിന്‍റെ ചുരുക്കമാണ് സിഎംഡിആര്‍എഫ് എന്നത്. സിഎംഡിആര്‍ഫ് കേരള എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും സംസ്ഥാന സര്‍കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് കണ്ടെത്താന്‍ കഴിഞ്ഞു. അതായത് റോബിന്‍ ബസിന് വേണ്ടിയുള്ള ധനസമാഹരണം എന്ന പേരില്‍ പ്രചരിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അക്കൗണ്ട് വിവരങ്ങളാണ്.

സിഎംഡിആര്‍എഫ് അക്കൗണ്ട് വിവരങ്ങള്‍ (സ്ക്രീന്‍ഷോട്ട്)-

CMDRF Kerala Website

നിഗമനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങളാണ് റോബിന്‍ ബസിന് വേണ്ടിയുള്ള ധനസമാഹരണം എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഈ ധനസമാഹരണം റോബിന്‍ ബസിന് വേണ്ടിയുള്ളതല്ലാ.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading