വിവരണം

ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആലപ്പുഴ-കൊല്ലം അതിര്‍ത്തിയില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നക്കുന്നത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കരുനാഗപ്പള്ളി. ഇവിടെ ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതി‍ച്ച ഒരു ഫാ‌സ്റ്റ് ഫുഡ് കട ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിച്ചു തകര്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ശോഭ സൂരേന്ദ്രന്‍റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്‍റെ ഹോട്ടൽ തല്ലിപൊളിച്ചു .അവരെ ക്രൂരമായി തല്ലുന്നു. കരുനാഗപ്പള്ളിയിലെ രംഗം. എന്ന തലക്കെട്ട് നല്‍കി വാട്‌സാപ്പില്‍ വ്യാപകമായി വീഡിയോ പ്രചരിക്കുന്നുണ്ട് -

ഫെയ്‌സ്ബുക്കിലും ഇതെ വീ‍ഡിയോ പ്രചരിക്കുന്നുണ്ട്. സാബു വര്‍ഗീസ്.കെ എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ നിന്നും പങ്കുവെച്ച വീഡിയോ ഇതാണ്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിനാണോ ഹോട്ടല്‍ ഉടമയെ അക്രമി സംഘം മര്‍ദ്ദിച്ചത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കരുനാഗപ്പള്ളി, ഹോട്ടല്‍ എന്ന കീ വേര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നും വിഷയവുമായി ബന്ധപ്പെട്ട് മുഖ്യധാര മാധ്യമങ്ങള്‍ പങ്കുവെച്ച വാര്‍ത്ത ഞങ്ങള്‍ കണ്ടെത്തി പരിശോധിച്ചു. ജനം ടിവി ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയിലെ വിവരങ്ങള്‍ ഇപ്രകാരമാണ്. ആവശ്യപ്പെട്ട ഭക്ഷണം തീര്‍ന്നു പോയതിന് ഹോട്ടല്‍ അടിച്ച് തകര്‍ത്തു എന്നതാണ് ആക്രമണത്തിന് പിന്നിലെ കാരണം. കരുനാഗപ്പള്ളി ആലുമുക്ക് എന്ന സ്ഥലത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ നാലംഗം സംഘം കടയുടമയെയും കഴിക്കാന്‍ എത്തിയവരെയും ക്രൂരമായി മര്‍ദ്ദിക്കുകയും പ്രദേശത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് വാര്‍ത്ത. ജനം ടിവി വാര്‍ത്തയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത വീഡിയോ കാണാം-

Reporter News

കരുനാഗപ്പള്ളി പോലീസുമായി ഫാക്‌ട് ക്രെസെന്‍‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അന്വേഷിച്ചു. സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അക്രമം നടന്ന പ്രദേശത്ത് നിന്നും പ്രതികളില്‍ ഒരാളുടെ വാഹനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതികള്‍ നിലവില്‍ ഒളിവിലാണെങ്കിലും ഉടന്‍ പിടികൂടും. കടയിലെത്തി ഓംലെറ്റ് ചോദിച്ചപ്പോള്‍ കുറച്ച് വൈകുമെന്ന് പറഞ്ഞതാണ് ഇവര്‍ പ്രകോപിതരാകാന്‍ കാരണമെന്നും നിലവില്‍ രാഷ്ട്രീയപരമായി ലക്ഷ്യങ്ങളൊന്നും ഉള്ളതായി പരാതിയിലും പറയുന്നില്ലായെന്നും പോലീസ് വ്യക്തമാക്കി.

നിഗമനം

ഭക്ഷണം ലഭിച്ചില്ലാ എന്ന കാരണത്താല്‍ ഫാസ്റ്റ് ഫുഡ് കട അടിച്ച് തകര്‍ത്ത സംഭവത്തിന്‍റെ വീഡിയോയാണ് ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിനെന്ന പേരില്‍ നടന്ന മര്‍ദ്ദനമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading