ബാറ്ററി കേസിനുള്ളില്‍ വിദേശ മദ്യം പിടികൂടിയത് കേരളത്തിലാണോ? വസ്‌തുത അറിയാം..

Misleading സാമൂഹികം

വിവരണം

ബാറ്ററി കേസുകളില്‍ ഒളിപ്പിച്ച നിലയില്‍ വിദേശ മദ്യം പിടികൂടിയ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ ബാറ്ററികളുടെ അറകളില്‍ ഒളിപ്പിച്ച നിലയില്‍ നിരവധി മദ്യക്കുപ്പിക്കളാണ് ഇത്തരത്തില്‍ പിടികൂടുന്നതായി കാണാന്‍ കഴിയുന്നത്. മദ്യം കടത്തിയ പ്രതിയോടൊപ്പം പോലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണാം. കേരളത്തില്‍ നിന്നും പിടികൂടിയ വ്യാജമദ്യമാണിതെന്ന തരത്തിലാണ് പ്രചരണം. മലയാളത്തില്‍ വാര്‍ത്തയെ വിശദീകരിക്കുന്നു എന്ന തരത്തിലുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് കാണാം.. തെളിഞ്ഞ ദൃശ്യങ്ങളില്‍ കാണാം.. റിപ്പോര്‍ട്ടറിന്‍റെ വീഡിയോ ജേര്‍ണലിസ്റ്റ് പകര്‍ത്തുന്ന മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ട് ഇരിക്കുന്നത്.. സാധാരണ പൂരത്തിനാണ് തെച്ചിക്കൊട്ട്കാവ് രാമചന്ദ്രന്‍ വരാന്‍ കാത്തിരുന്നതെങ്കില്‍ ഇന്ന് കടലിലെ തെച്ചിക്കോട്ട് രാമചന്ദ്രന്‍ ആയിട്ടാണ് സാന്‍ ഫെര്‍ണാണ്ടോയുടെ വരവ്.. എന്ന് റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകരനും അവതാരകനുമായ അരുണ്‍ കുമാറിന്‍റെ വിവരണം ഉള്‍പ്പടെയാണ് വീഡിയോ പ്രചരിക്കുന്നത്. സാലിഹ് പിഎംഎസ് പിഡിഐ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോ 2 മില്യണില്‍ അധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത് –

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നിന്നും വ്യാജ മദ്യം പിടികൂടിയ വാര്‍ത്തയാണോ ഇത്? റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ വോയിസ് ഓവറാണോ വീഡിയോയില്‍ കേള്‍ക്കുന്നത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും 2025 ഫെബ്രുവരി 19ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. പ്രീമിയം വിദേശ മദ്യം ബാറ്ററി കേസിങ്ങില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. 2.94 ലക്ഷം രൂപ വില വരുന്ന 180 കുപ്പി മദ്യമാണ് ഇത്തരത്തില്‍ പിടികൂടിയത്. എന്നാല്‍ സംഭവം നടന്നത് കേരളത്തില്‍ അല്ലായെന്നതാണ് വസ്‌തുത. 

ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലെ പ്രേം ദര്‍വാജാ എന്ന വെയര്‍ഹൗസില്‍ എത്തിച്ച് രാജ്കോട്ടിലേക്ക് കടത്താന്‍ ശ്രമിക്കുമ്പോഴാണ് ബാറ്ററിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മദ്യക്കുപ്പികള്‍ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. രാജ്‌പാല്‍ സിങ് റാത്തോട് എന്ന യുവാവിനെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടിയ ശേഷമുള്ള ചിത്രവും അഹമ്മദാബാദ് മിറര്‍ വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്.

അഹമ്മദാബാദ് മിറര്‍ നല്‍കിയ വാര്‍ത്ത –

Ahmdabad Mirror News 

അഹമ്മദാബാദ് ലൈവ് ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലും സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട് –

അതെ സമയം റിപ്പോര്‍ട്ടര്‍ ലൈവിന്‍റെ വെബ് ഡെസ്കുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയിലെ വോയിസ് ഓവറിനെ കുറിച്ച് അന്വേഷിച്ചു. 2024 ജൂലൈ 11ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയെ കുറിച്ചുള്ള വാര്‍ത്തയെ കുറിച്ചാണ് അരുണ്‍ കുമാര്‍ വിശദീകരിക്കുന്നതെന്നും വീഡിയോയും വോയിസ് ഓവറുമായി എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും അവര്‍ പ്രതികരിച്ചു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ബാറ്ററി കേസിനുള്ളില്‍ വിദേശ മദ്യം പിടികൂടിയത് കേരളത്തിലാണോ? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Misleading